Wednesday, September 25, 2019

Kerala School Sasthrolsavam 2019 -20 Online Entry



കേരള സ്കൂള്‍ ശാസ്ത്രോല്‍സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ  എന്‍ട്രി ഇപ്പോള്‍ നടത്താം ,കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും  വെബ്‌സൈറ്റില്‍   മാറ്റം വന്നിട്ടുണ്ട്. ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ  യൂസര്‍ ഐ ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം.ഡാറ്റാ എന്‍ട്രി  യൂസര്‍ മാന്വല്‍ ,ശാസ്ത്രോല്‍സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍..











കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങി, 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.

പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:

ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.

LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.

ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക്‌ അടുത്ത ലെവലിൽ (ജില്ലാ/സംസ്ഥാന തല മത്സരത്തിൽ) പങ്കെടുക്കാം.

ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
80% - 100% : A Grade
70 - 79 : B
60 - 69 : C

പഴയതിൽ ഇത് 70 – 100, 60 – 69, 50 – 59 എന്നിങ്ങനെ ആയിരുന്നു.
പുതിയ മാന്വൽ പ്രകാരം 60% ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.

ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.

സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് മത്സര സമയത്ത് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.

അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്

അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.(പഴയ ഫീസ് ബ്രാക്കറ്റിൽ)

സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
ഉപജില്ലാ തലത്തിൽ 500 രൂപ.(പഴയ ഫീസ് 250 രൂപ.)
റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)

  9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന, മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും 20 രൂപ രജിസ്‍ട്രേഷൻ ഫീസ് നല്കണം.

ഒരു മേളയുടേയും അദ്ധ്യാപക മത്സരങ്ങൾ, Talent Search Examination, മാഗസിൻ മത്സരം എന്നിവ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.

ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യ നിർണയ ഉപാധികളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.

ഗണിതശാസ്‍ത്രമേളയിൽ എൽ. പി. വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി.
യു. പി. വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തി.
എൽ. പി. ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.

സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് മാറ്റം.

പ്രവൃത്തിപരിചയമേളയിൽ തത്‍സമയ നിർമ്മാണ മത്സരത്തിൽ
എൽ. പി., യു. പി. വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണം എന്ന മത്സര ഇനവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റ മത്സര ഇനമാക്കി മാറ്റി.

ഐ.ടി. മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുവെന്ന അർത്ഥത്തിൽ എല്ലാ മത്സര ഇനങ്ങളും പുതിയ മത്സര ഇനങ്ങളാണ്. എങ്കിലും മുൻ കാല ഐ.ടി. മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ
യു. പി. വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി.
മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും (പ്രസന്റേഷൻ)‍ എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപ്പിംഗ് എന്നത് മലയാളം ടൈപ്പിങ്ങും രൂപകല്പനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.

ഈ അഞ്ച് മേളകളും ഒന്നിച്ച് ഒരു മാന്വലിന്റെ കീഴിൽ, കേരള സ്കൂൾ ശാസ്‍ത്രോത്സവം എന്ന പേരിലാണ് ഇനി അറിയപ്പെടുക.

വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്‍ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് കേരളത്തിന് അഭിമാനമായി ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ മാന്വലിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ലക്ഷ്യത്തിലേക്കായി നമുക്കും പ്രയത്നിക്കാം.....


പുതിയ മാന്വൽ (2019) ഇവിടെയും
റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.



