പാരന്റ്‌സ് മീറ്റിംഗി്‌ന് കേട്ട പരാതി – കുട്ടി പഠിക്കുന്നില്ല, എഴുതുന്നതു മുഴുവൻ അക്ഷരത്തെറ്റാണ്. കണക്കു കൂട്ടാൻ അറിയില്ല. ക്ലാസിൽ ഉഴപ്പാണ് എന്നിങ്ങനെ. മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതിക്കും വഴക്കിനും നടുവിൽ നിസ്സഹായരായ കുട്ടികളും!
കുട്ടികളെ കുറ്റപ്പെടുത്തുന്നതിനും വഴക്കുപറയുന്നതിനും മുൻപ് ലേണിംഗ് ഡിസ്‌എബിലിറ്റി എന്ന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയുന്നതു നല്ലതാണ്. പഠന വൈകല്യം നേരത്തേ തന്നെ മനസ്സിലാക്കി ചികിത്സയും പരിശീലനവും നൽകിയാൽ അവർ മിടുക്കരായി വളരും.
ഒന്നിലേറെ വൈകല്യങ്ങൾക്കുളള പൊതുനാമമാണ് – ലേണിംഗ് ഡിസ്‌എബിലിറ്റി, വിവിധ കഴിവുകൾ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഇത്തരം വൈകല്യം ബാധിച്ച കുട്ടികൾക്ക് കഴിയില്ല. പഠന വൈകല്യം ഉണ്ടെന്നു കരുതി കുട്ടികൾ മണ്ടൻമാരാണെന്ന് വിധിയെഴുതരുത്. ഇത്തരം കുട്ടികൾക്ക് സാവധാനത്തിൽ മാത്രമേ പഠിക്കാനാകു. പക്ഷേ, ശരാശരിയോ അതിലധികമോ ബദ്ധിശക്‌തി ഉണ്ടായിരിക്കും. .
ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്, വായിക്കുക, എഴുതുക, സ്‌പെല്ലിങ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകൾ ശീലിക്കാൻ പൊതുവെ പ്രയാസമുണ്ടാകും. ഒരു ഘട്ടം കഴിഞ്ഞാൽ കുട്ടികൾ ഇതിൽ വൈദഗ്‌ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവിൽ കുട്ടിക്ക് വൈദഗ്‌ധ്യം പോരെങ്കിൽ ആ കുട്ടിയ്ക്ക് പഠനവൈകല്യം ഉണ്ടെന്നു കരുതാം.
എന്താണ് പഠന വൈകല്യം
പഠിക്കുവാൻ കഴിവുള്ളർ ബുദ്ധിയുള്ളവരും അതില്ലാത്തവർ ബുദ്ധി നിലവാരം കുറവുള്ളവരായിട്ടാണ് പൊതുവെ സാധാരണ ജനങ്ങൾ പരിഗണിച്ചു പോരുന്നത്. എന്നാൽ വാസ്തവം അതല്ല. ശരാശരിയോ അതിലുമധികമോ ബുദ്ധി നിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, അന്വേഷണം തുടങ്ങി അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവ യിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുയും ചെയ്യുമ്പോൾ അതിനെ പഠന വൈകല്യമായി ശാസ്ത്രം പരിഗണിക്കുന്നു.
