സെപ്റ്റംബര്‍ 21 അൽഷിമേഴ്സ് ദിനം
ഓര്‍മയുടെ അറകള്‍ ശൂന്യമാകുമ്പോള്‍
- അൽഷിമേഴ്സ്: ഓര്‍മ്മകളില്ലാത്ത മനുഷ്യന് എന്തുതരം ജീവിയായിരിക്കും?
- ഓര്മ്മവറ്റിയവരും വാര്‍ന്നൊഴുകി തീരുന്നവരുമായ മനുഷ്യര്‍ക്കുവേണ്ടിയുള്ള ദിനം. ഏകദേശം 30 ദശലക്ഷം പേര് വരും അൽഷിമേഴ്സ് എന്ന ഈ മറവി രാജ്യത്തെ ജനസംഖ്യ. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന, പ്രണയിക്കുന്നവരുടെ പേരുമറന്നുപോകുന്ന, അര്ഥമില്ലാതെ ചിരിക്കുന്നവരുടെ വലിയൊരു രാജ്യം
- അൽഷിമേഴ്സ് ഇനിയും ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത അസുഖങ്ങളിലൊന്നാണ്. ഒരാളുടെ ഓര്‍മ്മകളില്‍ മറ്റൊരാള്‍ എന്താണ് ചെയ്യാനാകുക, ഏറിവന്നാല്‍ കണ്ടുനില്ക്കാം. ഇതളുകള്‍പോലെ ജീവിതം ഊര്‍ന്നുവീഴുന്നത്. പതിയെ ആവേശിക്കുകയും കാലംകൊണ്ട് പൂര്‍ണമായും പൊതിയുകയും ചെയ്യുന്ന രോഗമാണിത്. ഒരിക്കല്‍ ആ വഴിയില്‍ നടക്കാന്‍ തുടങ്ങിയാല്‍ തിരിച്ചുപോക്കില്ല.
- പാരമ്പര്യമാണ് അല്സൈമേഴ്സിന്റെ തുടക്കമെന്ന് ഗവേഷകര്‍ കരുതുന്നു. പ്രായം 60 പിന്നിടുന്ന വഴിയിലൊരിടത്ത് ഓര്‍മ്മയുടെ പൂക്കള്‍ കൊഴിഞ്ഞുതുടങ്ങുന്നു. പേരുകള്‍ മറക്കുന്നു, രീതികള്‍ മറക്കുന്നു, തമാശകള്‍ അറിയാതെ ചിരിക്കേണ്ടി വരുന്നു, ചങ്ങലയിട്ടതുപോലെ ചലനം നിലയ്ക്കുന്നു, പരിചിതമായ മുഖങ്ങള്‍ ചുരുങ്ങുന്നു, ചുറ്റുമുള്ളവരെല്ലാം രോഗികളാണെന്ന് തോന്നുന്നു.
- തലച്ചോറിനുള്ളിലെ നാഡികള്‍ക്ക് സംഭവിക്കുന്ന കോട്ടമാണ് അൽഷിമേഴ്സ് ഉള്‍പ്പെടെയുള്ള മറവി രോഗങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് എങ്ങനെ തിരുത്തിയെഴുതുമെന്നതില് ഇപ്പോഴും ഉത്തരമില്ല. പ്രായമായവരിലാണ് അസുഖത്തിന് സാധ്യതയെങ്കിലും 40 വയസിന് മുകളിലുള്ളവര്‍ക്കും അൽഷിമേഴ്സ് കണ്ടുവരുന്നുണ്ട്.
- അൽഷിമേഴ്സ് രോഗിക്കൊപ്പം അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കപ്പെടണം. ശ്രമകരമായ ഒരു ജോലിയാണ് അൽഷിമേഴ്സ് രോഗിക്കൊപ്പം ജീവിക്കുന്നത്. ഓര്‍മ്മകളില്‍ നിന്നെല്ലാം ഊര്‍ന്നുവീണ് അവരുടെത് മാത്രമായ ഒരു ലോകത്ത് ചേക്കേറുകയായിരിക്കും എല്ലായിപ്പോഴും രോഗികള്‍.
- അവരെക്കാള്‍ ക്ഷമയോടെ മാത്രമേ അവരെ സമീപിക്കാന്‍ കഴിയൂ. വാക്കുകള്‍, വസ്തുക്കള്‍, വേദനകള്‍ എല്ലാം ആവര്‍ത്തിക്കേണ്ടിവരും. അവരൊന്നും ഓര്‍മ്മിക്കുന്നില്ലെന്ന ഓര്‍മ്മ നിങ്ങള്‍ക്കുവേണം.