സ്‌കൂൾ ഐടി മേള: ഇനങ്ങളിൽ ഈ വർഷം മുതൽ മാറ്റം

       സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുളള ഐ.ടി. മേളകളിൽ അനിമേഷൻ നിർമാണവും സ്‌ക്രാച്ച് പ്രോഗ്രാമിംഗും ഉൾപ്പെടെ മത്സര ഇനമായി ഉൾപ്പെടുത്തി പരിഷ്‌കരിച്ച മാന്വൽ പുറത്തിറങ്ങി. പ്രൈമറി വിഭാഗത്തിൽ ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെ മത്സര ഇനങ്ങൾക്കും രീതികൾക്കും മാറ്റമില്ല.
ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിലവിലുള്ള ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, വെബ്‌പേജ് നിർമാണം ഇനങ്ങൾ തുടരും. നിലവിലുായിരുന്ന പ്രോജക്ട് പ്രസന്റേഷൻ മത്സരം ഒഴിവാക്കി. പകരം മൾട്ടിമീഡിയാ പ്രസന്റേഷൻ ഇനത്തിൽ പ്രസന്റേഷൻ തയ്യാറാക്കലും അവതരിപ്പിക്കലും എന്നാക്കിയിട്ടുണ്ട്. വിഷയം മത്സരത്തിനു മുന്നോടിയായി മത്സരാർത്ഥികൾക്ക് നൽകും. മൾട്ടിമീഡിയാ പ്രസന്റേഷൻ തയ്യാറാക്കിയതിന് ശേഷം അഞ്ചു മിനിറ്റിൽ അത് അവതരിപ്പിക്കണം.
      മലയാളം ടൈപ്പിംഗ് മത്സരം ടൈപ്പിംഗും രൂപകല്പനയും എന്നാക്കി മാറ്റി. വേഗതയ്ക്കും ലേഔട്ടിനും പകുതി വീതം മാർക്കുകൾ ലഭിക്കും. ഈ വർഷം മുതൽ അനിമേഷൻ മത്സരവും ഐടി മേളയിലുണ്ടാകും. ടുപ്പിട്യൂബ്‌ഡെസ്‌ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് 20 സെക്കന്റിൽ കുറയാത്ത ഒരു ചലച്ചിത്രം ഒരു മണിക്കൂറിനുള്ളിൽ കുട്ടികൾ തയ്യാറാക്കേൺത്. പത്ത് മിനിറ്റ് മുമ്പ് വിഷയം നൽകും. അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയ 'സ്‌ക്രാച്ച്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിമുകളും അനിമേഷനുകളും തയ്യാറാക്കുന്ന പ്രോഗ്രാമുകൾ ആണ് ഈ വർഷം മുതലുളള മറ്റൊരു മത്സര ഇനം. ഈ വർഷം മുതൽ ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഏഴ് മത്സരങ്ങളുണ്ട്.
കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന പൊതുചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വർഷം സ്‌കൂൾ ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ ഐടി ക്വിസ് മത്സരം. ഉപജില്ലാതലം മുതൽ ഒരേ സമയം ഓൺലൈനിലൂടെ പുതിയ രീതിയിലായിരിക്കും ഐടി ക്വിസ് മത്സരങ്ങൾ നടത്തുക.
      ഐസിടി പഠന വിഭവങ്ങൾ സ്വന്തമായി തയ്യാറാക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കാനായി  ഐസിടി ടീച്ചിംഗ് എയിഡ് മത്സരവും ഈ വർഷം മുതൽ ഐടി മേളകളിൽ പുതുതായി തുടങ്ങും. നിലവിലുള്ള പാഠപുസ്തകങ്ങളിൽ നിർവചിച്ചിട്ടുള്ള പഠന നേട്ടങ്ങൾക്ക് അനുയോജ്യമായതും ഒരു പീരിയഡിൽ വിനിമയം ചെയ്യാൻ കഴിയുന്നതരത്തിലുള്ളതുമായ ഡിജിറ്റൽ വിഭവങ്ങളാണ് ഈ ഇനത്തിൽ അധ്യാപകർ തയ്യാറാക്കേണ്ടത്. സ്‌കൂൾ ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ അധ്യാപകർക്ക് മത്സരമുണ്ട്. ഇങ്ങനെ ലഭിക്കുന്ന മെച്ചപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം 'സമഗ്ര' വിഭവപോർട്ടലിൽ അപ്‌ലോഡു ചെയ്യും.
      6200 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 19000 കുട്ടികളാണ് മുൻവർഷങ്ങളിൽ സബ്ജില്ലാതല ഐടി മേളയിൽ മത്സരിച്ചത്. ജില്ലാമേളയിൽ 4150ഉം സംസ്ഥാനമേളയിൽ 308ഉം കുട്ടികൾ പങ്കെടുത്തു. ഐടി മേളകളിലെ മത്സരങ്ങളെല്ലാം പൂർണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. അഭിരുചിയും കഴിവും ഉള്ള മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ സോഫ്റ്റ്‌വെയറുകളും പഠന മൊഡ്യൂളുകളും സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.







1 comment:

  1. How many participants can participate in the Southern India Contest from the State Science fair? Please explain the procedures to Participate in the Southern India Science Contest.

    ReplyDelete