Tuesday, July 9, 2019

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 27 വരെ ഓൺലൈനായി അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈനായി ജൂലൈ 10 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാം.  പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ്.  പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.  ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.  എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.  ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോടെക്‌നോളജിയിൽ സെറ്റ് എഴുതാം.
അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് നിബന്ധനകൾ പ്രകാരം പരീക്ഷയെഴുതാം.  പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം.  അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.  മേൽപ്പറഞ്ഞ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം.  അല്ലെങ്കിൽ അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കില്ല.
ജനറൽ/ ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 750 രൂപയും എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപ്പെടുന്നവർ 375 രൂപയും ഓൺലൈനായി അടയ്ക്കണം.  പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപ്പെടുന്നവർ ടെസ്റ്റ് പാസ്സായാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.  ഒ.ബി.സി നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമീലെയർ സർട്ടിഫിക്കറ്റിന്റെ അസലും (2018 ജൂലായ് 11നും 2019 ജൂലായ് 27നും ഇടയിൽ ലഭിച്ചതായിരിക്കണം), എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പരീക്ഷ പാസ്സായാൽ ഹാജരാക്കണം.
         സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം.  ഇതിനുള്ള നിർദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.  ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 27ന് അഞ്ചിന് മുമ്പ് പൂർത്തിയാക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.   

No comments:

Post a Comment