Monday, March 11, 2024

SSLC-അടിസ്ഥാനപാഠാവലി-എല്ലാ പാഠങ്ങളുടേയും സംഗ്രഹം

 


SSLC-അടിസ്ഥാന പാഠാവലി -എല്ലാ പാഠങ്ങളുടേയും
സംഗ്രഹം


> പ്ലാവിലക്കഞ്ഞി - സംഗ്രഹം

തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിൽ നിന്ന് എടുത്തതാണ് 'പ്ലാവിലക്കഞ്ഞി' എന്ന ഭാഗം. കർഷക തൊഴിലാളികളായ കോരൻ്റേയും ചിരുതയുടേയും കഥ പറയുന്ന ഈ നോവൽ കർഷകരുടെ ജീവിത ചിത്രം വരച്ചു കാണിക്കുന്നു. പട്ടിണിയും, ദാരിദ്ര്യവും, മുതലാളിത്തചൂഷണങ്ങളും കൊണ്ട് നട്ടം തിരിയുമ്പോഴും സ്നേഹം കൊണ്ട് ജീവിതം സന്തോഷകരമാക്കുന്ന കോരനും, ചിരുതയും, കോരൻ്റെ അച്ഛനുമെല്ലാം വായനക്കാരെ ഏറെ ആകർഷിക്കുന്നു.

-------------------------------------------------------------------------


> ഓരോ വിളിയും കാത്ത് -  സംഗ്രഹം

കുടുംബ ബന്ധത്തിൻ്റെ ശക്തിയും, ആഴവും വ്യക്തമാക്കുന്ന യു. കെ. കുമാരൻ്റെ കഥയാണ് 'ഓരോ വിളിയും കാത്ത് '. അച്ഛൻ്റെ മരണ ശേഷം അമ്മയെ നഗരത്തിലേക്ക് കൊണ്ടുപോകാൻ മകൻ ആഗ്രഹിക്കുന്നു. അച്ഛൻ്റെ മരണശേഷവും അച്ഛൻ്റെ ഓരോ വിളികൾക്കും ചെവിയോർക്കുന്ന അമ്മയ്ക്ക് അച്ഛൻ മരിച്ചത് ഉൾക്കൊള്ളാനാവുന്നില്ല. അച്ഛനെപ്പോലെ കൃഷിയോടും, ആ വീടിനോടും ആത്മബന്ധം പുലർത്തിയ അമ്മയ്ക്ക് മകൻ്റെ കൂടെ പോകാൻ കഴിയുന്നില്ല.

-------------------------------------------------------------------------


> അമ്മത്തൊട്ടിൽ - സംഗ്രഹം

ആധുനിക കാലത്ത് വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കാൻ മടിയില്ലാത്ത തലമുറയ്ക്ക് നേരെ ഉയർത്തുന്ന ചോദ്യചിഹ്നമാണ്  റഫീക് അഹമ്മദിൻ്റെ  'അമ്മത്തൊട്ടിൽ ' എന്ന കവിത.

വൃദ്ധയായ തൻ്റെ അമ്മയെ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന ഒരു മകനാണ് ഇതിലെ നായകൻ. എന്നാൽ ഉപേക്ഷിക്കാൻ പോയിടത്തെല്ലാം അമ്മയുടെ സ്നേഹത്തിൻ്റേയും കരുതലിൻ്റേയും ഓർമ്മകൾ മകനെ പിന്തിരിപ്പിക്കുന്നു. അമ്മയുടെ അവശതകൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന കവിത മാതൃസ്നേഹത്തിൻ്റേയും സാന്ത്വനത്തിൻ്റേയും ഉദാഹരണം കൂടിയാണ്.

-------------------------------------------------------------------------


> കൊച്ചുചക്കരച്ചി - സംഗ്രഹം

വൃക്ഷങ്ങളും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് എ.പി. ഉദയഭാനുവിൻ്റെ 'കൊച്ചു ചക്കരച്ചി'യിൽ ആവിഷ്കരിക്കുന്നത്. ലേഖകൻ്റെ തറവാട്ടു മുറ്റത്ത് ഉണ്ടായിരുന്ന കൊച്ചു ചക്കരച്ചി എന്ന മാവ് ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ ആയിരുന്നു. ഒരിക്കൽ മാവിൻ്റെ തടിയിൽ കേടുവന്നപ്പോൾ മാവ് വെട്ടാൻ തീരുമാനമെടുത്തെങ്കിലും അമ്മ സമ്മതിച്ചില്ല. കൊച്ചുചക്കരച്ചി വീഴുകയില്ല, വീണാലും യാതൊരാ പത്തും വരുത്തകയില്ല എന്ന അമ്മയുടെ വിശ്വാസം പോലെ വർഷങ്ങൾക്കു ശേഷം ചെറിയൊരു കാറ്റിൽ ആ മാവു വീണപ്പോൾ യാതൊരാപത്തും വരുത്തുകയുണ്ടായില്ല.

