Wednesday, August 5, 2020

ആഗസ്റ്റ് 6-ഹിരോഷിമ ദിനം-HIROSHIMA DAY QUIZ


ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ വാര്‍ഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6ന് രാവിലെ 8.15ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യര്‍ക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25ന് അമേരിക്കന്‍ വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറലായ കാള്‍ സ്പാര്‍ട്‌സിന് ജപ്പാനിലെ രണ്ടു നഗരങ്ങളില്‍ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. 40,000ത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറല്‍ പോള്‍ടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി29 ബോംബര്‍ വിമാനമായ എനോള ഗേ (Enola Gay)യില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റില്‍ ബോയി (Little Boy )എന്നായിരുന്നു ബോംബിന്‍റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ഈ ബോംബിന് 12,500 ടണ്‍ ടി.എന്‍.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിച്ച സ്‌ഫോടനത്തില്‍ 1,40,000ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്..

 മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം

ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി. അതിലും ഇരട്ടിയാളുകള്‍ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു

 ഈ സംഭവത്തോടെ ആണവായുധങ്ങളുടെ പ്രഹരശേഷി മനസ്സിലാക്കിയ മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന പാതയിലാണ്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ ഒരുപക്ഷേ ഇത്തരം കൊടുംപ്രഹരശേഷിയുള്ള ആയുധങ്ങളാല്‍ ലോകം മുഴുവനും ചുട്ടുചാമ്പലായി ഒരു പുല്‍ക്കൊടി പോലും അവശേഷിക്കാത്ത സ്ഥിതിവിശേഷമാകും ഉണ്ടാവുക. ഓരോ വര്‍ഷവും ഈ ദിനം ഓര്‍മ്മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ലപകരം നാളെയുടെ ലോകത്ത് സമാധാനത്തിന്‍റെ ചിറകു വിരിക്കുന്ന ശുഭസൂചകങ്ങളായിട്ടായിരിക്കണം.


ആഗസ്റ്റ് 6-ഹിരോഷിമ ദിനം-HIROSHIMA DAY QUIZ

No comments:

Post a Comment