സ്വന്തം ശബ്ദത്തെ എത്രപേർ കരൂതലോടെ ഉപയോഗിക്കുന്നുണ്ട്? അധ്യാപകരോടാണ് പ്രധാനമായും ഈ ചോദ്യം.ഈ അവധിക്കാലത്ത് നിങ്ങളിൽ പലർക്കും സ്വന്തം ശബ്ദം മെച്ചപ്പെട്ടതാ യി അനുഭവപ്പെട്ടിട്ടുണ്ടോ?
മുൻപ് ഉണ്ടായതുപോലെ ശബ്ദത്തിന് അടപ്പോ കരകരപ്പോ ഇടർച്ചയോ അനുഭവപ്പെട്ടിരുന്നോ?
ശബ്ദപ്രശ്നങ്ങളെ എങ്ങനെ കണ്ടെത്താം?
എങ്ങനെ ആരോഗ്യകരമായി സ്വന്തം ശബ്ദം ഉപയോഗിക്കാം? എന്നതിനെപ്പറ്റി അറിയാം.
ശബ്ദപ്രശ്നങ്ങൾ എന്തൊക്കെ?
- സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം.
- കാറ്റുകയറിയപോലെ യുള്ള ശബ്ദം.
- തൊണ്ടയിലൂടെ തീരേ ശബ്ദം വരാത്ത അവസ്ഥ.
- ശബ്ദത്തിന് തളർച്ച
- ബലംപിടിച്ചതുപോലെ സംസാരിക്കേണ്ടിവരുന്ന അവസ്ഥ.
- ശബ്ദം ഉയർത്താനോ താഴ്ച്ചാനോ പറ്റാത്ത അവസ്ഥ.
- തൊണ്ടയിൽ അസ്വാഭാവികമായി എന്തോ തടയുന്ന അവസ്ഥ.
ജന്മനായുള്ള ചില അപാകങ്ങൾകൊണ്ടോ തല, തൊണ്ട, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടായ ക്ഷതംകൊണ്ടോ ആരോഗ്യകരമല്ലാത്ത രീതിയിൽ ശബ്ദം ഉപയോഗിക്കുന്നതിനാലോ മാനസികാരോഗ്യപ്രശ്നങ്ങൾ വരുന്നതിലൂടെയോ ശബ്ദപ്രശ്നങ്ങൾ ഉണ്ടാകാം.
ക്ലാസ്മുറികളിൽ ശ്രദ്ധിക്കേണ്ടത്
അധ്യാപകരിലുണ്ടാകുന്ന ശബ്ദപ്രശ്നങ്ങളിൽ പല ഘടകങ്ങളും സ്വാധീനിക്കാറുണ്ട്.
ക്ലാസ്മുറിയിലെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.
ബഹളം കുറഞ്ഞതും പൊടിപടലങ്ങൾ ഇല്ലാത്തതുമായ ക്ലാസ്മുറി, നല്ല വായുസഞ്ചാരം എന്നിവ ആവശ്യമാണ്.
ബഹളങ്ങൾ ഒഴിവാക്കുന്നതിലൂടെ അധ്യാപകർക്ക് അവരുടെ ശബ്ദം ഉയർത്താതെ മിതമായ രീതിയിൽ ഉപയോഗിക്കാൻ പറ്റും.
അലർജിപോലുള്ള അവസ്ഥകളിൽനിന്ന് തൊണ്ടയെ സംരക്ഷിക്കാൻ, വൃത്തിയുള്ള ക്ലാസ്മുറി വളരെ അത്യാവശ്യമാണ്.
ദീർഘനേരം തുടർച്ചയായി ക്ലാസെടുക്കുന്നതും പ്രശ്നങ്ങൾ കൂട്ടുന്നു.
ക്ലാസെടുക്കുന്ന രീതി മറ്റൊരു ഘടകമാണ്.
വളരെ ഉച്ചത്തിൽ സംസാരിക്കുകയും കയർത്ത് സംസാരിക്കുകയും ചെയ്യുന്നവരിൽ ശബ്ദപ്രശ്നങ്ങൾ കൂടാം.
