Saturday, September 14, 2019

സെപ്‌റ്റംബർ 16-ഓസോൺ ദിനാചരണം

September 16 ഓസോൺ ദിനം ഇതിനോടനുബന്ധിച്ച് സ്കൂളിൽ നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ വീഡിയോയും ഒപ്പം ചോദ്യോത്തരങ്ങളുടെ pdf എന്നിവ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ നസീർ സാർ. School Media Channel. ക്വിസ് തയ്യാറാക്കിയ ശ്രീ അബ്ദു നസീർ  GUPS Klari Edarikode നു എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.



OZONE DAY QUIZ

സെപ്‌റ്റംബർ 16-ഓസോൺ ദിനാചരണം
ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്‌റ്റംബർ 16നാണ് ഓസോൺ ദിനാചരണം. ഹാനികരമായ അൾട്രാവയലറ്റ് രശ്‌മികളിൽനിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകക്കുടയാണ് ഓസോൺ പാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓസോൺ ദിനാചരണം തുടങ്ങിയത്.

ഐക്യരാഷ്‌ട്രസംഘടനയുടെ നേതൃത്വത്തിൽ 1994–ൽ ആദ്യമായി ഓസോൺ ദിനം ആചരിച്ചു. ഓസോൺ സംരക്ഷണപ്രവർത്തനങ്ങളിലെ വഴിത്തിരിവായി മാറിയ 1987–ലെ മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവച്ച ദിവസത്തിന്റെ ഓർമയ്‌ക്കായിട്ടായിരുന്നു ആ ദിവസം തെരഞ്ഞെടുത്തത്. ‘ലോകം ഒത്തുചേർന്ന് ഓസോണും കാലാവസ്ഥയും പുനഃസ്ഥാപിക്കും’ എന്നതാണ് ഇത്തവണത്തെ ഓസോൺ ദിനാചരണത്തിന്റെ മുദ്രാവാക്യം. 1987 മുതലുള്ള ഓസോൺ സംരക്ഷണപ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യാനായിട്ടാണ് അന്നേദിവസം ലോകരാഷ്‌ട്രങ്ങൾ ശ്രദ്ധകൊടുക്കുക.

എന്താണ് ഓസോൺ?
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്ന ഒരു തൻമാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്ന് പറയാം. സൂര്യരശ്‌മികളേറ്റ് ചില ഓക്സിജൻ തൻമാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതക തൻമാത്ര ഉണ്ടാകുന്നത്.
പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോൺ. ഡച്ച് കെമിസ്റ്റായ മാർട്ടിനസ് വാൻ മാറം ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞു. 1785–ൽ അദ്ദേഹം തന്റെ ലബോറട്ടറിയിൽ നടത്തിയ ഒരു ഇലക്‌ട്രിക്കൽ പരീക്ഷണത്തിൽ അവിചാരിതമായി ഓസോൺ കടന്നുവരികയായിരുന്നു. ഏതാണ്ട് 50 വർഷങ്ങൾക്ക് ശേഷം 1839–ൽ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബീൻ എന്ന ശാസ്‌ത്രജ്‌ഞൻ ഈ വാതകത്തെ വേർതിരിച്ചെടുത്ത് ഓസോൺ എന്ന് പേരുനൽകി.
നമ്മുടെ ചുറ്റിലുമുള്ള വായുവിൽ ഓസോണിന്റെ സാന്നിധ്യം ആരോഗ്യത്തിന് വളരെ നല്ലതാണെന്നായിരുന്നു ആദ്യകാലത്ത് ശാസ്‌ത്രജ്‌ഞർ വിചാരിച്ചിരുന്നത്. പിന്നീട് ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഓസോൺ കലർന്ന വായു ശ്വസിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തി. എന്നാൽ അന്തരീക്ഷത്തിലെ മുകൾ പാളിയിലുള്ള ഓസോൺ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഒരു സംരക്ഷണക്കുടയായി പ്രവർത്തിക്കുന്നു.