ചില കുട്ടികൾ പാഠ ഭാഗങ്ങള്‍ അവരുടെ രക്ഷിതാക്കെള പറഞ്ഞു കേള്‍പ്പിക്കുന്നതും, എന്നൽ എഴുത്തു പരീക്ഷയിൽ പരാജയപെടുന്ന തായും കാണാം. ചില കുട്ടികൾ ചില അക്ഷരങ്ങൾ എഴുതാനും, ഉച്ചരി ക്കാനും വിഷമം കാണിക്കും. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാൽ പകർത്തിയെഴുതുമ്പോള്‍ തെറ്റിച്ചിരിക്കും. സംഖ്യകൾ 12 നു പകരം 21 എന്ന് എഴുതി കളയും. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാ ങ്ങിക്കും. എന്നാല്‍ പലപ്പോഴും ഒരു അഞ്ചു മിനിറ്റ് പോലും അടങ്ങി യിരിക്കാന്‍ പറ്റാത്ത അവസ്ഥ ചില കുട്ടികൾക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ മടിയന്മാ രായും, ബുദ്ധിഹീനന്മാരുമായും മുദ്ര ചാർത്തപ്പെടുന്നു. ഇങ്ങിനെയുള്ള മുതിർന്നവരുടെ പെരുമാറ്റം മക്കളില്‍ പഠന- പെരുമാറ്റ- ശ്രദ്ധാ വൈകല്യങ്ങൾ സംജാതമാക്കപ്പെടുന്നു. മനുഷ്യ ശരീരത്തിൻറെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളിലെ ചില തകരാറുകളാണ് ഇത്തരം വൈകല്യങ്ങള്‍ക്കു കാരണം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു തരത്തിലുള്ള രോഗമല്ലാ എന്ന് നാം തിരിച്ചറിയണം. ഇത് തലച്ചോറിൻറെ ഒരു പ്രത്യേക അവസ്ഥയാണ്. ഇത്തരം അവസ്ഥയുള്ള കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകുന്ന പ്രത്യേകതരം കാലതാമസമാണ് ഇതിനു ഒരു കാര ണം. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകു ന്ന വ്യത്യാസങ്ങളും ഇതിനു കാരണമാകാറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ അവസ്ഥയിലോ , പ്രസവ സമയത്തോ, അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ആഘാതങ്ങളും ഇത്തരം അവസ്ഥക്കും കാരണമായി തീരാറുണ്ട്. വിദ ഗ്ധരുടെ സഹായവും, സേവനവും തുടര്‍ച്ചയായുള്ള പരിശീലനവും കൊണ്ട് ഇത്തരം വൈകല്യങ്ങളെ തരണം ചെയ്യാനാകും. ലോകത്തിൽ ജീവിച്ചിരുന്ന പല മഹാന്മാരും ഇത്തരം അവസ്ഥകളെ അതിജീവിച്ചവാ രണ്.
ഉചിതമായ സമയത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുകയാണെ ങ്കില്‍ ഇത്തരം കുട്ടികളെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും കഴിയും വിധം പ്രാപ്തരാക്കുവാൻ കഴിയുന്നു.
പഠന വൈകല്യത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യു മ്പോഴാണ് ഈ അവസ്ഥ പരിഹരിക്കപ്പെടുന്നത്. കുട്ടികള്‍ വായന-എഴുത്ത് എന്നിവയില്‍ കാണിക്കുന്ന വൈഷ്യമത്തെ അമിത ലാളന കൊണ്ടോ കര്‍ക്കശഭാവം കൊണ്ടോ നേരിടുവാനോ പരിഹരിക്കുവാനോ നോക്കുമ്പോൾ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു.
മുതിർന്നവരെപ്പോലെ കുട്ടികളും മാനസ്സീക സംഘർഷം അനുഭവിക്കു ന്നുണ്ട്. ഭക്ഷണവും വസ്ത്രവും കൊടുത്ത് അവരെ ഒരിക്കലും തൃപ്തിപ്പെടുത്തുവാനാകില്ല. ഭക്ഷണവും വസ്ത്രവും കൊടുത്ത് മക്കളെ വളർത്തുന്നതല്ല നല്ല പാരൻറിംഗ്. അവർ അനുഭവിക്കുന്ന അന്തസ്സംഘ ര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് സസ്നേഹം അവരെ പരിചരിക്കണം. കുട്ടികളെ കൃത്യമായി വിലയിരുത്തി അവർക്ക് ഒരു വ്യക്തിനിഷ്ഠ പാഠ്യപദ്ധതി ഒരു വിദഗ്ദൻറെ സഹായത്തോടെ ഓരോ രക്ഷിതാവും തയ്യാറാക്കണം. അത് പക്വതയോടെ പ്രാവർത്തികമാക്കുകയും ചെയ്യണം. ഇത്തരത്തിൽ കുട്ടികളെ സഹായിക്കണം. അതിലൂടെ അവരെ പഠനത്തില്‍ പ്രാപ്തരാ ക്കാണം.
ഡിസ്‌ലെക്‌സിയ (വായിക്കാനുള്ള ബുദ്ധിമുട്ട്)
വായിക്കുന്നത് ഡിസ്‌ലെക്‌സിയയുള്ള കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങൾ കണ്ടെത്തി വളരെ സാവധാനത്തിൽ തപ്പിത്തടഞ്ഞിട്ടാവും വായന. അക്ഷരങ്ങൾ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേർക്കുക, ചിഹ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ നേരത്തെ വായിച്ച വരികൾ വീണ്ടും വായിച്ചെന്നും വരും. ഇവർ ഒരേ താളത്തിൽ വായിക്കുകയാണ് പതിവ്.
