പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നിരിക്കുന്നു. ഇനി ഏതു കോഴ്സിനു ചേരണമെന്ന ആശയക്കുഴപ്പം സ്വാഭാവികം. അറിവിന്റെയും തൊഴിലിന്റെയും മേഖലകൾ വിസ്തൃതമാവുകയാണ്. സാങ്കേതിക വിദ്യയും ആഗോളവൽക്കരണവും അവസരങ്ങളുടെ വലിയ വാതിലുകളാണ് മലർക്കെ തുറന്നിട്ടിരിക്കുന്നത്. ഇവ പ്രയോജനപ്പെടുത്താനാവശ്യമായ കഴിവുകൾ വികസിപ്പിച്ചെടുക്കാനാവും വിധം പഠന ലക്ഷ്യങ്ങൾ ആവിഷ്ക്കരിക്കണം. മികച്ച കരിയർ കൃത്യമായ ആസൂത്രണത്തിന്റെയും പരിശീലനത്തിന്റെയും ഫലമാണെന്നോർക്കുക. സ്വന്തം കഴിവുകളും അഭിരുചികളും വിലയിരുത്തി അവയ്ക്കിണങ്ങുന്ന കോഴ്സുകൾ കണ്ടെത്തി പഠിച്ചാൽ മികച്ച കരിയർ നേടാൻ ബുദ്ധിമുട്ടേണ്ടി വരില്ല.
പ്രവേശന പരീക്ഷകൾ പലതും നടക്കാനിരിക്കുന്നതേയുള്ളൂ. പരീക്ഷാതീയതി വരെ തീവ്രമായിത്തന്നെ തയാറെടുപ്പുകൾ തുടരണം.
ആഗ്രഹിച്ച സ്ഥാപനത്തിൽ ഇഷ്ടപ്പെട്ട പ്രഫഷനൽ കോഴ്സിന് പ്രവേശനം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം? മറ്റെന്തെങ്കിലും കോഴ്സിനു ചേർന്ന് ഒപ്പം തന്നെ എൻട്രൻസിനുള്ള തയാറെടുപ്പുകൾ തുടരുന്നവരുണ്ട്. കിട്ടിയ കോഴ്സിൽ തൃപ്തിയടയുന്നവരുമുണ്ട്. ചില വിദ്യാർഥികൾ ഒരു വർഷം മുഴുവനും അടുത്ത വർഷത്തെ പ്രവേശന പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾക്കായി മാറ്റിവയ്ക്കും. ഏതു വഴി വേണമെന്നത് ഓരോന്നിന്റെയും നേട്ടങ്ങളും കോട്ടങ്ങളും നോക്കി തീരുമാനിക്കുക.
ഗണിതം, ഫിസിക്സ് എന്നിവയിൽ നൈപുണ്യമുളളവർ മാത്രമേ എൻജിനീയറിങ്ങിനു ചേരാവൂ. ബയോളജിയിലും കെമിസ്ട്രിയിലും താൽപര്യമുള്ളവർക്ക് മെഡിസിൻ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുക്കാം. പക്ഷേ, സാങ്കേതിക വിഷയങ്ങളിലുള്ള താൽപര്യവും മെച്ചപ്പെട്ട ആശയ വിനിമയ ശേഷിയുമെല്ലാം ഈ മേഖലകൾ തിരഞ്ഞെടുക്കുന്നവർക്ക് അഭികാമ്യം.
ശാസ്ത്രം, മാനവിക വിഷയങ്ങൾ, മാനേജ്മെന്റ്, നിയമം, കല, ഹോട്ടൽ മാനേജ്മെന്റ്, കോമേഴ്സ്, ഭാഷകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ഉപരിപഠനാവസരങ്ങളുണ്ട്. താൽപര്യമുള്ള കോഴ്സ് തിരഞ്ഞെടുക്കുക എന്നതുപോലെ പ്രധാനമാണ് മികച്ച സ്ഥാപനത്തിൽ പഠിക്കുക എന്നതും. ഏതു വിഷയവും മികച്ച സ്ഥാപനത്തിൽനിന്നു നന്നായി പഠിച്ചാൽ മികച്ച അവസരങ്ങൾ നേടാനാവും.
