Monday, September 30, 2019

OCTOBER 1-അന്താരാഷ്ട്ര വയോജന ദിനം: യൗവനത്തിന് പിന്നാലെ വാർധക്യമുണ്ട്


ആയുസ്സിന്‍െറ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിന്‍െറ സായംസന്ധ്യയില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയില്‍ കഴിയുമ്പോള്‍തന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്.
2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ സംഖ്യ നൂറുകോടിയിലധികമാവുമെന്നു കരുതപ്പെടുന്നു. ഭാരതത്തിലും മുതിർന്നവരുടെ സംഖ്യ വർദ്ധിച്ചുവരികയാണ്. 
മൊത്തം ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം മുതിർന്ന പൗരന്മാരായി തീരുന്ന കാലം വിദൂരമല്ല. മുതിർന്ന പൗരന്മാരെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.
തലമുറകൾ തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നു.

ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഫലമായുണ്ടായ ഉപഭോക്തൃ സംസ്‌കാരം സ്വാർത്ഥതയെ പരിപോഷിപ്പിക്കുകയാണ്. അണുകുടുംബത്തിന്റെ സാഹചര്യത്തിൽ മുതിർന്നവരെ പരിത്യജിക്കാനുള്ള പ്രവണത വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ ഉള്ള സംസ്ഥാനം കേരളമാണെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ശരിയായ സംരക്ഷണം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം വയോജനങ്ങളും മാനസിക പീഡയനുഭവിക്കുന്നവരായിത്തീർന്നിരിക്കുന്നു. ശാരീരികമായ രോഗങ്ങളും, അപകടങ്ങളും, സാമ്പത്തിക പരാധീനതകളും, ആരോഗ്യ പരിപാലനത്തിന്റെ അപര്യാപ്തതയുമൊക്കെ വയോജനങ്ങളെ അലട്ടുന്ന ഗുരുതരപ്രശ്‌നങ്ങളാണ്.
മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പോലുള്ള പദ്ധതികൾ നടപ്പാക്കാവുന്നതുമാണ്. സർവീസ് പെൻഷൻകാർക്ക് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കണമെന്ന പെൻഷനേഴ്‌സ് സംഘിന്റെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു കരുതുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത നിരാലംബരായ വയോജനങ്ങൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള കേന്ദ്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഏർപ്പെടുത്തിക്കൊടുക്കാവുന്നതാണ്. വയോജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം എളുപ്പത്തിൽ ലഭ്യമാക്കാനുള്ള കർമ്മപദ്ധതികൾ നടപ്പാക്കാവുന്നതാണ്. വയോജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനു പുറമെ സാമൂഹ്യവിരുദ്ധരിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നുപോലും ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളിൽനിന്നും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളില്‍ വളരണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നിര്‍വഹിക്കുന്നുള്ളൂ. ഫലത്തില്‍ അത് ഇന്നത്തെ യുവാക്കള്‍ക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയില്‍ എത്തിച്ചേരുന്നവരാണല്ലോ അവര്‍. വൃദ്ധജനങ്ങളുടെ കണ്ണീര്‍ വീണാല്‍ ആ ചൂടില്‍ സമൂഹ മനസാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും.

നമുക്ക് മുന്നേ നടന്നവര്‍ ... നമ്മുടെ ഈ നല്ല നാളുകള്‍ക്കു വേണ്ടി അവരുടെ നല്ല നാളുകള്‍ വേണ്ടെന്നു വെച്ചവര്‍ ..... വ്രദ്ധ സാദനങ്ങള്‍ പെരുകുന്ന ഈ കാല ഘട്ടത്തില്‍
വയോജനങ്ങള്‍ക്ക് വേണ്ടി നമുകെന്തു ചെയ്യാന്‍ കഴിയും ?...........

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്  1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

No comments:

Post a Comment