Saturday, September 28, 2019

സെപ്റ്റംബർ 29, ഹൃദയത്തെക്കുറിച്ച് ഓർക്കാൻ ഒരു ദിനം കൂടി.


 ഹൃദയ ദിനം
മനുഷ്യ ശരീരത്തില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്‌സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്‌സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവം. അതുകൊണ്ട് തന്നെ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും ജീവന്‍ വരെ നഷ്ടപ്പെടാനും കാരണമാവാം.

നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് അത്രത്തോളം കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് അത്ര നിസാരമായി കാണേണ്ട കാര്യമല്ല. അതുകൊണ്ട് തന്നെയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയ സുരക്ഷയ്ക്കായുള്ള ബോധവത്കരണവും മുന്നറിയിപ്പുമായി സെപ്തംബര്‍ 29-ന് ലോക ഹൃദയ ദിനം ആചരിച്ച് വരുന്നത്.

ഹൃദയസുരക്ഷയ്ക്ക് കരുത്തും കരുതലും പങ്ക് വെക്കുക(ഷെയര്‍ യുവര്‍ പവര്‍) എന്നതാണ് ഈവര്‍ഷത്തെ ഹൃദയദിന സന്ദേശം. ഹൃദയ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പങ്ക് വെക്കാമെന്നും ഈ ദിനം ജനങ്ങളോട് പറയുന്നു. ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഗ്രാമവാസികളേക്കാള്‍ മൂന്നിരട്ടിയാണ് നഗരവാസികളിലെ ഹൃദ്രോഗ സാധ്യത. കേരളത്തില്‍ ഗ്രാമീണരില്‍ പോലും ഹൃദ്രോഗ സാധ്യത കൂടി വരുന്നുവെന്നാണ് പറയപ്പെടുന്നത്.

പ്രമേഹം, കൊളസ്ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ പോലെ ഒന്നായിരിക്കുകയാണ് ഹൃദ്രോഗവും. ജനങ്ങൾക്കിടയിൽ ഹൃദ്രോഗം കൂടിവരുന്ന സാഹചര്യത്തിൽ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം, ഏറ്റവും അപകടകാരിയുമായ അവയവമായി മാറിയിരിക്കുകയാണ് ഹൃദയം. ആരോഗ്യമുള്ള ഹൃദയത്തിന്റെ ഹീറോകളാകുക എന്ന സന്ദേശമാണ് ഈ വർഷത്തെ ഹൃദയദിനത്തിൽ വേൾഡ് ഹാർട്ട് ഓർഗനൈസേഷൻ മുന്നോട്ടുവെക്കുന്നത്, 'my heart your heart, be a heart hero.'

ആഗോളതലത്തിലെ കണക്കുകൾ പ്രകാരം ഹൃദ്രോഗത്തിന്റെ തലസ്ഥാനം തന്നെയായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളവും. (ദേശീയ ശരാശരിയുടെ മുകളിലാണ് കേരളത്തിന്റെ സ്ഥാനം.) പ്രായമായവരിൽ കണ്ട് വന്നിരുന്ന ഹൃദയാഘാതവും മറ്റു ഹൃദ്രോഗങ്ങളും ഇന്ന് ചെറുപ്പക്കാരിലും സാധാരണ സംഭവമായി മാറി. 30, 40 വയസ്സു മുതൽ തന്നെ ഹൃദ്രോഗലക്ഷണങ്ങളുമായി എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്.

പ്രമേഹം, അമിതമായ കൊളസ്ട്രോൾ, രക്തസമ്മർദം, പൊണ്ണത്തടി, മാനസികസമ്മർദം, എന്നിവയുമായി ബന്ധപ്പെട്ടിരിക്കുകയാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ, വ്യായാമമില്ലാതെയുള്ള ജീവിതശൈലികളും പുകവലിയും ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിന്റെ പ്രധാന ഘടകങ്ങളാകുന്നു. പുരുഷമാരിൽ മാത്രമല്ല, സ്ത്രീകളിലും ഹൃദ്രോഗം കാണാപ്പെടുന്നുണ്ട്. പുരുഷന്മാരിലാണ് ഏറ്റവുമധികം ഹൃദ്രോഗമുണ്ടാകുന്നതെന്നാണ് പൊതുധാരണ. എന്നാൽ ഹൃദ്രോഗത്തിന്റെ കാര്യത്തിൽ സ്ത്രീകളും പുറകിലല്ല.