ഓസോൺ പാളിയെ അറിയാം
അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്‌ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. അതായത് ഭൂമിയിൽനിന്ന് പത്തുമുതൽ 40 വരെ കിലോമീറ്റർ ഉയരത്തിൽ. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താൽ സ്‌ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറെക്കുറേ സ്ഥിരമാണെങ്കിലും ഓരോ വർഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. അന്തരീക്ഷത്തിന്റെ പാളികളെ തുളച്ച് ഭൂമിയിലേക്ക് പതിക്കാൻ കുതിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളെ ഈ ഓസോൺ പാളികൾ തടഞ്ഞുനിർത്തുന്നു. ത്വക്കിലെ കാൻസർ പോലുള്ള മാരകരോഗങ്ങളിൽനിന്നാണ് ഇതുവഴി ഓസോൺ നമ്മളെ രക്ഷിക്കുന്നത്. ഏകദേശം 300 കോടി മെട്രിക് ടൺ ഓസോൺ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട ്. ആകെയുള്ള അന്തരീക്ഷവാതകങ്ങളുടെ ഏതാണ്ട ് 0.00006 ശതമാനം മാത്രം. മൂന്ന് മില്ലീമീറ്റർ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

ഓസോൺ പാളിയിലെ ദ്വാരം
ഒരു പ്രദേശത്ത് ഓസോൺ പാളിക്കുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോൺ പാളിയിലെ ദ്വാരം എന്നതുകൊണ്ട ് അർഥമാക്കുന്നത്. ഓസോൺ പാളിയുടെ കനം ഒരു പരിധിയിൽ കൂടുതൽ താഴെ പോയി ഓസോൺ ആവരണം ദുർബലമാകുമ്പോഴാണ് ഓസോൺ പാളിയിൽ ദ്വാരം വീണു എന്ന് പറയുക. വ്യവസായ വിപ്ലവത്തിന്റെ ഫലമായുണ്ടായ പലതരം രാസവസ്തുക്കളാണ് ഓസോൺ പാളി നശിക്കാൻ കാരണമായത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതിനെക്കുറിച്ച് സൂചന കിട്ടിയിരുന്നെങ്കിലും 1970–കളിൽ നടന്ന ഗവേഷണങ്ങൾ ഈ പ്രശ്‌നത്തിന്റെ വ്യാപ്‌തിയെക്കുറിച്ച് ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തി. വിവിധ ഗവേഷക സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഓസോൺ പാളി നാശത്തിന്റെ പാതയിലാണെന്ന് കണ്ടെത്തി.

ഓസോണിന്റെ അന്തകർ
ഓസോൺ പാളിയുടെ തകർച്ചയ്‌ക്ക് കാരണമാകുന്ന വില്ലൻ വാതകങ്ങളാണ് ക്ലോറോഫ്‌ളൂറോ കാർബണുകൾ. റഫ്രിജറന്റുകൾ അടക്കമുളള പല ഉപകരണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയിൽ പലതും നിരോധിക്കുകയോ ഉപയോഗത്തിൽ കുറവുവരുത്തുകയോ ചെയ്‌തു. ഈ വാതകങ്ങളിൽനിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിൻ തൻമാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്. ഓരോ ക്ലോറിൻ ആറ്റവും അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോൺ തൻമാത്രകളെ വിഘടിപ്പിക്കുമത്രേ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറയ്‌ക്കാതെ മുന്നോട്ടുപോയാൽ മാനവരാശിയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവയ്‌ക്കെതിരേ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്താനും ലോകരാഷ്‌ട്രങ്ങൾ തീരുമാനമെടുക്കുന്നത്. ക്ലോറോഫ്‌ളൂറോ കാർബണുകളെ കൂടാതെ ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബണുകൾ, ഹൈഡ്രോബ്രോമോഫ്‌ളൂറോകാർബണുകൾ എന്നിവയും ഓസോൺ അന്തകരാണ്.


(വിവരങ്ങള്‍ തയ്യാറാക്കിയ ശ്രീ സതീഷ് കല്ലിങ്ങല്‍  സാറിനു എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു)

No comments:

Post a Comment