2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
- EASY TAX 2020 by Sudheer Kumar T K & Rajan N
- ECTAX 2020 Tax Calculator by Babu Vadukkumchery
- Anticipatory Income Tax Statement by Alrahman
- Tax Consultant Unlimited by Saffeque M P
ചിലർക്കെങ്കിലും അല്പമൊന്നു ശ്രദ്ധിച്ചാൽ ടാക്സിൽ വലിയ കുറവ് വരുത്താൻ ഈ വർഷം സാധിക്കും.
ഒരു ഉദാഹരണം നോക്കാം. 80 C കിഴിവുകൾ 1,50,000 കുറച്ച ശേഷം ഒരാളുടെ Taxable Income 5,15,000 ആണെങ്കിൽ അടയ്‌ക്കേണ്ട ടാക്സ് 16,120 രൂപയാണ്. ഇദ്ദേഹം 15,000 രൂപ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം (ചെക്ക് വഴി) അടച്ചാൽ ടാക്സ് നൽകേണ്ടി വരില്ല. ഇതേയാൾ മെഡിക്കൽ ഇൻഷുറൻസ് അടയ്ക്കാതെ 15,000 രൂപ അരിയർ ഫോം 10 E ഉപയോഗിച്ച് 2018-19 വർഷത്തേക്ക് മാറ്റുന്നു എന്ന് കരുതുക. അയാൾക്ക് 2018-19 ലെ Taxable Income 4,80,000 ആയിരുന്നെങ്കിൽ റിലീഫ് 15,340 രൂപ ലഭിക്കുന്നു. Taxable Income 3,50,000 രൂപ ആയിരുന്നെങ്കിൽ 12,740 രൂപ റിലീഫ് ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ടാക്സ് ഉണ്ടാവില്ല എന്ന് കരുതി തവണകളായി കുറച്ചിട്ടില്ലാത്ത ഒരാൾക്ക് Final Statement ൽ 12,500 രൂപ ടാക്സ് വന്നുവെങ്കിൽ അത് അവസാന ശമ്പളത്തിൽ നിന്നും കുറയ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ടാക്സ് പന്ത്രണ്ട് തവണകളായി കുറയ്ക്കാൻ ഇവിടെ DDO വീഴ്ച വരുത്തുന്നു. ഒരു ശമ്പള വരുമാനക്കാരൻ നൽകേണ്ട ടാക്സ് എത്ര ആയിരുന്നാലും അതിന്റെ വിഹിതം ഓരോ മാസവും ശമ്പളത്തിൽ നിന്നും കുറച്ച ശേഷമാണ് DDO ശമ്പളം നൽകേണ്ടത്. 10,000 രൂപയിൽ കൂടുതൽ ടാക്സ് ഉള്ള ഏതൊരാളും Advance Tax അടയ്ക്കുവാനും ബാധ്യസ്ഥനാണ്. ഇതിലും വീഴ്ച വരുന്നു. ഒരു വർഷത്തെ ആകെ ടാക്‌സിന്റെ 15 % ത്തിൽ കുറയാത്ത സംഖ്യ ജൂൺ 15 നു മുമ്പും, 45 % ത്തിൽ കുറയാത്ത സംഖ്യ സെപ്റ്റംബർ 15 നു മുമ്പും 75 % ത്തിൽ കുറയാത്ത സംഖ്യ ഡിസംബർ 15 നു മുമ്പും മുഴുവൻ തുകയും മാർച്ച് 15 നു മുമ്പും അടച്ചിരിക്കണമെന്നു സെക്ഷൻ 211 ൽ പറയുന്നു.

