Friday, July 10, 2020

ജുലായ്-11 ലോക ജനസംഖ്യാ ദിനം / WORLD POPULATION DAY - ക്വിസ്‌


     
 JULY 11- ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍  എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ ആലുവ എടയപുരം കെ. എം സി
 ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ മനോഷ് പിഎം സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ  മനോഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


1989  ജൂലൈ 11മുതലാണ് ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജനക്കണക്ക് തുടങ്ങിയത് പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന്‍ (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്. കാനേഷുമാരി എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ" എന്നാല്‍ "വീട"് എന്നര്‍ത്ഥം. "ഷൊമാരേ" എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.  

ജനസംഖ്യാ വളർച്ച വർഷങ്ങളിലൂടെ 

ഓരോ വർഷവും ലോക ജനസംഖ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ വർധനയാണ് ഉണ്ടാകുന്നത് . ലോകജനസംഖ്യ ഒരു ബില്യൺ വരെ എത്താൻ മനുഷ്യരാശി 1800 വർഷം വരെ  എടുത്തപ്പോൾ, രണ്ടാമത്തെ ബില്യൺ തികയ്ക്കാൻ വേണ്ടി വന്നത് 130 വർഷമാണ് (1930). തുടർന്ന് മൂന്നാമത്തെ ബില്യണ് 30 വർഷവും (1960),  നാലാമത്തെ ബില്യണ് 15 വർഷവും (1974), അഞ്ചാം ബില്യണ് 13 വർഷവും (1987) മാത്രമേ വേണ്ടി വന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ലോകത്തിലെ ജനസംഖ്യ 1.65 ബില്ല്യണിൽ നിന്ന് 6 ബില്ല്യണായി ഉയർന്നു. 1970 ൽ, ലോകത്ത് ഇപ്പോൾ ഉള്ളതിന്റെ പകുതി മാത്രം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ആഗോള ജനസംഖ്യ 2030 ൽ 8.6 ബില്യൺ, 2050 ൽ 9.8 ബില്യൺ, 2100 ൽ 11.2 ബില്യൺ എന്നിങ്ങനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

No comments:

Post a Comment