മികച്ച ക്യാംപസുകൾ
IISC, ഐഐടികൾ, UoH, സിഎംഐ, ISI, കുസാറ്റ്, വിവിധ സംസ്ഥാനങ്ങളിലെ സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയിലെ വിവിധ ശാസ്ത്ര കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചുകഴിഞ്ഞു. IISERലെ ഇന്റഗ്രേറ്റഡ് സയൻസ് കോഴ്സുകൾക്കും Jain University Kochi, Manipal, VIT, Amrita,Sastra, Anna University എന്നിവിടങ്ങളിലെ എൻജിനീയറിങ്, സയൻസ്, ഇതര കോഴ്സുകൾക്കും അപേക്ഷിക്കാൻ ഇനിയും സമയമുണ്ട്
ഡൽഹി സർവകലാശാലയുടെ കീഴിലെ മിരാൻഡ ഹൗസ്, സെന്റ് സ്റ്റീഫൻസ്, എൽിഎസ്ആർസ, ഹിന്ദു കോളജ്, ശ്രീരാം കോളജ്, മുംബൈയിലെ സെന്റ് സേവ്യേഴ്സ്, മദ്രാസിലെ ലയോള, പ്രസിഡൻസി, എംസിസി, പുണെയിലെ ഫെർഗുസൻസ് ബെംഗളൂരുവിൽ സ്റ്റെല്ല മേരീസ്, സെന്റ് ജോസഫ്സ് എന്നീ മികച്ച കോളജുകളിൽ ശാസ്ത്ര വിഷയങ്ങളിലും കോമേഴ്സിലും മാനവിക വിഷയങ്ങളിലും ഒന്നാം തരം പ്രോഗ്രാമുകളുണ്ട്. ഇവയിൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം .
ശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവരെ അലട്ടുന്ന ഒരു ചോദ്യമാണ് ഏത് കോഴ്സ് പഠിക്കണമെന്നത്.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പരമ്പരാഗത വിഷയങ്ങൾ പഠിക്കുന്നവർക്ക് വേണ്ടത്ര അവസരങ്ങളുണ്ടാവില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ബയോ - ഇൻഫർമാറ്റിക്സ്, ജനറ്റിക്സ്, ഫൊറൻസിക് സയൻസ്, ബയോടെക്നോളജി തുടങ്ങിയ പുതുതലമുറ കോഴ്സുകളിൽ വിദ്യാർഥികൾ കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ട്. പക്ഷേ, ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നില്ലെങ്കിൽ ഇത്തരം കോഴ്സുകൾ ഒഴിവാക്കുന്നതാവും നന്ന്. അതേസമയം ആദ്യം പരാമർശിച്ച പരമ്പരാഗത വിഷയങ്ങൾ ഉപരി പഠനത്തിനും തൊഴിലിനും കൂടുതൽ മികച്ച സാധ്യതകൾ നൽകുകയും ചെയ്യും.പ്ലസ്ടുവിന് മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലെങ്കിൽ ഉപരിപഠനത്തിന് കംപ്യൂട്ടർ സയൻസ്, ഫിസിക്സ് പോലുള്ള വിഷയങ്ങൾ ഒഴിവാക്കുന്നതാവും നന്ന്.
ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ലേഡി ശ്രീരാം, സെന്റ് സ്റ്റീഫൻസ്, ശ്രീരാം കോളജ് , മിരാൻഡ ഹൗസ് എന്നീ കോളജുകൾ, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, സിംബയോസിസ്, NMIMS, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവയിൽ ഇക്കണോമിക്സിലും കോമേഴ്സിലും മാനേജ്മെന്റിലും മികച്ച പഠനാവസരങ്ങളുണ്ട്.
