Sunday, March 3, 2024

SSLC-കേരള പാഠാവലി -സംഗ്രഹം

 

SSLC-കേരള പാഠാവലി -എല്ലാ പാഠങ്ങളുടേയും
സംഗ്രഹം


ലക്ഷ്മണ സാന്ത്വനം - സംഗ്രഹം

എഴുത്തച്ഛൻ്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന കൃതിയിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് 'ലക്ഷ്മണ സാന്ത്വനം'. ശ്രീരാമൻ്റെ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കോപം കൊണ്ട് ജ്വലിച്ചുനില്ക്കുന്ന ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്തുന്നു. മോഹങ്ങൾ അല്പായുസ്സ് മാത്രം ഉള്ളവയാണെന്നും, ജീവിതം ക്ഷണികമാണെന്നും ശ്രീരാമൻ ബോധ്യപ്പെടുത്തുന്നു. മനുഷ്യൻ്റെ ശത്രുക്കളിൽ ഏറ്റവും ശക്തനായത് ക്രോധമാണെന്നും അത് അറിവില്ലായ്മയിൽ നിന്നാണ് ജനിക്കുന്നതെന്നും ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്നു. വിദ്യകൊണ്ട് ക്രോധത്തേയും, മോഹങ്ങളേയും ഇല്ലാതാക്കാമെന്നും ശ്രീരാമൻ പഠിപ്പിക്കുന്നു.


ഋതുയോഗം -  സംഗ്രഹം

കാളിദാസൻ്റെ ശാകുന്തളം എന്ന നാടകത്തിലെ ഏഴാമങ്കത്തിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് 'ഋതുയോഗം '. മുനിശാപത്താൽ ശകുന്തളയെ പിരിയേണ്ടിവന്ന ദുഷ്യന്തൻ വർഷങ്ങൾക്കു ശേഷം കശ്യപാശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുന്നതും ഒന്നായി ചേരുന്നതുമാണ് പാഠ സന്ദർഭം. ദേവാസുര യുദ്ധം കഴിഞ്ഞ് മടങ്ങിവരവേ നാടകീയമായി കശ്യപാശ്രമത്തിൽ വെച്ച് സർവ്വദമനെ കാണുകയും പിന്നീട്  അവൻ തൻ്റെ മകനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മകനുമൊത്ത് ശകുന്തളയുടെ അടുത്തെത്തുന്നതോടെ വർഷങ്ങൾ നീണ്ട ദുഷ്യന്തൻ്റെ കാത്തിരിപ്പിന് നാടകീയമായ അവസാനം നല്കുകയാണ് കാളിദാസൻ.


പാവങ്ങൾ -  സംഗ്രഹം 

വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ 'ലാ മിറാബലെ ' എന്ന കൃതിയുടെ മലയാള വിവർത്തനമായ പാവങ്ങൾ എന്ന കൃതിയുടെ ഒരു ഭാഗമാണ് പാഠഭാഗം. സഹോദരിയുടെ മക്കൾ പട്ടിണി കൊണ്ട് കരയുന്നത് കണ്ട് സഹിക്കാതെ റൊട്ടി മോഷ്ടിച്ചതിന് ഴാങ്ങ് വാൽ ഴാങ്ങ് 19 വർഷം ജയിലിലാകുന്നു. ജയിൽ മോചിതനായി വന്ന ഴാങ്ങിന് ആരും അഭയം കൊടുക്കാതിരുന്നപ്പോൾ ഡി പട്ടണത്തിലെ മെത്രാൻ അഭയം നല്കുന്നു. എന്നാൽ അന്നു രാത്രി അവിടെ നിന്ന് വെള്ളി സ്പൂണുകൾ മോഷ്ടിച്ച ഴാങ്ങിനെ പോലീസുകാർ പിടികൂടി മെത്രാൻ്റെ മുന്നിൽ കൊണ്ടുവരുന്നു. അത് താൻ കൊടുത്തതാണ് എന്ന് പറഞ്ഞ് ഴാങ്ങിനെ പോലീസുകാരിൽ നിന്നും രക്ഷിച്ച മെത്രാൻ നല്ലവനാകാൻ ഴാങ്ങിന് അവസരം നല്കുന്നു.