ഡിസ്‌ഗ്രാഫിയ (എഴുതാനുള്ള ബുദ്ധിമുട്ട്)
ഡിസ്ഗ്രാഫിയയുള്ള കുട്ടികൾക്ക് എഴുത്ത് പേടി സ്വപ്‌നമാണ്. വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, ചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വളളി എന്നിവ വിട്ടുപോവുക എന്നിവയാണ് അസുഖ ലക്ഷണങ്ങൾ. ഡിസ്‌ഗ്രഫിയയുള്ള കുട്ടികൾക്ക് ക്ലാസിൽ ടീച്ചർ പറഞ്ഞു കൊടുക്കുന്ന നോട്‌സ് പൂർണമായി എഴുതാൻ കഴിയുകയില്ല. ബോർഡിൽ നിന്നു പകർത്തിയെഴുതുന്നതും ബുദ്ധിമുട്ടായിരിക്കും. സ്‌പെല്ലിങ്ങും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും. ചിലർക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അക്ഷരങ്ങളും വാക്കുകളുമെല്ലാം പരസ്പരം മാറിപ്പോകും. ചിലർ സ്വന്തമായി സ്‌പെല്ലിങ് ഉണ്ടാക്കാറുണ്ട്.
ഡിസ്‌കാൽകുലിയ (കണകുട്ടുന്നതിനുള്ള ബുദ്ധിമുട്ട്)
ഡിസ്കാൽകുലിയ ഉള്ള കുട്ടികൾ, എട്ടു വയസ്സിനു ശേഷവും കണക്കു കൂട്ടാൻ കൈവിരലുകൾ ഉപയോഗിക്കും. സങ്കലന, ഗുണനപട്ടികകൾ ഒാർത്തുവയ്‌ക്കാൻ ഇവർക്ക് കഴിയില്ല. സംഖ്യകൾ തലതിരിച്ചായിരിക്കും വായിക്കുക. 32 എന്നുള്ളത് 23 എന്നു മാറിപ്പോകാം. ഉത്തരക്കടലാസിന്റെ ഒരു ഭാഗത്ത് കൃത്യമായി കണക്കു ചെയ്ത് ഉത്തരം കണ്ടെത്തിയാലും എടുത്തെഴുതുമ്പോൾ തല തിരിഞ്ഞു പോകാം. സമയം നോക്കി പറയാൻ ചില കുട്ടികൾ ബുദ്ധിമുട്ടും. ഇന്നലെയും നാളെയും തമ്മിൽ തെറ്റിപ്പോകാം. സ്വന്തം വിലാസവും ഫോൺ നമ്പരും പോലും ഇവർ മറന്നെന്നു വരും. പക്ഷേ അപ്രധാനമായ പല കാര്യങ്ങളും ഓർത്തിരിക്കുകയും ചെയ്യും. ഇവർക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്‌തകവും പേനയും എപ്പോഴും അലക്ഷ്യമായി ഇടാം. പലപ്പോഴും ഹോം വർക്ക് ചെയ്യാനും മറന്നുപോകാം.
പൊതുവായി കാണുന്ന പ്രശ്‌നങ്ങള്‍
ക്ലാസ്സ് മുറികളിലും, പരീക്ഷാഹാളിലും അക്ഷമരായി ഇരിക്കുക, ചോദ്യങ്ങള്‍ വിട്ടുപോവുക, തിടുക്കത്തിൽ എഴുതിത്തീര്‍ക്കുക, അശ്രദ്ധ, ചിട്ടയായി എഴുതി ഫലിപ്പിക്കാനുള്ള വിഷമം, വസ്തുതകൾ മനസ്സിലാക്കുന്നതിനുള്ള വിഷമം, കോ-ഓര്‍ഡിനേഷന് വിഷമം, ഏകോപനത്തിനുള്ള വിഷമം. ഇവയിൽ എല്ലാ ലക്ഷണങ്ങളും കുട്ടികളിൽ കാണണമെന്നില്ല.