-------------------------------------------------------------------------


> ഓണമുറ്റത്ത് - സംഗ്രഹം

മലയാളിയുടെ ഓണ സങ്കല്പങ്ങളെ ഗൃഹാതുരത്വത്തോടെ ആവിഷ്കരിക്കുന്ന കവിതയാണ് 'ഓണമുറ്റത്ത് ' . കേരളത്തിൻ്റെ  പ്രകൃതി മഹാബലിയെ ഒരു അതിഥിയെപ്പോലെ വരവേല്ക്കാൻ  ഒരുങ്ങുന്നതിൻ്റെ വാങ്ങ്മയ ചിത്രമാണ് കവിതയിൽ അവതരിപ്പിക്കുന്നത്. പുതു തലമുറ ഓണത്തെ പഴമയിലിഴുന്ന സംസ്കാരമായി ഒഴിവാക്കാൻ നോക്കുമ്പോൾ, അതിലേറെ വേദനിക്കുകയും, ഓണത്തിൻ്റെ മഹത്വത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന കവിയേയും നമുക്ക് ഈ കവിതയിൽ കാണാം.

-------------------------------------------------------------------------


> കോഴിയും കിഴവിയും - സംഗ്രഹം 

ഗ്രാമനന്മ വിളിച്ചോതുന്ന കാരൂരിൻ്റെ കഥയാണ് 'കോഴിയും കിഴവിയും'. അയൽക്കാരായ മത്തായിയുടേയും മർക്കോസിൻ്റേയും കഥയാണിത്. മാർക്കോസിൻ്റ അപ്പൻ ദാനമായി നല്കിയ ഭൂമിയിൽ കച്ചവടം ചെയ്ത് മത്തായിയും അമ്മയും സമ്പന്നരായി. സഹോദരിമാരെ വിവാഹം കഴിച്ച് ദരിദ്രനായി മാറിയ മാർക്കോസിനെ കുടുക്കാൻ മത്തായി ശ്രമിക്കുന്നു. മാർക്കോസിൻ്റെ മകൻ അബന്ധത്തിൽ കൊന്ന കോഴിയെ കറിവെച്ച് തിന്ന് ആ കുറ്റം മാർക്കോസിൻ്റെ തലയിൽ കെട്ടിവെച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. സംഭവം അറിഞ്ഞ മത്തായിയുടെ അമ്മ സത്യം തുറന്നു പറഞ്ഞ് മാർക്കോസിനെ രക്ഷിച്ച് തനിക്ക് പണ്ട് ചെയ്ത നന്മയ്ക്ക് പ്രത്യുപകാരം ചെയ്യുന്നു.

-------------------------------------------------------------------------


> പണയം - സംഗ്രഹം

മനുഷ്യ ജീവിതത്തിൻ്റെ വ്യത്യസ്ത മനോഭാവങ്ങളെ വരച്ചുകാട്ടുന്ന മനോഹരമായ ഒരു കഥയാണ് ഇ. സന്തോഷ് കുമാറിൻ്റെ 'പണയം' . ദാരിദ്ര്യത്തിനിടയിലും തൻ്റെ പല ആഗ്രഹങ്ങളും മാറ്റി വെച്ച് ഒരു റേഡിയോ സ്വന്തമാക്കുന്ന ചാക്കുണ്ണിയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. തൻ്റെ മകൻ്റെ ചികിത്സയ്ക്കായി റേഡിയോ പണയം വെക്കേണ്ടി വരുമ്പോൾ അയാളുടെ ജീവിതതാളം തന്നെ തെറ്റുന്നു. എന്നാൽ പണം മാത്രം ജീവിതമായി കരുതുന്ന ചെമ്പുമത്തായി കലയേയോ സ്വന്തം കുടുംബത്തേയോ സ്നേഹിക്കാത്ത ഒരു കഥാപാത്രമായി ഈ കഥയിൽ കടന്നു വരുന്നു. ഈ കഥയിലെ മറ്റൊരു കഥാപാത്രമാണ് റേഡിയോ . ചാക്കുണ്ണിയുടെ മകൻ മരിക്കുകയും മകനെപ്പോലെ സ്നേഹിച്ച റേഡിയോ നഷ്ടപ്പെടുകയും ചെയ്തപ്പോൾ അയാൾ തകർന്നു പോകുന്നു. അയാളുടെ വേച്ചു വേച്ചുള്ള തിരിച്ചു പോക്ക് നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായി മാറുന്നു.