പ്രിയദർശനം - സംഗ്രഹം

കുമാരനാശാൻ്റെ നളിനി എന്ന ഖണ്ഡകാവ്യത്തിൽ നിന്നുമെടുത്ത ഭാഗമാണ് 'പ്രിയദർശനം'. കളിക്കൂട്ടുകാരായി ന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽ ദിവാകരൻ നാടുവിട്ടു പോവുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ദിവാകരനെ ഇഷ്ടപ്പെട്ടിരുന്ന നളിനി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഒരു സന്യാസിനി അവളെ രക്ഷിക്കുകയും ചെയ്തു. സന്യാസിനിയായി മാറിയ നളിനി വർഷങ്ങൾക്കുശേഷം സന്യാസിയായ ദിവാകരനെ കണ്ടു മുട്ടുന്നതാണ് കവിതാ ഭാഗം.

വിശ്വരൂപം -  സംഗ്രഹം

മാതൃത്വത്തിൻ്റെ വിശ്വരൂപം വായനക്കാരനിൽ വരച്ചു കാട്ടുന്ന ഒരു കഥയാണ് ലളിതാബിംക  അന്തർജനത്തിൻ്റെ 'വിശ്വരൂപം'. വിദേശ അംബാസഡറായിരുന്ന മിസ്റ്റർ തലത്തിൻ്റെ  ഭാര്യയായി പാശ്ചാത്യ സംസ്കാരത്തിന് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയ മാഡം തലത്ത് മക്കളെ സ്നേഹിക്കുകയോ, ശാസിക്കുകയോ, ലാളിക്കുകയോ ചെയ്തിട്ടില്ല. ഭർത്താവിൻ്റെ മരണശേഷം നാട്ടിൽ തിരിച്ചെത്തിയ അവർക്ക് മക്കളെ കുറിച്ചുള്ള നല്ല ഓർമ്മകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവിൻ്റെ സെക്രട്ടറിയായിരുന്ന സുധീർ നാട്ടിലെത്തിയപ്പോൾ കുഞ്ഞുകുട്ടിയമ്മയായി മാറിയ മിസ്സിസ് തലത്തിനെ കാണുന്നു. മാതൃത്വത്തിൻ്റെ മഹത്വം മനസ്സിലാക്കിയ അവർ സ്ത്രീ എന്ന വിശ്വരൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് സുധീർ തിരിച്ചറിയുന്നു.

കടൽത്തീരത്ത് - സംഗ്രഹം

പാലക്കാടൻ ഗ്രാമത്തിൻ്റെ  സങ്കടത്തിരമാലകളുടെ ഇരമ്പം ഉയർന്നു കേൾക്കുന്ന ഒ.വി. വിജയൻ്റെ ഭാവതീവ്രമായ കഥയാണ് 'കടൽത്തീരത്ത് '. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കണ്ടുണ്ണി എന്ന മകനെ അവസാനമായി കാണാൻ പോകുന്ന വെള്ളായിയപ്പൻ എന്ന അച്ഛനെയാണ് ഈ കഥയിൽ അവതരിപ്പിക്കുന്നത്.  തൂക്കിലേറ്റപ്പെട്ട മകനെ ഏറ്റുവാങ്ങാൻ പോലും പണമില്ലാതെ കടൽത്തീരത്ത് അടക്കം ചെയ്തപ്പോൾ ഭാര്യ വഴിയാത്രയിൽ നല്കിയ പൊതിച്ചോറ്  മകൻ്റെ ബലിച്ചോറായി അർപ്പിക്കുകയാണ് ആ അച്ഛൻ. മൗനവും, മരണവും, പൊതിച്ചോറുമെല്ലാം ഈ കഥയിലെ പ്രതീകങ്ങളായി മാറുമ്പോൾ കഥ ഏറെ ഹൃദയസ്പർശിയായി മാറുന്നു.