പാരാമെഡിക്കൽ, അലൈഡ് ഹെൽത്ത്
പാരാമെഡിക്കൽ, അലൈഡ് ഹെൽത്ത്
പാരാമെഡിക്കൽ കോഴ്സുകൾക്ക് കേരളത്തിൽ പരിമിതമായ പഠനാവസരങ്ങളേ ഉള്ളൂ എന്നതിനാൽ അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന നിരവധി വിദ്യാർഥികളുണ്ട്. സ്ഥാപനത്തിന്റെ നിലവാരവും തൊഴിൽ സാധ്യതയും വിലയിരുത്തി കോഴ്സുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ നിരാശപ്പെടേണ്ടി വരും. എംയിസ്, എഎഫ്എംസി, സിഎംസി വെല്ലൂർ, മണിപ്പാൽ യൂണിവേഴ്സിറ്റി, അമൃത യൂണിവേഴ്സിറ്റി, ജിപ്മെർ, ശ്രീചിത്ര എന്നിവ ഈ വിഷയങ്ങളിൽ മികച്ച പരിശീലന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളാണ്. കേരളത്തിൽ തിരുവനന്തപുരത്തുള്ള നിഷ് ഓഡിയോളജിയിലും അനുബന്ധ വിഷയങ്ങളിലും മികച്ച കോഴ്സുകൾ നടത്തുന്നുണ്ട്.
ആർട്സ്, സോഷ്യൽ സയൻസസ്
ആർട്സിലും സോഷ്യൽ സയൻസസിലും ഹ്യൂമാനിറ്റീസിലുമെല്ലാം കൂടുതൽ പേർ താൽപര്യം കാണിക്കുന്നുണ്ട്. പ്ലസ് ടുവിന് ഏത് വിഷയങ്ങൾ പഠിച്ചവർക്കും ഈ മേഖലകൾ തിരഞ്ഞെടുക്കാം. ഡൽഹി സർവകലാശാലയിലെ വിവിധ ബിഎ പ്രോഗ്രാമുകൾ, ടിസ്സിലെ ബിഎ സോഷ്യസയൻസ്, ഐഐടി മദ്രാസിലെ ഇന്റഗ്രേറ്റഡ് എംഎ, വിവിധ നിയമ സർവകലാശാലകളിലെ എൽഎൽബി, Krea, അശോക, ഒ.പി.ജിൻഡാൽ, അസിം പ്രേംജി സർവകലാശാലകളിലെ വിവിധ കോഴ്സുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നു.
ഇംഗ്ലിഷ്, അറബിക്, സ്പാനിഷ്, റഷ്യൻ, ഉറുദു, ഹിന്ദി, ജർമൻ, ഫ്രഞ്ച് എന്നിങ്ങനെ ഭാഷകളിലൊന്ന് പഠിക്കാനാണെങ്കിൽ ഇഫ്ലു, ജെഎൻയു എന്നിവ മികച്ച സാധ്യതകളാണ്. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് എംഎ ലാഗ്വേജ് സയൻസ് ഒരു മികച്ച പ്രോഗ്രാമാണ്.
ഐഐടി മുംബൈ, ഗുവാഹത്തി, ഡൽഹി, നിഫ്റ്റ്, സിപെറ്റ് അഹമ്മദാബാദ്, എൻഐഡി, ജെ.ജെ സ്കൂൾ ഒാഫ് ആർട്സ്, എംഎസ് യൂണിവേഴ്സിറ്റി,
മണിപ്പാൽ യൂണിവേഴ്സിറ്റി, എഫ്ഡിഡിഐ, പേൾ അക്കാദമി, BHU, കോളജ് ഒാഫ് ആർട്സ് (ഡൽഹി യൂണിവേഴ്സിറ്റി) എന്നിവിടങ്ങളിലായി വിവിധ പ്രോഗ്രാമുകൾ ലഭ്യം. ഇൻറീരിയർ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ഫാഷൻ, ഫുട്‌വെയർ ഡിസൈൻ, ഗെയിം ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, ഗ്രാഫിക്സ്, പെയിന്റിങ്, ശിൽപ കല, വിഷ്വൽ കമ്യൂണിക്കേഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നിലവിലുണ്ട്. കേരളത്തിലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് ജോസഫ് കോളജ് ഒാഫ് കമ്യൂണിക്കേഷൻ, ചേതന കോളജ്, തൃശൂരും മാവേലിക്കരയും തിരുവനന്തപുരത്തുമുളള ഫൈനാർട്സ് കോളജുകൾ എന്നിവ ഓർമിച്ചു വച്ചോളൂ.