അതുകൊണ്ട് ഇവയില്‍ ഏതെങ്കിലും ചിലത് തുടര്‍ച്ചയായി കുട്ടിയില്‍ കണ്ടാല്‍ അത് പഠനവ വൈകല്യത്തിൻറെ ലക്ഷണമായി തിരിച്ചറിയുകയും പരിഹാര നടപടികൾ സ്വീകരിക്കകയും വേണം.
സാധാരണയായി ശ്രദ്ധയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രണ്ടുതരത്തില്‍ ആണ്.. ADD, (Attention Deficit Disorder), ADHD (Attention Deficit Hyper Activity Disorder). ഇത്തരം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം വേണ്ടി വരും.
നഴ്‌സറി പോലുള്ള ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രീ റീഡിംഗ്, പ്രീ റൈറ്റിംഗ് സ്‌കില്‍ ട്രെയിനിംഗ് കൊടുക്കുന്നതിലൂടെ എഴുത്തിലേക്കും വായനയിലേക്കും കടക്കുമ്പോള്‍ ഉണ്ടാകുന്ന പല പ്രയാസങ്ങളും മുന്‍കൂട്ടി ഒഴിവാക്കാന്‍ കഴിയും.
പഠന വൈകല്യം യഥാസമയം കണ്ടെത്തി വേണ്ടത്ര പ്രതിവിധികള്‍ ചെയ്യാതിരുന്നാൽ അതു കുട്ടികളില്‍ വൈകാരിക പ്രശ്‌നങ്ങളോ പെരുമാറ്റ വൈകല്യമോ ആക്കിത്തീർക്കുന്നു.
അഞ്ചു വയസ്സനുള്ളിൽ കുട്ടികള്‍ അതാതതു സമയത്തു നേടേണ്ടതായ അടിസ്ഥാന കഴിവുകള്‍ ഏതെങ്കിലും വികസം പ്രാപിക്കാതെ പോയാല്‍ അതു പഠനത്തില്‍ വിഷമമുണ്ടാക്കും. അതു പരിഹരിക്കാനായി സ്‌കില്‍ ഡവലപ്‌മെന്‍റ് ട്രെയിനിംഗ് കൊടുക്കാവുന്നതാണ്.
അശ്രദ്ധയുള്ള കുട്ടികള്‍ക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തക്കരീതിയിലുള്ള പരിശീലനങ്ങളും ആവശ്യമെങ്കില്‍ മരുന്നുകളും കൊടുക്കാവുന്നതാണ്. എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്ന കുട്ടികള്‍ക്ക് ‘വേഡ് അറ്റാക്ക്’, ‘സ്‌പെല്ലിങ് റൂള്‍സ്’ എന്നിവയില്‍ ട്രെയിനിംഗ് നൽകവുന്നതാണ്.
വിമര്‍ശന ചിന്ത , വിശകലന ബുദ്ധി, സൃഷ്ട്യുന്മുഖ ചിന്ത എന്നിവയിൽ കുട്ടികള്‍ക്ക് പ്രോത്സാഹനം നൽകണം. ഓരോ കുട്ടിക്കും അവരുടേതായ പഠന ശൈലികൾ ഉണ്ട്. അത്തരം അവരുടെ ശൈലി തിരിച്ചറിഞ്ഞ് അത്തരം ശൈലികളെ പ്രോത്സാഹിപ്പിച്ച് പരിഹാരബോധനം നടത്തുമ്പോൾ അവര്‍ക്കു പഠനം എളുപ്പമാകും. അതുകൊണ്ട് പഠനത്തില്‍ വിഷമമുള്ള കുട്ടിയെ മടിയനെന്നു മുദ്രകുത്താതെ ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കാതെ അവരെ കൃത്യമായി വിലയിരുത്തി പരിഹാരം എത്രയും വേഗത്തിൽ തുടങ്ങുണം.
പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും
ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക പതിവാണ്. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍ തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യ മായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. പഠന വൈകല്യമുള്ള വര്‍ക്ക് ശ്രദ്ധാ വൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈക ല്യവും ഉണ്ടാകാനിടയുണ്ട്.
