SSLC പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ, പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പരീക്ഷയെ അഭിമുഖീകരിക്കുന്ന വിധം
മാർച്ച് -ഏപ്രിൽ മാസങ്ങൾ പരീക്ഷാക്കാലമാണല്ലോ, ഒരു വർഷത്തെ അദ്ധ്വാനവും പ്രയത്നവും പരിശോധിക്കപ്പെടുന്നു. വളരെ ചിട്ടയോടെയും ശ്രദ്ധയോടെയും അതിനെ നേരിട്ടാൽ ഉയർന്ന സ്കോർ നേടാൻ വിഷമമുണ്ടാകില്ല .അതിനു ആദ്യം വേണ്ടത് ശാരീരികമായും മാനസികമായും തയ്യാറാവുക എന്നതാണ് ചില സൂത്ര പണികൾ അറിയാമെങ്കിൽ വിചാരിച്ചതിനേക്കാൾ അഞ്ചു മുതൽ പത്തു മാർക്ക് വരെ കൂടുതൽനേടാം.
- ആദ്യം വേണ്ടത് പരീക്ഷക്ക് തയ്യാറെടുക്കാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കുക എന്നതാണ്.
- രാവിലെ നേരത്തെ പ്രയാസമുള്ള വിഷയങ്ങളും രാത്രിയിൽ താരതമ്യേന എളുപ്പമുള്ള വിഷയങ്ങളും പഠിക്കുന്ന രീതിയായിരിക്കും നല്ലത്.
- ഭക്ഷണക്രമത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം ചൂടുകാലമായതിനാൽ ധാരാളം വെള്ളം കുടിക്കണം.
- മസാല കലർന്ന ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്
- ദൈവ വിശ്വാസമുണ്ടെങ്കിൽ പ്രാർത്ഥിക്കുന്നത് ആത്മവിശ്വാസം കൂട്ടാൻ ഉപകരിക്കും
- പരീക്ഷക്ക് ബെല്ലടിക്കുന്നതിനു മുൻപ് തന്നെ ഹാളിൽ കയറി ഇരിക്കുക.
- ക്വസ്റ്റ്യൻ പേപ്പർ കിട്ടിയാൽ ആദ്യ പതിനഞ്ചു മിനുട്ടു കൂൾ ടൈമിൽ എല്ലാ ചോദ്യങ്ങളും വിശദമായി വായിക്കുക.
- അതിനു ശേഷം അതിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക.
- ആദ്യ വിഭാഗത്തിൽ പൂർണമായും ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളുടെ നേർക്ക് ഒരു ഫുൾ ടിക് മാർക്ക് ഇടുക.
- പകുതി ഉത്തരം അറിയാവുന്ന ചോദ്യങ്ങൾക്കു നേരെ ഹാഫ് ടിക്ക് മാർക്ക് കൊടുക്കുക ഉത്തരമറിയാത്ത ചോദ്യങ്ങൾക്കു നേരെ X കൊടുക്കുക.
- ഉത്തര പേപ്പർ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് വലതു വശത്ത് ഒരു മാർജിൻ വരച്ചു വിഷയവുമായി ബന്ധപ്പെട്ട ടിപ്സുകൾ എഴുതി വെക്കുക (ഉദാ : സൂത്രവാക്യം ,ഷോർട്ട് ഫോംസ് തുടങ്ങിയവ )എഴുതി വെക്കുക .അതിനു ശേഷം ആദ്യം ഫുൾ ടിക്ക് ചെയ്ത ചോദ്യങ്ങളുടെ ഉത്തരം വൃത്തിയായി എഴുതുക. പിന്നീട് ഹാഫ് ടിക്ക് ചെയ്തവ എഴുതുക, അതിനു ശേഷം അറിയാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ, ചോദ്യവുമായി ചെറിയ സാമ്യമുള്ള കാര്യങ്ങൾ എഴുതി വെക്കുക.
- ഉത്തരങ്ങൾ പോയിന്റുകളായി എഴുതിയാൽ പേപ്പർ നോക്കുന്നവർക്ക് മാർക്ക് നല്കാൻ എളുപ്പമാവും.
- കണക്കുകൾ ചെയ്താൽ യൂണിറ്റ് എഴുതാൻ മറക്കരുതേ.
- പരീക്ഷ സമയം കഴിയുന്നതിനു മുൻപ് വാണിംഗ് ബെൽ അടിച്ചാൽ പേപ്പർ തുന്നിക്കെട്ടി എല്ലാ ചോദ്യങ്ങളുടെയും നമ്പറും ഉത്തരവും എഴുതിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.
- ഉത്തരങ്ങൾ ആവർത്തിച്ച് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം.
- കൂടാതെ എല്ലാ ചോയ്സും ഒഴിവാക്കാതെ എഴുതണം.
- ഉത്തരങ്ങൾ മാർക്കിനനുസരിച്ചേ എഴുതാവൂ .
- ചിത്രങ്ങൾ വരയ്ക്കാൻ പറഞ്ഞാൽ മാത്രം വരക്കുക.
- കൈ അക്ഷരം നന്നായാലേ വായിക്കാൻ സാധിക്കു.
- പഠിക്കുന്ന കാര്യങ്ങളെ ഒരു കഥയുടെ രൂപത്തിൽ ദൃശ്യ വൽക്കരിച്ചാൽ മറക്കാതിരിക്കാം.
- ഇത്രയൂം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
- എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി വിജയം ആശംസിക്കുന്നു.
No comments:
Post a Comment