സ്ത്രീകളിൽ ഈസ്ട്രജന്റെയും മറ്റു ഹോർമോണുകളുടെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പറയപ്പെടുന്നത്. എന്നാൽ, പുരുഷന്മാരെ പോലെ തന്നെ വ്യായാമക്കുറവും ജീവിതശൈലിയും, കൊളസ്ട്രോൾ, രക്തസമ്മർദം, മാനസികപിരിമുറുക്കം, എന്നിവ സ്ത്രീകളിലും ഹൃദ്രോഗമുണ്ടാക്കുന്നു. കൂടാതെ, ആർത്തവവിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത പ്രകടമാംവിധം കൂടുന്നുണ്ട്. സ്ത്രൈണതയുടെ കവചമായി നിലനിൽക്കുന്ന ഈസ്ട്രജൻ ഹോർമോൺ കുറയുന്നതാണ് ഇതിനു കാരണം. അലംഭാവവും അശ്രദ്ധയും മൂലം പലപ്പോഴും സ്ത്രീകളിലെ ഹൃദ്രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെ ആദ്യ ഹൃദയാഘാതത്തിൽ തന്നെ സ്ത്രീകൾ മരിച്ചുപോകുന്നത് വിരളമല്ല.

ഹൃദ്രോഗം എന്നാൽ ഹൃദയാഘാതം മാത്രമല്ല. ഹൃദയ രക്തധമനികൾക്കുണ്ടാകുന്ന തടസ്സങ്ങൾ അഥവാ ഹാർട്ട് അറ്റാക്ക്, ഹൃദയത്തിലെ വാൽവുകളുടെ അസുഖം (വാൽവുലാർ ഹാർട്ട് ഡിസീസ്), ജനിതകമായി ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ (കൺജനീറ്റൽ ഹാർട്ട് ഡിസീസ്) എന്നിവയാണ് പ്രധാനമായ മൂന്നു ഹൃദ്രോഗങ്ങൾ. ഇതിൽ 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത് ഹൃദയാഘാതം അഥവാ ഹാർട്ട്അറ്റാക്ക് ആണ്. ബാക്കി 20 ശതമാനമാണ് ജനിതകമായും ഹൃദയത്തിന്റെ വാൽവുകൾക്കുമായി അസുഖം ഉണ്ടാകുന്നത്. ജീവിതശൈലിയും ഭക്ഷണവും ചിട്ടയാക്കുന്നതിലൂടെ ഹൃദ്രോഗത്തെ അകറ്റാൻ സാധിക്കുന്നതാണ്. കൂടാതെ, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ശ്രമിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയുന്നതാണ്. പുകവലി നിർത്തുക, ആരോഗ്യമുള്ള ഭക്ഷണം, ഭക്ഷണത്തോടൊപ്പം അരമണിക്കൂർ നടക്കുക, ഓടുക, അല്ലെങ്കിലും മറ്റേന്തെങ്കിലും തരത്തിലുള്ള രക്തത്തിലെ പ്രാണവായുവിന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ എന്നിവ ഹൃദ്രോഗത്തെ അകറ്റി നിർത്താനും ആരോഗ്യമുള്ള ഹൃദയത്തിന്റെ യഥാർഥ ഹീറോകളാക്കാനും സഹായിക്കും.