കലാലോകവും വിപുലമായ സാധ്യതകൾ തുറന്നു വയ്ക്കുന്നുണ്ട്. സിനിമ, നാടകം എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കൽക്കട്ടയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ, കലാപഠനത്തിന് കേരള കലാമണ്ഡലം, ചെന്നൈ കലാക്ഷേത്ര, ശാന്തിനികേതൻ എന്നിവ പരിഗണിക്കാം.
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിനും പ്ലസ് ടു ആണ് യോഗ്യത. എൻട്രൻസ് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. സൗജന്യ പഠനത്തിനു ശേഷം ഇന്ത്യൻ നേവിയിലോ കരസേനയിലോ എയർ ഫോഴ്സിലോ മികച്ച തൊഴിൽ നേടുകയുംചെയ്യാം.
ഡിപ്ലോമകൾ
പോളിടെക്നിക്കുകളിലും മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലുമായി നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്.
ചില സവിശേഷ പ്രോഗ്രാമുകൾ:
പ്രിന്റിങ് ടെക്നോളജി: Institute of Printing Technology, ഷൊർണൂർ
Diploma in Agriculture: Kerala Agricultural University
Diploma in Mechatronics: NTT F നെട്ടൂർ
Diploma/ B.Sc in Footwear Technology: Central Foot wear Training Institute
Foot wear Design & Development Institute
Diploma in Plastic Technology: CIPET Chennai
Diploma in Garment Technology: Women's Poly technic, Kalamassery
Diploma in Architecture : Govt Poly technic, Aroor
പല മികച്ച യൂണിവേഴ്സിറ്റികളിലും സ്ഥാപനങ്ങളിലും ഈ വർഷം അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടുണ്ടാവും. പ്രവേശന പരീക്ഷകൾക്ക് നന്നായി തയാറെടുത്ത് അടുത്ത വർഷം അപേക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല. പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. സ്ഥാപനത്തിന്റെ പ്രശസ്തിയും പഴക്കവും മികവും പരിഗണിക്കണം. കോഴ്സിന്റെ തൊഴിൽ സാധ്യതകൾ വിലയിരുത്തണം. മിന്നുന്നതെല്ലാം പൊന്നല്ല എന്നു തിരിച്ചറിയണം. കേരളത്തിലെ നൂറുകണക്കിന് കോളജുകളിൽ ബിരുദ പഠന സൗകര്യങ്ങളുണ്ട്. ഇന്ത്യയിലെ മികച്ച കോളജുകളുടെ പട്ടികയിൽ ആദ്യ നൂറിൽ 20 എണ്ണം നമ്മുടെ സംസ്ഥാനത്തു നിന്നുള്ളവയാണ്. കുറഞ്ഞ ഫീസിൽ താരതമ്യേന മെച്ചപ്പെട്ട പഠനാവസരങ്ങൾ കേരളത്തിലുണ്ട്.
