മുഖത്ത് നിഗൂഢമായ നേർത്ത പുഞ്ചിരി പടർത്തി, നമ്മെ നോക്കുന്ന മൊണാലിസയുടെ ചിത്രം കൂട്ടുകാർക്ക് ഓർമ്മയില്ലേ? കൊല്ലവർഷം 1503- നും 1506-നും ഇടയിൽ ഇറ്റാലിയൻ കലാകാരനായ ലിയനാർഡോ ഡാവിഞ്ചിയാണ് ഈ ചിത്രം വരച്ചത്. മരിക്കുന്നതുവരെയും (1519) അദ്ദേഹം ഇതിൽ മിനുക്കുപണികൾ ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
കാലം മാറി. ഇപ്പോൾ എ.ഐ. ലോകത്തെ താരമായ മറ്റൊരു ഡാവിഞ്ചിയുണ്ട്. നിമിഷനേരങ്ങൾകൊണ്ട് ചിത്രങ്ങൾ നിർമിച്ചെടുക്കാനും അതിൽ മിനുക്കുപണികൾ നടത്താനും ഈ ഡാവിഞ്ചി സഹായിക്കും.
ഡാ വിഞ്ചി- എഐ ഇമേജ് ജനറേറ്റർ ഇതൊരു അത്യാധുനിക എ.ഐ. ആർട്ട് ജന റേറ്റർ ആപ്പാണ്. നമ്മൾ നൽകുന്ന വാക്കുകൾ (Text prompts), ചിത്രങ്ങൾ, സ്കെച്ചുകൾ എന്നിവയെ മനോഹരമായ എ.ഐ. ചിത്രങ്ങളാക്കി മാറ്റാൻ ഇതിന് കഴിയും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'DaVinci-Al Image Generator' ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്.
Text to Art! ടെക്സ്റ്റ് പ്രോംറ്റുകളുപയോഗിച്ച് കാർട്ടൂൺ ശൈലിയിലുള്ള പെൻസിൽ സ്കെച്ചുകൾമുതൽ റിയലിസ്റ്റിക്, ത്രീഡി ചിത്രങ്ങൾവരെ ഡാ വിഞ്ചിയിൽ നിർമിക്കാം. ഉയർന്ന റെസലൂഷനാണ് ഈ ആപ്ലിക്കേഷനെ എല്ലാവരുടെയും ഫേവറേറ്റാക്കുന്നത്.
All in One! ഡാവിഞ്ചിയെ ഒരു ഓൾ-ഇൻ-വൺ ടൂളായാണ് എ.ഐ. ലോകം കാണുന്നത്. കാരണം ഇമേജ് ജനറേഷനെക്കൂടാതെ ടാറ്റൂ ഡിസൈനുകൾ, ലോഗോ ഡിസൈനുകൾ, എ.ഐ. അവതാറുകൾ,ഡിജിറ്റൽ സിഗ്നേച്ചറുകൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം. എ.ഐ. ഉപയോഗിച്ച് ഒബ്ജക്ട് റിമൂവ്,ബാക്ക്ഗ്രൗണ്ട് റിമൂവ്. ഇമേജ് റിഫൈൻ എന്നീ എഡിറ്റിങ്ങുകളും ചെയ്യാം.
പരീക്ഷിച്ചോളൂ ഇതാ, കൂട്ടുകാർക്കായൊരു ആക്ടിവിറ്റി. നിങ്ങളുടെ ചിത്രം ഡാവിഞ്ചി ആപ്ലിക്കേഷനിലെ Photorealism, Oil painting, Watercolour, Anime/Cartoon, Cyberpunk, Pencil drawing, Digital art ഉപയോഗിച്ചുനോക്കൂ.