അമിത പ്രവർത്തനമാണ് (Hyper Activity) പഠന വൈകല്യത്തോടൊപ്പം കുട്ടികളിൽ കാണുന്ന മറ്റൊരു പ്രശ്നം. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട്. സഹപാഠികളോടുള്ള അനുവദനീയമല്ലാത്തതും അക്രമരീതിയിലുള്ളതുമായ പെരുമാറ്റങ്ങൾ, സാധനങ്ങൾ നശിപ്പിക്കുക, ഉയരങ്ങളിൽ ഓടിക്കയറുക തുടങ്ങിയ പ്രവൃത്തികൾ, അമിത സംസാരം എന്നിവയൊക്കെയാണ് ഇത്തരം പെരുമാറ്റ വൈകല്യത്തിന്റെ ലക്ഷണങ്ങൾ.
ലോകചരിത്രത്തിൽ ഉന്നതരായ പല വ്യക്തികളും ഇത്തരത്തിലുള്ള പഠനവൈകല്യമുള്ളവരായിരുന്നു. മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ, ചിത്രകാരൻ ലിയോനോർഡോ ഡാവിഞ്ചി, മുൻ അമേരിക്കൻ പ്രസിഡന്റ് വുഡ്റോ വിൽസൺ, ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെൽ എന്നിങ്ങനെ ലോകപ്രശസ്തരുടെ ഒരുനിരതന്നെയുണ്ട് പഠന വൈകല്യമുള്ളവരുടേതായി.
കാരണങ്ങളും പരിഹാര നിർദേശങ്ങളും
ജനിതകപരം ആകാമെങ്കിലും പ്രസവസമയത്ത് കുഞ്ഞുങ്ങൾക്ക് ഏല്ക്കുന്ന ക്ഷതവും ഒരളവുവരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചില രോഗങ്ങൾ, രോഗശമനത്തിന് നല്കുന്ന ചില മരുന്നുകൾ, കളിപ്പാട്ടങ്ങളിലൂടെയും മറ്റും കുട്ടികളുടെ ഉള്ളിൽ ചെല്ലുന്ന ലെഡിന്റെ അളവ്, പ്രസവസമയത്ത് അനുഭവപ്പെടുന്ന ഓക്സിജന്റെ ലഭ്യതക്കുറവ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.
അമ്മയുടെ മൊബൈൽഫോണിന്റെ അമിത ഉപയോഗം, മദ്യംപോലുള്ള ലഹരിപദാർഥങ്ങൾ ഇവയൊക്കെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയിൽത്തന്നെ ഏകദേശം 20 ശതമാനം കുട്ടികളിലും ഇത്തരം പഠനവൈകല്യങ്ങൾ ഉള്ളതായി ഈയിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിലാകട്ടെ 9 മുതൽ 13 ശതമാനംവരെ കുട്ടികളിൽ പഠനവൈകല്യമുള്ളതായാണ് പ്രാഥമിക കണ്ടെത്തലുകൾ. ഇത്തരം വൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് മുൻപേ സ്കൂളിലോ വീട്ടിലോ അവർക്ക് വ്യക്തിപരമായി നേരിടേണ്ടിവരുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നുകൂടി അറിയേണ്ടതുണ്ട്. മാതാപിതാക്കളിൽനിന്നും കുട്ടി ആഗ്രഹിക്കുന്നതും എന്നാൽ കിട്ടാതിരിക്കുകയും ചെയ്യുന്ന ശ്രദ്ധയും സ്നേഹവും പരിഗണനയും അംഗീകാരവുമൊക്കെ അവർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം.
വീട്ടിലെയോ കുടുംബങ്ങൾക്കിടയിലുുള്ളതോ ആയ സൗഹൃദാന്തരീക്ഷത്തിന് മാറ്റം വരികയോ, ക്ലാസ്സിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവുകയോ ഒക്കെ ചെയ്യുമ്പോൾ കുട്ടിക്ക് പഠനത്തിൽ താത്പര്യക്കുറവ് ഉണ്ടായി എന്നുവരാം. കാഴ്ചയിലും കേൾവിയിലുമുള്ള എന്തെങ്കിലും പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ടോയെന്നുപോലും നാം പരീക്ഷിച്ചറിയേണ്ടതാണ്.