പ്രലോഭനം - സംഗ്രഹം

ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്നെടുത്ത ഭാഗമാണ് 'പ്രലോഭനം.'  നളൻ ദമയന്തിയെ വിവാഹം ചെയ്തതിൽ കോപം പൂണ്ട് അവരെ പിണക്കിയകറ്റുമെന്ന് കലി പ്രതിജ്ഞ ചെയ്യുന്നു. ഇതിനായി  നളരാജ്യത്ത്  എത്തിയ കലി സഹോദരനായ പുഷ്കരനെ പ്രലോഭിപ്പിച്ച് വശത്താക്കുന്നു. നളനെ ചൂതുകളിയിൽ തോല്പിച്ച് രാജ്യം നേടാൻ പ്രേരിപ്പിക്കുന്നു.


🌸കഥാപാത്രങ്ങൾ - പുഷ്ക്കരൻ , കലി , ദ്വാപരൻ

🌸നളനും ദമയന്തിയും വിവാഹിതരായതിൽ കുപിതനായ കലി അവരെ തമ്മിൽ തെറ്റിക്കാൻ നള സഹോദരനായ പുഷ്ക്കരനെ സ്വാധീനിക്കുന്നതാണ് പാഠം.


യുദ്ധത്തിൻ്റെ പരിണാമം - സംഗ്രഹം

മഹാഭാരതം എന്ന കൃതിയെ ആധാരമാക്കി കുട്ടികൃഷ്ണമാരാർ എഴുതിയ നിരൂപണ ഗ്രന്ഥമായ 'ഭാരത പര്യടന'ത്തിൽ നിന്നെടുത്ത ഭാഗമാണ് യുദ്ധത്തിൻ്റെ പരിണാമം. കുരുക്ഷേത്ര യുദ്ധത്തിനവസാനം മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും ദുര്യോദനൻ പാണ്ഡവ നാശം ആഗ്രഹിക്കുന്നു. അദ്ദേഹത്തിനു വേണ്ടി പാണ്ഡവ ശിബിരത്തിലെത്തിയ അശ്വത്ഥാമാവും കൃപരും കൃതവർമ്മാവും കൂടി പാണ്ഡവരുടെ ബന്ധുക്കളെയെല്ലാം കൊന്നൊടുക്കുന്നു. ഇതിന് കാരണക്കാരനായ അശ്വത്ഥാമാവിനെ ശപിച്ച് ചിരംജീവിയാക്കുകയാണ് ശ്രീകൃഷ്ണൻ..

🌸കഥാപാത്രങ്ങൾ - ദുര്യോധനൻ, അശ്വത്ഥാമാവ് എന്ന ദ്രൗണി , 

 അർജ്ജുനൻ, കൃഷ്ണൻ. 

🌸 യുദ്ധത്തിന്റെ ദുരന്തമുഖം വരച്ചുകാട്ടുന്ന ഭാഗം. 

🌸ഇന്നും തുടരുന്ന മനുഷ്യമനസ്സിലെ പകയാണ് അശ്വത്ഥാമാവ്..


ആത്മാവിൻ്റെ വെളിപാടുകൾ - സംഗ്രഹം

വിശ്വപ്രശസ്ത സാഹിത്യകാരൻ ദസ്തയേവസ്കിയുടെ  ജീവിതം ആസ്പദമാക്കി രചിച്ച ഒരു നോവലാണ് 'ഒരു സങ്കീർത്തനം പോലെ'.  ചുഴലി രോഗ ബാധിതനായ ദസ്തയേവസ്കി, തനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന ഭാര്യയുടേയും ജ്യേഷ്ഠൻ്റേയും മരണ ശേഷം ലഹരിയ്ക്കും ചൂതുകളി ഭ്രാന്തിനും അടിമയാകുന്നു. താൻ എഴുതിയതും എഴുതാനുള്ളതുമായ നോവലുകൾ പണയം വെച്ച് നോവൽ പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുന്ന അദ്ദേഹത്തെ അന്ന എന്ന പെൺകുട്ടി നോവൽ പകർത്തി എഴുതാൻ സഹായിക്കുന്നു. അന്നയുടെ സാമിപ്യം അദ്ദേഹത്തിന് കൂടുതൽ പ്രചോദനമാകുന്നതാണ് നോവൽ സന്ദർഭം. തിരച്ചടികൾ ഒന്നൊന്നായി നേരിടുമ്പോഴും ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന ദസ്തയേവസ്കിയെ യാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.

