Sunday, October 6, 2019

ഒരുക്കാം ജൈവ വൈവിധ്യ ഉദ്യാനം

ഏതിനെയും ലാഭക്കണ്ണോടുകൂടി  കാണുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ നഷ്ടപ്പെടുത്തലുകൾ ജൈവവൈവിധ്യത്തിനു തികച്ചും ആഘാതമായിട്ടുണ്ട്. സാമൂഹ്യ മൂല്യ ശോഷണത്തിന്റെ പ്രതിഫലനം പ്രകൃതിയിലും കാണാവുന്നതാണ്. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറ ഒട്ടും ബോധവാന്മാരല്ല. ഈ വിഷയം സ്കൂൾ കുട്ടികൾക്കു പരിചയപെടുത്തുന്നതിൽ സ്കൂൾ പാഠ്യപദ്ധതിയിൽ വേണ്ടത്ര പ്രാധാന്യവും നൽകിയിട്ടില്ല.
നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്കൂൾ തലത്തിൽ നിന്ന് തന്നെയാണ്.

ലക്ഷ്യം:

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.

ഉദ്ദേശങ്ങൾ:
  • വിദ്യാലയത്തിന് ചുറ്റുമുള്ള വൈവിധ്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുക.
  • വിവിധ തരത്തിലുള്ള സസ്യജാലങ്ങൾ പക്ഷിമൃഗാദികൾ ഇവ ജീവിക്കുന്ന ചുറ്റുപാടുകൾ എന്നിവ സംബന്ധിച്ചു അറിവ് സമ്പാദിക്കുക.  
  • ജൈവവൈവിധ്യത്തിൻറെ ആവശ്യകതയെ കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രസക്തിയെ കുറിച്ചും അവബോധം സൃഷ്ടിക്കുക.
  • ശാസ്ത്രപഠനം പരിസരബന്ധിതമാക്കുക.
  • വിദ്യാലയത്തിന് ചുറ്റുമുള്ള സസ്യ-ജന്തു വൈവിധ്യം സംരക്ഷിക്കുക. 
  • വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും പൂച്ചെടികളും ചെറിയ മരങ്ങളും കുറ്റിച്ചെടികളും മറ്റും വെച്ച് പിടിപ്പിച്ചു അവിടം ഒരു പച്ചത്തുരുത്തായി മാറ്റുക.
  • വിദ്യാലയം പ്രകൃതി സൗന്ദര്യത്തിന്റെ മാതൃകയാക്കി മാറ്റി വിദ്യാർത്ഥികളുടെ ഇടയിൽ മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനുള്ള ഉപാധികളാക്കുക.
പദ്ധതി പ്രവർത്തനങ്ങൾ 
ജൈവ വൈവിധ്യ ഉദ്യാനം എന്ന പദ്ധതിയുടെ ഭാഗമായി താഴെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാവുന്നതാണ്.

മരങ്ങൾ, കുറ്റിച്ചെടികൾ, വേലിച്ചെടി നിരകൾ
ചെറുമരങ്ങൾ, ചെറു ഫലവൃക്ഷങ്ങൾ, മണ്ണൊലിപ്പ് തടയുന്ന, പക്ഷികൾക്ക് കൂടുകൂട്ടാൻ കഴിയുന്ന , കാലാവസ്ഥക്കും മണ്ണിനും ചേരുന്ന മരങ്ങൾ, ഔഷധ ചെടികൾ, പൂക്കൾ, ചെറുകായ്ക്കൾ/പഴങ്ങൾ എന്നിവ ഉണ്ടാകുന്ന കുറ്റിച്ചെടികൾ, ഭംഗി നൽകുന്ന കുറ്റിച്ചെടികൾ അതിർത്തികളിൽ മണ്ണൊലിപ്പ് തടയുന്ന / ഭംഗി നൽകുന്ന വെളിച്ചെടികൾ എന്നിവ തയ്യാറാക്കാം.

പുൽ പ്രദേശം /പുൽത്തകിടി
ഫലപുഷ്ടതയില്ലാത്ത മണ്ണിൽ പോലും വളരെ ചിലവ് കുറഞ്ഞ രീതിയിൽ പുൽത്തകിടി നിർമാണം. മണ്ണൊലിപ്പ് തടയാനുള്ള പുല്ലു വളർത്തൽ.

കുളങ്ങളും ജലസ്രോതസ്സുകളും
ആരോഗ്യ പ്രശ്നങ്ങളും, സുരക്ഷാ പ്രശ്നങ്ങളും ഉള്ളതിനാൽ കുളങ്ങൾ മറ്റു ജലസ്രോതസ്സുകൾ എന്നിവയുടെ നിർമാണം സ്കൂൾ പരിസരത്തു അനുയോജ്യമല്ല. എന്നിരുന്നാലും മഴവെള്ള സംഭരണി, തടയണ നിർമാണം എന്നിവയിലൂടെ ജലസംരക്ഷണം ഉറപ്പാക്കാവുന്നതും ജലത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്നതുമാണ്.

അതിർത്തി ഉണ്ടാക്കുക/ ഉയർന്ന തിട്ടകൾ
സ്കൂൾ പ്രദേശത്തിന്റെ അതിർത്തികളിൽ കായ്‌ഫലം/ പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ അതിർത്തിവേലി പോലെ നട്ടുവളർത്താവുന്നതാണ്.

 കായ്‌ഫലങ്ങളും മനോഹരങ്ങളായ പൂക്കളും പക്ഷികളെയും മറ്റു ചെറു പ്രാണികളെയും ആകർഷിക്കും.

വിവിധയിനം ജീവവർഗ്ഗങ്ങളുടെ വർദ്ധന
ചെറിയ കുറ്റിച്ചെടികളിലും മരങ്ങളിലും കൂടൊരുക്കൽ, പക്ഷികൾക്ക് രാത്രി പാർക്കുന്നതിനുതകുന്ന സാഹചര്യം സൃഷ്ടിക്കൽ, ഭക്ഷണം നൽകൽ, വെള്ളം നൽകൽ  തുടങ്ങിയ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യാം.

ചെറു മൃഗങ്ങൾ, പക്ഷികൾ, വവ്വാൽ, ചിത്രശലഭങ്ങൾ, തേനീച്ചകൾ തുടങ്ങിയവയെ  ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് ആകർഷിക്കാം.
സ്കൂൾ പത്രം.കോം

ഗ്രീൻ റൂഫ്/ ഹരിതഭവനം
കെട്ടിട മേൽക്കൂരകളിലോ, വൃക്ഷങ്ങളിലോ പടർന്നു പന്തലിക്കുന്ന തരത്തിലുള്ള വള്ളിച്ചെടികളെ നട്ടുവളർത്താം.

ജൈവവൈവിധ്യ  രജിസ്റ്റർ
വിദ്യാലയ ചുറ്റുപാടിലുള്ള സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും മറ്റു ജീവജാലങ്ങളുടെയും വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിക്കാം, കൂട്ടിച്ചേർക്കാം, വർഗ്ഗീകരിക്കാം, ജൈവവൈവിധ്യത്തിന്റെ വ്യതിയാനം രേഖപെടുത്താം.

No comments:

Post a Comment