ഉപരിപഠന വഴികൾ നേരത്തേ ആസൂത്രണം ചെയ്യാം
ഉപരിപഠന വഴികൾ നേരത്തേ ആസൂത്രണം ചെയ്യാം
ബിരുദ പഠനത്തിനു ശേഷമെന്ത് എന്നതിനെപ്പറ്റിയും ആലോചിച്ചു തുടങ്ങണം. ഇന്ത്യയ്ക്കു പുറത്ത് ബിരുദാനന്തര പഠനം നടത്താനാഗ്രഹിക്കുന്നവർ ബിരുദ ക്ലാസ്സുകളിൽ വച്ചു തന്നെ ഒരുക്കങ്ങളാരംഭിക്കണം. ആകർഷകമായ പോർട്ട് ഫോളിയോ തയാറാക്കാനും GRE/GMAT എന്നീ പരീക്ഷകൾക്ക് തയാറെടുക്കാനും ശ്രമിക്കണം. മാർക്കുകളുടെ മാത്രം അടിസ്ഥാനത്തിലല്ല വിദേശ സർവകലാശാലകളിൽ പ്രവേശനം എന്നത് ഓർമപ്പെടുത്തട്ടെ.
ഇന്ത്യയിലും മികച്ച സർവകലാശാലകളിലെ തുടർ പഠനത്തിന് എൻട്രൻസ് പരീക്ഷകൾ കാണും. M. Tech ന് GATE, ശാസ്ത്ര വിഷയങ്ങൾക്ക് JAM, JEST, JGEEBILS, മാനേജ്മെൻറ് വിഷയങ്ങളിൽ CAT, XAT, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ NIMCET എന്നിങ്ങനെ. ഓരോ സർവകലാശാലയും വെവ്വേറെ നടത്തുന്ന എൻട്രൻസ് ടെസ്റ്റുകളുമുണ്ട്. ഇവയ്ക്കെല്ലാമുള്ള തയാറെടുപ്പുകൾ നേരത്തേ ആരംഭിക്കാം. ബിരുദ പഠനത്തിനു ശേഷം സർക്കാർ തലത്തിലോ ബാങ്ക്, റെയിൽവേ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴിൽ തേടുന്നവർ മെച്ചപ്പെട്ട ആശയ വിനിമയ ശേഷിയും പൊതു വിജ്ഞാനം, ഇംഗ്ലിഷ്, അടിസ്ഥാന ഗണിതം, ഐടി എന്നിവയിലുള്ള മികവും ആർജിക്കാൻ ശ്രമിക്കണം.
ഇന്ത്യയിലും മികച്ച സർവകലാശാലകളിലെ തുടർ പഠനത്തിന് എൻട്രൻസ് പരീക്ഷകൾ കാണും. M. Tech ന് GATE, ശാസ്ത്ര വിഷയങ്ങൾക്ക് JAM, JEST, JGEEBILS, മാനേജ്മെൻറ് വിഷയങ്ങളിൽ CAT, XAT, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ NIMCET എന്നിങ്ങനെ. ഓരോ സർവകലാശാലയും വെവ്വേറെ നടത്തുന്ന എൻട്രൻസ് ടെസ്റ്റുകളുമുണ്ട്. ഇവയ്ക്കെല്ലാമുള്ള തയാറെടുപ്പുകൾ നേരത്തേ ആരംഭിക്കാം. ബിരുദ പഠനത്തിനു ശേഷം സർക്കാർ തലത്തിലോ ബാങ്ക്, റെയിൽവേ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴിൽ തേടുന്നവർ മെച്ചപ്പെട്ട ആശയ വിനിമയ ശേഷിയും പൊതു വിജ്ഞാനം, ഇംഗ്ലിഷ്, അടിസ്ഥാന ഗണിതം, ഐടി എന്നിവയിലുള്ള മികവും ആർജിക്കാൻ ശ്രമിക്കണം.
മികച്ചത് സ്വപ്നം കാണൂ. സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിക്കൂ. അവ യാഥാർഥ്യമാക്കാൻ പരിശ്രമിക്കൂ. വിജയം നിങ്ങളുടെ കൈപ്പിടിയിലുണ്ടാവും.
No comments:
Post a Comment