ഓര്‍മയുടെ അറകള്‍ ശൂന്യമാകുമ്പോള്‍
- മനുഷ്യനെമനുഷ്യനാക്കുന്ന സവിശേഷമായ കഴിവാണ് ഓർമ. ഓർമ പോയാൽ പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം അല്ലേ. എല്ലാമറിയാമെന്ന അഹങ്കാരത്തിൽ നിന്ന് ഒന്നുമറിയില്ല എന്ന അവസ്ഥയിലേക്കുള്ള ആ പതനം എത്ര വേദനാജനകമാണ്. മറവിയുടെ നിലയില്ലാകയമാണ് അൽഷൈമേഴ്സ് എന്നു പറയാം.
- 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യൺ അൾഷൈമേഴ്സ് രോഗികൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവിൽ അൽഷൈമേഴ്സ് രോഗികളിൽ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയിൽ ഏറ്റവുമധികം വളർച്ചയുള്ള ചൈനയിലും ഇന്ത്യയിലും അൽഷൈമേഴ്സ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ കണക്കുകൾ.
- കേരളത്തിലും അൽഷൈമേഴ്സ് അടക്കമുള്ള മേധാക്ഷയ രോഗങ്ങൾ ഏറിക്കൊണ്ടിരിക്കുകയാണ്. ആയുർദൈർഘ്യം കൂടിയതാണ് പ്രായമായവരിൽ കാണപ്പെടുന്ന ഇത്തരം അസുഖങ്ങൾ വർധിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 10 ശതമാനത്തിലധികം പേർ അറുപതുകഴിഞ്ഞവരാണെന്ന് ഓർക്കുക. ഡിമൻഷ്യ രോഗികളിൽ പകുതിയലധികം പേർക്കും മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്ന അൽഷൈമേഴ്സ് രോഗമാണുള്ളത്.
- തലച്ചോറിലെ ചില ഭാഗങ്ങൾ രക്തയോട്ടമില്ലാതെ നിർജീവമായിത്തീരുന്നതുകൊണ്ടുണ്ടാകുന്ന മൾട്ടി ഇൻഫാർക്ട് ഡിമൻഷ്യയാണ് നമ്മുടെ നാട്ടിൽ അധികമായി കണ്ടുവരുന്നത്. അൽഷൈമേഴ്സ് രോഗത്തിന് ഫലപ്രദമായ ചികിൽസ ഇന്നും ലഭ്യമല്ല എന്നുതന്നെ പറയാം. പ്രമേഹരോഗികളിലും അധിക രക്തസമ്മർദമുള്ളവരിലും ഈ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും ബി.പി.യും അമിത കൊളസ്ട്രോളുമടക്കമുള്ള ജീവിത ശൈലീരോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ അതുകൊണ്ടുതന്നെ അൽഷൈമേഴ്സ് രോഗപ്രതിരോധത്തിന് പ്രസക്തിയേറെയാണ്.
- ചെറിയ ഓർമക്കുറവും ആശയക്കുഴപ്പവുമായിട്ടായിരിക്കും പലപ്പോഴും അൽഷൈമേഴ്സിന്റെ തുടക്കം. തുടർന്ന് പതിയെ മാനുഷിക ശേഷികൾ നഷ്ടമാവും. ഓർമശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകൾ, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി, സങ്കൽപ്പിക്കാനുള്ള കഴിവുകൾ അങ്ങനെ സ്ഥലകാലങ്ങളിൽ നമ്മെ ഉറപ്പിച്ചുനിർത്താനുള്ള കഴിവുകളൊന്നൊന്നായി ചോർന്നുപോകും. എന്നുവെച്ച് എല്ലാ ഓർമക്കേടുകളും അൽഷൈമേഴ്സ് ആകണമെന്നില്ല. അതുകൊണ്ട് സാധാരണ പലർക്കുമുണ്ടാകുന്ന ചെറിയ ഓർമക്കേടുകളെക്കുറിച്ച് വേവലാതിപ്പെടേണ്ട. അവയിൽ പലതും പിന്നീട് തിരിച്ചുകിട്ടുന്നതാണ്.
- ഒരേ കാര്യംതന്നെ ആവർത്തിച്ചു ചെയ്യുക, പറഞ്ഞതും കേട്ടതുമൊക്കെ മറക്കൽ പതിവാകുക, നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത സ്ഥലത്ത് സാധനങ്ങൾ സ്ഥാനം തെറ്റിച്ചുവെക്കുക, അക്കങ്ങൾ തിരിച്ചറിയാതാവുക, സംസാരിക്കുമ്പോഴും മറ്റും അനുയോജ്യമായ വാക്കുകൾ കണ്ടെത്താൻ കഴിയാതാവുക, സ്ഥലകാലബോധം നഷ്ടമാവുക, വിഷാദം, ഉത്കണ്ഠ, അടിക്കടി ഭാവമാറ്റം, ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാനാവാത്ത വിധമുള്ള മറവി തുടങ്ങിയവയൊക്കെയാണ് അൽഷൈമേഴ്സിന്റെ സാധാരണ ലക്ഷണങ്ങൾ.