🌸കഥാപാത്രങ്ങൾ - ദസ്തയേവിസ്കി, അന്ന, സ്റ്റെല്ലോവിസ്കി . 

🌸അന്നയും ദസ്തയേവ്സ്കിയും തമ്മിലുള്ള ആത്മബന്ധം സൂചിപ്പിക്കുന്നു.

🌸സ്റ്റെല്ലോവിസ്കി എന്ന പുസ്തകപ്രസാദകന്റെ കെണിയിൽപ്പെട്ട ദസ്തയേവ്സ്കി.

🌸ദുരന്തങ്ങളിൽ നിന്നും ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ച എഴുത്തുകാരനാണ് ദസ്തയേവ്സ്കി


അശ്വമേധം - സംഗ്രഹം

സർഗ്ഗസൃഷ്ടിയാകുന്ന  കുതിരയെ ആർക്കും പിടിച്ചു കെട്ടാനാവില്ല എന്ന് ഉറക്കെ പറയുന്ന കവിതയാണ് വയലാറിൻ്റെ 'അശ്വമേധം'. കാടിനുള്ളിൽ മനുഷ്യൻ നായാടി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ കലയും സാഹിത്യവും മനുഷ്യനൊപ്പമുണ്ട്. ഏകാധിപതികളായ രാജാക്കന്മാരും, മതങ്ങളും മറ്റും സർഗ്ഗാത്മകതയെ നിയന്ത്രിച്ച് തങ്ങളുടെ കാൽച്ചുവട്ടിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ ചങ്ങലകൾ പൊട്ടിച്ച് മുന്നോട്ട് ഇന്നും കുതിക്കുകയാണ് കലയും സാഹിത്യവും. പച്ചമണ്ണിൻ്റെ മനുഷൃത്തമുള്ളിടത്തോളം സർഗ്ഗാത്മകതയെ ആർക്കും പിടിച്ചുകെട്ടാനാവില്ലെന്നും വയലാർ പറയുന്നു.

🌸മനുഷ്യന്റെ സർഗ്ഗശക്തിയെയും മഹത്വത്തെയും  ഈ കവിതയിൽ സൂചിപ്പിക്കുന്നു.

🌸 സർഗ്ഗശക്തിയാണ് കുതിര. അതിനെ മനുഷ്യനും കാലത്തിനും തടയാനാവില്ല.

ഞാൻ കഥാകാരനായ കഥ - സംഗ്രഹം

എസ്. കെ. പൊറ്റക്കാടിൻ്റെ അനുഭവ വിവരണമാണ്  'ഞാൻ കഥാകാരനായ കഥ‌.'  അയൽപക്കത്തുകാരിയായ   ഒരു മുത്തിതള്ളയ്ക്കു വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തി, ജോലി കിട്ടി, വിവാഹം കഴിഞ്ഞപ്പോൾ അമ്മയെ മറന്ന മകന് ഒമ്പതാംക്ലാസ്സുകാരനായ  എസ്.കെ പൊറ്റക്കാട് തൻ്റേതായ വാചകങ്ങൾ കൂട്ടിച്ചേർത്ത്  തുടർച്ചയായി കത്തുകൾ അയയ്ക്കുന്നു.  ഇത് മകൻ്റെ മനസ്സ് ഇളക്കുകയും അമ്മയ്ക്ക് പണം അയയ്ക്കാൻ തയ്യാറാവുകയും ചെയ്യുന്നു.തന്നിലെ സാഹിത്യകാരനെ എസ്. കെ പൊറ്റക്കാടിന് സ്വയം തിരിച്ചറിയാൻ സഹായിച്ച സന്ദർഭമാണ് ഇത്.