ഈ ശീലങ്ങള്‍ തിരുത്തൂ, ഹൃദയത്തെ സംരക്ഷിക്കാം

  • ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കണം. 
  • സൂഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ ഭക്ഷണത്തിന് പകരം രസകരമായി ഭക്ഷണം പാകം ചെയ്യുക, ചെറിയ യാത്രകൾ, നടത്തം, മീൻപിടിത്തം, സൈക്കിളിങ് ഇതെല്ലാം സുഹൃദ്ബന്ധങ്ങൾ കൂട്ടുകയും കൂടുതൽ ആനന്ദദായകവും ആയിരിക്കും.
  • ഇന്ന് യുവാക്കളിൽ കാണുന്ന തെറ്റായ പ്രവണതകൾ ഒരുതരത്തിൽ ശാരീരിക വ്യായാമത്തിലൂടെയും, കളികളിലൂടെയും ഒരു പരിധിവരെ മാറ്റി എടുക്കാൻ സാധിക്കും. സ്കൂളുകളിൽ കുട്ടികളുടെ ശാരീരിക ശിക്ഷണം, ആഹാരക്രമം മുതലായവ ഒരു പാഠ്യപദ്ധതിയാക്കി അതിന് തീർച്ചയായും പോയിന്റ് കൊടുക്കണം. ഉയർന്ന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് തീർച്ചയായും ശാരീരികക്ഷമതയ്ക്കുള്ള പോയിന്റുകളും കൂടി പരിഗണിക്കണം.
  • ചൊട്ടയിലെ ശീലം ചുടല വരെ എന്നാണ് ചൊല്ല്. ഇത് ഒരുതരത്തിൽ ശരിയാണ്. വീടുകളിൽ കളി കഴിഞ്ഞാൽ തന്റെ കളിസ്ഥലങ്ങളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാനും അവ എടുത്തുവെയ്ക്കാനും കുട്ടികളെ നിർബന്ധിക്കണം. ശിക്ഷണം ഇവിടെ തുടങ്ങുന്നു. ആഹാരം നിശ്ചിത സമയംകൊണ്ട് മാത്രമേ കഴിക്കുവാൻ പാടുള്ളൂ എന്ന് സമ്മതിപ്പിക്കണം. ഇതുകൊണ്ട് ഒരു പരിധിവരെ ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനും കുട്ടി തയ്യാറാകുന്നു. ഇത് അമിതാഹാരത്തെ നിയന്ത്രിക്കുന്നു. ആഹാരത്തിനൊപ്പം വായിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവ കഴിവതും ഒഴിവാക്കണം. ഈ സമയം കുടുംബത്തിലെ അംഗങ്ങൾ പരസ്പരം സംസാരിക്കുവാൻ സമയം കണ്ടെത്തെണം
  • സോഷ്യൽ മീഡിയ ഇന്ന് ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ഇത് നമുക്ക് തീർച്ചയായും രോഗപ്രതിരോധത്തിന് സഹായകമാക്കാം, പല കൂട്ടായ്മകളിൽ കൂടി. ഒരുപാട് ഡിജിറ്റൽ ഉപകരണങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ, വ്യായാമവും ആവശ്യമുണ്ടൈങ്കിൽ മരുന്നുകഴിക്കുവാനുള്ള ആർജവവുമാണ് നാം കണ്ടെത്തേണ്ടത്. ശരിയായ ചികിത്സയും ആഹാരനിയന്ത്രണങ്ങളും വ്യായാമങ്ങളും ഉള്ള പ്രമേഹരോഗി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ആളുമായി താരതമ്യം ചെയ്താൽ കൂടുതൽ കാലം ആരോഗ്യവാനായി ജീവിച്ചിരിക്കും.
  • എല്ലാവരും സ്വന്തമായി ഒരു തീരുമാനം എടുക്കണം. ഞാൻ സ്വയം ആരോഗ്യകരമായ ജീവിതരീതി പിൻതുടരും. അതുപോലെ തന്നെ എന്റെ പ്രിയപ്പെട്ടവരെയും അതിന് പ്രചോദിപ്പിക്കും. പുകവലി ഉപേക്ഷിക്കുക
  • ജങ്ക് ഫുഡ് ഉപേക്ഷിക്കും. ഉപ്പ്, മധുരം എന്നിവയെ ഇന്ന് വൈറ്റ് പോയിസൺ എന്നാണ് വിളിക്കുന്നത്. ഇത് കഴിവതും കുറയ്ക്കും (6 ആഴ്ചകൾ മാത്രമേ നമ്മുടെ നാക്കിന്റെ രുചി മാറ്റുവാൻ എടുക്കുകയുള്ളൂ) അച്ചാറും പപ്പടവും വിശേഷ അവസരങ്ങളിൽ മാത്രമേ ഉപയോഗിക്കൂ. ശരിയായ ഭക്ഷണം കഴിക്കാൻ ശ്രമിക്കും. സമീക്രതമായ ഭക്ഷണം. അതിൽ ഇലക്കറികളും പഴവർഗ്ഗങ്ങളും.
  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മത്തി, അയല മുതലായ മത്സ്യങ്ങളും ഉൾപ്പെടുത്തും. അമിതമായ മദ്യപാനം നിർത്തുക, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം നിർത്തുക.
  • ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിർത്തുക, എണ്ണ ആവശ്യത്തിന് മാത്രം. വറുത്ത ആഹാരങ്ങൾ വിശേഷ അവസരങ്ങളിലേക്ക് മാറ്റിവെയ്ക്കുക.
  • ചുവന്നമാംസം വിശേഷ അവസരങ്ങളിൽ ഉപയോഗിക്കുകയുള്ളു അല്ലെങ്കിൽ ആഴ്ചയിലോ മാസത്തിലോ മാത്രം.
  • ഫുൾ ക്രീം തൈരിന് പകരം കൊഴുപ്പുകുറഞ്ഞ തൈര്, മോര് ഉപയോഗിക്കുക.
  • എല്ലാ ദിവസവും പറ്റുമെങ്കിൽ ആഴ്ചയിൽ 45-60 മിനിറ്റ് വ്യായാമം ചെയ്യും.
  • 20 മിനിറ്റിൽ കൂടുതൽ ഒരു സ്ഥലത്ത് വെറുതെ ഇരിക്കില്ല. ചെറിയ നടത്തം, ചെറിയ ജോലികൾ ചെയ്തുകൊണ്ടിരിക്കുക
  • ആരോഗ്യകരമായ ദാമ്പത്യജീവിതം ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കും എന്നു മാത്രമല്ല ആയുസ്സ് പ്രദാനം ചെയ്യുകയും ചെയ്യും.
  • കുടുംബത്തോട് അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ചുസമയം പങ്കുവെയ്ക്കാൻ ശ്രമിക്കണം.
  • 25-30 വയസ്സ് കഴിഞ്ഞ എല്ലാവരും ബി.പി., ഷുഗർ, കൊളസ്ട്രോൾ 5വർഷത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. വ്യതിയാനം കണ്ടാൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം
ജീവിതശൈലി തന്നെ പ്രധാന വില്ലന്‍

ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിയിലെ പ്രശ്‌നം തന്നെയാണ്. പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. ഒരു കാലത്ത് 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ഹൃദയാഘാതം കണ്ട് വന്നിരുന്നതെങ്കില്‍ ഇന്നത് പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ പോലും കണ്ട് വരുന്നു. നാല്‍പത് വയസ്സിനോടടുപ്പിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്, എന്നിവ പരിശോധിക്കേണ്ടതാണ്.

നോ പറയാം പുകവലിയോട്

പുകവലി പൂര്‍ണമായി വര്‍ജിച്ച് കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കണമെന്നാണ് ഈ ഹൃദയ ദിനത്തിലെ മറ്റൊരു സന്ദേശം. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണവും പുകവലി തന്നെ. പുകവലിക്ക് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2025 ആകുന്നതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

അപകട സാധ്യതകള്‍

പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, പുകയില ഉപയോഗം, ഹൃദ്രോഗ പാരമ്പര്യം, പ്രമേഹം, തെറ്റായ ജീവിത ശൈലി, മാനസിക സമ്മര്‍ദം.

പരിശോധനകള്‍

ഇലക്ട്രോ കാര്‍ഡിയോഗ്രാം(ഇ.സി.ജി), കൊറോണറി ആന്‍ജിയോഗ്രാഫി, ട്രോപ്പോണില്‍ രക്തപരിശോധന, രക്തത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിര്‍ണ്ണയം, എക്കോ കാര്‍ഡിയോഗ്രാം, എക്‌സര്‍സൈസ് ടോളറന്‍സ് ടെസ്റ്റ്(വ്യായാമ സഹിഷ്ണുതാ പരിശോധന)എന്നിവയാണ് പൊതുവെ പ്രചാരത്തിലുള്ള പരിശോധനാ രീതികള്‍.

പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി

ഹൃദയാഘാതം സംഭവിച്ച് 90 മിനിറ്റിനകം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയമാക്കുകയാണെങ്കില്‍ കിതപ്പും നെഞ്ചുവേദനയും ശമിപ്പിച്ച് രക്തപ്രവാഹത്തെ മെച്ചപ്പെടുത്തി രോഗിയെ രക്ഷിക്കാം.

ത്രോംബോലൈസിസ്

ഞരമ്പുകളിലൂടെ രക്തത്തെ അലിയിക്കാനുള്ള മരുന്നുകള്‍ കടത്തിവിടുകയാണ് ത്രോംബോലൈസിസ് എന്ന പ്രക്രിയയില്‍ ചെയ്യുന്നത്. ഹൃദയാഘാതം വളരെ നേരത്തെ നിര്‍ണയിക്കപ്പെട്ടുവെങ്കില്‍ മാത്രമാണ് ഈ രീതി ഫലം ചെയ്യുക.

ഹൃദയസ്തംഭനം നേരിടാൻ സിപിആർ പരിശീലിക്കാം. എങ്ങനെ ചെയ്യാം സിപിആർ?
പ്രഥമശുശ്രൂഷ
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന വ്യക്തിയെ സമാശ്വസിപ്പിച്ച് കസേരയിൽ ചാരിയിരുത്തുക. തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കണം. ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കണം. തളർന്ന് അവശനായി ഇരിക്കുകയോ കുഴഞ്ഞുവീഴുകയോ ചെയ്താൽ ഉടൻ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തണം. കാലിനടിയിലായി ഒരു തലയണവെച്ച് കാൽഭാഗം ഉയർത്തിവെക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കും. ബോധം വീണ്ടെടുക്കാനും ഇതുപകരിക്കും. രോഗിയുടെ ശ്വാസോച്ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥ മനസ്സിലാക്കണം. മൂക്കിനു താഴെ ചൂണ്ടുവിരൽ പിടിച്ചുനോക്കുകയാണെങ്കിൽ നിശ്വാസവായു സ്പർശിച്ചറിയാൻ കഴിയും. ഒപ്പം നെഞ്ചിൻകൂടിന്റെ താളാത്മകമായ ചലനവും മനസ്സിലാക്കാം.

No comments:

Post a Comment