-------------------------------------------------------------------------


> ശ്രീനാരായണഗുരു - സംഗ്രഹം

മറ്റു പല സന്യാസിമാരിൽ നിന്നും വ്യത്യസ്തമായി ഒരു സമൂഹത്തെ മാറ്റത്തിന് പ്രേരിപ്പിച്ച മഹാത്മാവാണ് ശ്രീനാരായണഗുരു. സ്വന്തം മോക്ഷത്തിനു വേണ്ടിയോ, തൻ്റെ മതത്തിൻ്റെ മാത്രം ഉയർച്ചയ്ക്കു വേണ്ടിയോ പ്രയത്നിക്കാതെ എല്ലാ മനുഷ്യരേയും ഒന്നായി കാണാനാണ് ഗുരു പഠിപ്പിച്ചത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' , 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നീ ഗുരു വചനങ്ങളിലും, അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠയിലുമെല്ലാം മതത്തിനല്ല മനുഷ്യനാണ്  പ്രാധാന്യം നല്കുന്നത്. ഒരു ഏക ലോക ഭാവനയാണ് ഗുരു മുന്നിൽ കണ്ടത്. മനുഷ്യന് പുരോഗതി നേടാൻ വിദ്യാഭ്യാസവും, തൊഴിലുമാണ് ആവശ്യം എന്ന് മനസ്സിലാക്കിയ ഗുരു നമുക്ക് ദേവാലയങ്ങളല്ല വിദ്യാലയങ്ങളും തൊഴിൽ ശാലകളുമാണ് ഇനി ആവശ്യമെന്ന് വാദിച്ചു. ഇതൊക്കെ തന്നെയാണ് ഗുരുവിനെ വ്യത്യസ്തനാക്കുന്നത് എന്നാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

-------------------------------------------------------------------------


> പത്രനീതി - സംഗ്രഹം

പത്രങ്ങളെക്കുറിച്ചുള്ള വിമർശനാത്മകമായ നിരീക്ഷണമാണ് സുകുമാർ അഴീക്കോട് ഈ ലേഖനത്തിൽ നടത്തിയിട്ടുള്ളത്. സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോഴാണ് പത്രങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നത്. എന്നാൽ പത്രങ്ങൾ അസത്യം പറയുകയും അത് ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭരണാധികാരികൾ പോലും പത്രത്തെ ഭയപ്പെടുന്നു. അവരെ നിയന്ത്രിക്കാൻ ആർക്കുമാകില്ലെന്ന ചിന്ത അവരെ അഹങ്കാരികളാക്കുന്നു. യഥാർത്ഥ പത്രധർമ്മം എന്താണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ലേഖനം കൂടിയാണ് 'പത്രനീതി'.

-------------------------------------------------------------------------


> അമ്മയുടെ എഴുത്തുകൾ - സംഗ്രഹം

മാതാവിനേയും മാതൃഭാഷയേയും ഉപേക്ഷിക്കാൻ മടിയില്ലാത്ത തലമുറയ്ക്ക് നേരെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് അമ്മയുടെ എഴുത്തുകൾ എന്ന വി. മധുസൂദനൻ നായരുടെ കവിത. അമ്മയുടെ എഴുത്തുകളെ പിന്നിലെ ചായ്പ്പിലേക്ക് മാറ്റി പകരം വിദേശ ഭാഷയായ ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുമ്പോൾ അവിടെ നാം നഷ്ടപ്പെടുത്തുന്നത് അമ്മയെ കുറിച്ചുള്ള ഓർമ്മകൾ മാത്രമല്ല, നമ്മുടെ ഭാഷയേയും സംസ്കാരത്തേയുമാണ് എന്ന് കവി ആകുലപ്പെടുന്നു. നാട്ടറിവുകളായും, വീട്ടുവിശേഷങ്ങളായും, നാട്ടുവൈദ്യമായുമെല്ലാം  നമ്മെ സാംസ്കാരിമായി വളർത്തിയ ആ മാതൃഭാഷയെ പുതുതലമുറയിൽ നിന്ന് അടർത്തി മാറ്റുമ്പോൾ നാം അതിന് അവരോട് കണക്കു പറയേണ്ടി വരുമെന്ന് കവി നമ്മെ ഓർമ്മപ്പെടുത്തുന്നു.

-------------------------------------------------------------------------

No comments:

Post a Comment