🌸അക്ഷരാഭ്യാസമില്ലാത്ത ഒരു മുത്തിത്തള്ളയ്ക്കുവേണ്ടി അവരുടെ നന്ദികെട്ട മകന് കത്തുകൾ അയച്ച് അയാളുടെ മനസ്സു മാറ്റിയ എസ്.കെ പൊറ്റക്കാട്.

🌸ആ മുത്തിത്തള്ളയാണ് ചെറുകഥാ രചനയിൽ എസ്.കെ. പൊറ്റക്കാടിന്റെ ആദ്യ ഗുരുനാഥ 

അക്കർമാശി - സംഗ്രഹം

ശരൺ കുമാർ ലിംബാളെ എന്ന ദളിത് സാഹിത്യകാരൻ്റെ 'അക്കർമാശി' എന്ന ആത്മകഥോപാഖ്യാനത്തിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് പാഠം. 'മഹാർ' എന്ന ദളിത് വിഭാഗത്തിൽ പിറന്ന ലിംബാളെയ്ക്ക് ചപ്പുചവറുകൾ പെറുക്കിക്കൂട്ടുന്ന ജോലിവരെ ചെയ്യേണ്ടി വന്നു. പലപ്പോഴും അവർ പെറുക്കിക്കൂട്ടുന്ന ചപ്പുചവറുകളുടെ വിലപോലും അവരുടെ ജീവിതത്തിനുണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാരനായതു കൊണ്ട് ചെരുപ്പുകുത്തി പോലും അവൻ്റെ ചെരുപ്പു തുന്നാൻ സമ്മതിച്ചില്ല. ഇങ്ങിനെയൊക്കെയാണെങ്കിലും സ്കൂളിൽ വെച്ച് തനിക്ക് കളഞ്ഞുകിട്ടിയ 30 രൂപ ഹെഡ്മാസ്റ്ററെ തിരിച്ചേൽപ്പിച്ച് സത്യസന്ധതയുടെ മാതൃകയും ക്ലാസ്സിൻ്റെ അഭിമാനവുമായി മാറുകയാണ് ലിംബാളെ.

🌸കഥാപാത്രങ്ങൾ - ശാന്താ ആത്യ, ശരൺകുമാർ ലിംബാളെ 

 അക്കർമാശി എന്നാൽ അർധജാതി എന്നർത്ഥം.

🌸 മഹർ എന്ന താഴ്ന്ന ജാതിക്കാരനായതിൽ ബാല്യകാലത്ത് ലേഖകൻ അനുഭവിച്ച ദുരിതത്തിന്റെ , പട്ടിണിയുടെ വിവരണമാണിതിൽ.

ഈ പാഠം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ 

🌸1. വിഭാഗീയത പാടില്ല. മനുഷ്യർ തുല്യരാണ്.

🌸2. ജാതി ഒന്നേയുള്ളു. അത് മനുഷ്യജാതിയാണ്.

🌸3. ആരെയും അവഗണിക്കരുത്.

🌸4. ബാലവേല അരുത്.

🌸5. വിശപ്പിനേക്കാൾ വലിയ സത്യമില്ല.

🌸6. സത്യസന്ധത  നൽകുന്ന ആനന്ദത്തോളം വരില്ല ഒന്നും.

🌸7ഏതു മോശം സാഹചര്യത്തിലായാലും വിദ്യാഭ്യാസവും ആത്മവിശ്വാസവുമുണ്ടെങ്കിൽ വലിയ ഉയരങ്ങളിൽ എത്താം.