- ഇവയിൽ ചില ലക്ഷണങ്ങൾ മറ്റു ചില രോഗങ്ങളോടൊപ്പവും കാണാറുള്ളതുകൊണ്ട് കൃത്യമായ പരിശോധനകളിലൂടെയേ രോഗം അൽഷൈമേഴ്സ് ആണെന്ന് ഉറപ്പു വരുത്താവൂ. സ്കാനിങ്, ന്യൂറോസൈക്കോളജിക്കൽ ടെസ്റ്റിങ്, രക്തപരിശോധന തുടങ്ങിയവയൊക്കെ രോഗനിർണയത്തിന് സഹായകരമാവും
- അൽഷൈമേഴ്സിന് ഒന്നിലധികം ഘടകങ്ങൾ കാരണമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ, ജനിതക പ്രത്യേകതകൾ ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്ക കോശങ്ങൾ തകരാറിലാവുകയും നശിക്കുകയുമാണ് അൽഷൈമേഴ്സിൽ സംഭവിക്കുന്നത്. ഇത് രണ്ടുവിധത്തിൽ സംഭവിക്കാറുണ്ട്. മസ്തിഷ്ക കോശങ്ങൾക്കിടയിൽ പ്ളാക്കുകളുണ്ടായി അവയ്ക്കിടയിൽ ആശയവിനിമയം തടസ്സപ്പെടുന്നതുമൂലവും പ്രോട്ടീനുകളിൽ മാറ്റങ്ങളുണ്ടായി കോശങ്ങളിലെ ആന്തര ഘടനതന്നെ മാറിപ്പോയും കോശങ്ങൾ നശിക്കും.
- പ്രായം, പാരമ്പര്യം, ജീവിത ശൈലീരോഗങ്ങൾ, ബുദ്ധിപരമായ തകരാറുകൾ, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ അപകട ഘടകങ്ങളാണ്. ലിംഗപരമായി സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്. 65 വയസ്സിനുമേൽ പ്രായമുള്ളവരെയാണ് രോഗം സാധാരണ ബാധിക്കാറ്. 85 കഴിഞ്ഞ 50 ശതമാനം പേർക്കും അൽഷൈമേഴ്സ് ഉണ്ടാകും. രോഗം പൂർണമായി ഭേദമാക്കാൻ സഹായിക്കുന്ന ചികിത്സകൾ ഇന്നും ലഭ്യമല്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളാണ് നൽകുന്നത്. രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് പ്രധാന പരിഗണന നൽകുന്നത്.
- അൽഷൈമേഴ്സ് പ്രതിരോധത്തിന് നിലവിൽ വാക്സിനുകളൊന്നും ലഭ്യമല്ല. രോഗം പൂർണമായി ഭേദമാക്കാൻ കഴിയുന്ന മരുന്നുകളും ഇല്ല. അപ്പോൾപ്പിന്നെ എന്താണ് വഴി? ജീവിതശൈലിയിൽ ആരോഗ്യകരമായ ക്രമീകരണങ്ങളാണ് ഏക പോംവഴി. ആരോഗ്യകരമായ ശീലങ്ങളിലൂടെ അൽഷൈമേഴ്സിനെ പ്രതിരോധിക്കാനും വൈകിക്കാനും കഴിയും. ശാരീരികമായും മാനസികമായും സാമൂഹികമായും സജീവത നിലനിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ് ജീവിതശൈലീ ക്രമീകരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്.
- വ്യായാമം പതിവാക്കുക. അത് തലച്ചോറിന് നവോന്മേഷം പകരും
- ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- ബി.പി, അമിതകൊളസ്ട്രോൾ, പ്രമേഹം എന്നിവയുണ്ടെങ്കിൽ അവ മരുന്നുകഴിച്ച് കൃത്യമായി നിയന്ത്രിക്കുക.
- ബുദ്ധിക്ക് വ്യായാമമേകുന്ന വിനോദങ്ങളിൽ ഏർപ്പെടുക. യുക്തിവിചാരവും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്ന ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടുക
- മീനെണ്ണ ആഹാരത്തിൽ ഉൾപ്പെടുത്തുക
- മഞ്ഞളടങ്ങിയ കറികൾ ധാരാളമായി കഴിക്കുക
- വിറ്റാമിൻ ഇ ധാരാളമുള്ള ഇലക്കറികൾ, അണ്ടിവർഗങ്ങൾ എന്നിവ പതിവാക്കുക
- മാനസിക പിരിമുറുക്കം കുറയ്ക്കുക
- നിത്യവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക
- വായനയും എഴുത്തും പതിവാക്കുക
- പാട്ട് കേൾക്കുക
- പുകവലിയും മദ്യപാനവും ഒഴിവാക്കുക
- ശുഭചിന്തകൾ സദാ നിലനിർത്തുക
- ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുക
- നല്ല സൗഹൃദങ്ങൾ സജീവമായി നിലനിർത്തുക
No comments:
Post a Comment