കുട്ടികളുമായുള്ള അകലം കൂടുന്നത് മറ്റൊരു കാരണമാണ്. അപ്പോൾ കൂടുതൽ ഉറക്കെ പറയേണ്ടിവരും.
മറ്റുകാരണങ്ങൾ
ഏതെങ്കിലും ആരോഗ്വപ്രശ്നങ്ങൾ ഉള്ളവർക്കും ശാസ്ത്രക്രിയാനന്തരവും ചിലർക്ക് ശബ്ദത്തിലെ തളർച്ച കണ്ടുവരുന്നുണ്ട്.
നിരന്തരമായുള്ള ശ്വാസതടസ്സം. അണുബാധ, അലർജികൾ, പുകയില ഉപയോഗം, മദ്യപാനം, കേൾവിക്കുറവ്, ഹോർമോൺ പ്രശ്നങ്ങൾ.
അസിഡിറ്റി. നെഞ്ചെരിച്ചിൽ എന്നിവയാണ് മറ്റുകാരണങ്ങൾ. ശബ്ദസംരക്ഷണത്തെപ്പറ്റി വേണ്ടവിധം അവബോധമില്ലാത്തതും മറ്റൊരു കാരണമാണ്. മാനസികസമ്മർദവും ശബ്ദത്തെ ബാധിക്കാറുണ്ട്.
ലക്ഷണങ്ങൾ
നേരത്തേ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ശബ്ദത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. ശബ്ദപ്രശ്നങ്ങൾ കണ്ടെത്താൻ. അടുത്തുള്ള ഇ.എൻ.ടി. ഡോക്ടറെയോ സ്പീച്ച് പതോളജിസ്റ്റിനെയോ സമീപിക്കുക.
ശബ്ദത്തിന്റെ ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ചെയ്യാം?
- ഇടവിട്ട് വെള്ളം കുടിക്കുന്നത്, വോക്കൽ കോഡിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
- ക്ലാസിൽ സൗകര്യപ്രദമായ ശബ്ദത്തിൽമാത്രം സംസാരിക്കുക. വലിയ ക്ലാസ് മുറികളാണെങ്കിൽ പോർട്ടബിൾ മൈക്രോഫോൺ ഉപയോഗിക്കുക.
- ബഹളം നിറഞ്ഞതും പൊടിനിറഞ്ഞതുമായ ക്ലാസ് മുറി അന്തരിക്ഷം ഒഴിവാക്കുക.
- ശ്വസനവ്യായാമങ്ങൾ (Breathing exercise) ചെയ്യുക.
- മാനസിക സംഘർഷം കുറയ്ക്കുക.
- കൃത്യമായ ഇടവേളകളിൽ വോയ്സ് റെസ്റ്റ് എടുക്കുക.
- ചെറിയ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
എന്തൊക്കെ ചെയ്യാതിരിക്കാം?
- തുടർച്ചയായി ഒരുപാട് സംസാരിക്കുന്നത് ഒഴിവാക്കുക.
- കൂടക്കൂടെ തൊണ്ട ക്ലിയർ ചെയ്യുന്നത് (Throat Clearing) വോക്കൽ കോഡുകൾക്ക് ആഘാതമുണ്ടാക്കും. പകരം വെള്ളം കുടിക്കുക.
- അമിതമായ ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക.
- പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
- ബഹളമുള്ള സ്ഥലത്ത് നിന്നുള്ള സംസാരം കഴിവതും ഒഴിവാക്കുക.
- ചായ, കാപ്പി, കൾഡ്രിങ്ക്സ് എന്നിവയുടെ അമിത ഉപയോഗം വേണ്ടാ.
- അമിത ചൂടുള്ളതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
- കൂടുതൽ എരിവുള്ളതും പുളിയുള്ളതും എണ്ണയിൽ വറുത്തതുമായ ഭക്ഷണം അസിഡിറ്റി ഉണ്ടാക്കും. ശബ്ദത്തെയും ബാധിക്കും.