ഉരുളക്കിഴങ്ങ് തിന്നുന്നവർ - സംഗ്രഹം

പ്രശസ്ത ചിത്രകാരനായ വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സ്' എന്ന ചിത്രത്തിന് കഥാരൂപം നല്കുകയാണ് സുഭാഷ് ചന്ദ്രൻ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയിലൂടെ. ഖനിയിൽ അപകടം ഉണ്ടായ വാർത്ത കേട്ട്  മകനെ അന്വേഷിച്ചു പോയ കിഴവൻ മിറലിൻ്റെ മടങ്ങി വരവോടെ കഥ ആരംഭിക്കുന്നു. മകൻ്റെ മരണവാർത്ത മരുമകളായ ജൂലിയാനയേയും പേരക്കുട്ടിയേയും അവളുടെ മാതാപിതാക്കളേയും അറിയിക്കാൻ കഴിയാതെ നിസ്സഹായനായി ഇരിക്കുന്നതോടു കൂടി കഥ ചിത്രവുമായി ലയിച്ചുചേരുന്നു. കഥയിലുടനീളം മരണവും ദു:ഖവും തളം കെട്ടി നിൽക്കുന്ന പ്രതീകങ്ങളിലൂടെ ചിത്രം പോലെ കഥയേയും കഥാകൃത്ത് മനോഹരമാക്കുന്നു.

🌸ഈ ചിത്രത്തെ ആസ്പദമാക്കി മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ രചിച്ച കഥ യാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ .

🌸 - കിഴവൻ മിറൽ, മകന്റെ ഭാര്യ ജൂലിയാന , കൊച്ചുമകൾ അന്ന, ജൂലിയാനയുടെ മാതാപിതാക്കൾ.

🌸ഖനിയപകടത്തിൽ മരിച്ച മകനെ തിരഞ്ഞു പോയി മടങ്ങിവന്ന മിറൽ കുടുംബത്തോടൊപ്പം ഉരുളക്കിഴങ്ങ് കഴിക്കുന്നു. 

🌸യൂറോപ്പിലെ ഖനിത്തൊഴിലാളികളുടെ പട്ടിണി, ദുരിതം ഇവ പറയുന്ന കഥ.


മൈക്കലാഞ്ജലോ, മാപ്പ് - സംഗ്രഹം

പ്രശസ്ത ശില്പിയായ മൈക്കലാഞ്ജലോയുടെ  സുപ്രസിദ്ധ ശില്പമായ 'പിയത്ത', മയക്കുമരുന്നിന് അടിമയായ ഒരു യുവാവ് തകർത്തതിറിഞ്ഞ ഓ എൻ വി കുറുപ്പിൻ്റെ വൈകാരികമായ കവിതയാണ് മൈക്കലാഞ്ജലോ, മാപ്പ്. ആ ശില്പം കാണുകയും അതിൻ്റെ നിർമ്മാണത്തെ കുറിച്ച് ഗൈഡ് വിശദീകരിച്ചത് മനസ്സിൽ സ്പർശിക്കുകയും ചെയ്ത ഓ എൻ വി കുറുപ്പ് ആ ശില്പ്പം തന്ന ശില്പിയോട് നന്ദി പറയുന്നു. ഒരു വേള ശില്പിയോടൊപ്പം താനും ആ ശില്പനിർമ്മാണം നേരിട്ടു കണ്ടതായി കവിക്ക് തോന്നുന്നു. അതുകൊണ്ടു തന്നെ ശില്പം തകർത്ത വാർത്ത ഉൾക്കൊള്ളാൻ കവിക്ക് ആകുന്നില്ല.  ശില്പിയോട് മാപ്പു ചോദിക്കുകയാണ് കവി.

🌸കലയ്ക്കും സാഹിത്യത്തിനും സംസ്ക്കാരത്തിനും നേരെയുള്ള കടന്നുകയറ്റത്തിനെതിരെയുള്ള കവിത.

🌸സ്നേഹവും കരുണയും എല്ലാവരിലും ഉണ്ടാവണമെന്ന് കവിതയും ശില്പവും ഓർമ്മിപ്പിക്കുന്നു.


No comments:

Post a Comment