അമ്മമാർ അറിയേണ്ടത്
പഠനവിഷയങ്ങളിൽ നിങ്ങളുടെ കുഞ്ഞുങ്ങൾ അവരുടെ കഴിവിനൊത്ത് ഉയരുന്നില്ല എന്ന് നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, പഠിക്കാൻ അലസത കാട്ടുന്നുണ്ടെങ്കിൽ, അകാരണമായി ഏതെങ്കിലും വിഷയത്തിലോ മറ്റു പാഠ്യവിഷയങ്ങളിലോ മാർക്ക് കുറയുന്നുണ്ടെങ്കിൽ, സ്കൂളിൽപോകാൻ രോഗകാരണങ്ങൾ പറഞ്ഞും അല്ലാതെയും മടികാണിക്കുന്നുണ്ട് എങ്കിൽ പഠനവുമായി ബന്ധപ്പെട്ട് അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടെന്നും അത് മാറ്റിയെടുക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ് എന്നും മനസ്സിലാക്കണം.
ഒരു ഡോക്ടർക്കോ കുട്ടികളുടെ മനഃശാസ്ത്രജ്ഞനോ ഒരു പരിധിവരെ പരിഹാരം നിർദേശിക്കാനാവുമെങ്കിലും പഠനവൈകല്യ പരിഹാര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അധ്യാപകർക്കായിരിക്കും ഇത്തരം പ്രശ്നങ്ങളിൽ അവരെ ഏറ്റവും കൂടുതൽ സഹായിക്കാനാവുക. സഹപാഠികളോടൊപ്പം തങ്ങളുടെ വൈകല്യങ്ങളെക്കുറിച്ച് ബോധവാന്മാരാവാതെ കളിച്ചും പഠിച്ചും അധ്യാപകരുടെ പരിശീലനത്തിലൂടെ ഈ കുറവുകൾ മാറ്റിയെടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
പഠിക്കുന്നില്ല, പരീക്ഷയിൽ മാർക്കില്ല, ബുദ്ധിയില്ല എന്നൊക്കെ തങ്ങളുടെ മക്കളെപ്പറ്റി പരിതപിക്കുന്നതിന് പകരം അവരുടെ കുറവുകളും വിഷമതകളും കണ്ടറിഞ്ഞ് ഉടൻതന്നെ അവ പരിഹരിക്കുവാൻ ശ്രമിക്കുകയാണ് ഇനിയെങ്കിലും നാം ചെയ്യേണ്ടത്.
ചികിത്സ
പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്‌റ്റ്, സൈക്കോളജിസ്‌റ്റ്, അധ്യാപകൻ, സ്‌പീച്ച് തെറാപ്പിസ്‌റ്റ് എന്നിവരുൾപ്പെടുന്ന ഒരു സംഘമാണ് രോഗം സംബന്ധിച്ച പരിശോധനകൾ നടത്തുക. എത്രകാലമായി കുട്ടിയ്ക്ക് പ്രശ്നം ആരംഭിച്ചിട്ട്, ഏതു തരത്തിലുള്ള പ്രശ്നമാണ് എന്നൊക്കെയുള്ള വിശദമായ ചരിത്രം, അധ്യാപകരുടെ റിപ്പോർട്ട്, ശാരീരിക– മാനസിക പരിശോധന, കാഴ്‌ചശക്‌തി-കേൾവിശക്‌തി പരിശോധന, ബുദ്ധിശക്‌തി പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവയാണ് മെഡിക്കൽ ടീം ആദ്യം പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. തുടർന്ന്, വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുളള കുട്ടിയുടെ കഴിവുകൾ അളക്കും. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് ചികിത്സ നിശ്‌ചയിക്കാറുളളത്.
അധ്യാപകരും രക്ഷിതാക്കളും ഒരു പോലെശ്രദ്ധിക്കണം
കാഴ്ചയ്ക്ക് പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍ക്കും, കുട്ടികളിലുള്ള ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കുവാനാകില്ല. കുട്ടികാലങ്ങളിൽ കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണ്ടു വരുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആയികൊള്ളണമെന്നില്ല. 5, 6, 7 (അപ്പർ പ്രൈമറി) ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യണം. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളിലെയും മറ്റ് എല്‍.പി. ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍ ഇപ്പോൾ കഴിയും. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.
വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവ രാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.
കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാൽ, കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്യാതെ, ആത്മവിശ്വാസം പകരുന്ന രീതിയിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത്. തോമസ് ആൽവാ എഡിസൺ, ആൽബർട്ട് ഐൻസ്‌റ്റീൻ, ലിയനാഡോ ഡാവിഞ്ചി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന വിൻസ്‌റ്റൺ ചർച്ചിൽ എന്നിവർക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു
Good😀👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
ReplyDelete