Thursday, October 10, 2019

ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം


ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. സമൂഹമാധ്യമങ്ങളിലെ പല മുഖചിത്രങ്ങളിലും ഇന്ന് പെൺകുഞ്ഞുങ്ങൾ നിറഞ്ഞു നിന്നു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. പെൺകുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ സുരക്ഷിതരാണോ? അവർക്കായി എന്തൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യം ഒരുക്കിയിരിക്കുന്നത്.
നിയമങ്ങളെക്കുറിച്ച് അറിയുന്നതിനു മുമ്പ് സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് അറിയേണ്ടത്. ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങൾ പെൺകുഞ്ഞുങ്ങൾ സഹിക്കുന്നുണ്ട്. പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും ലിംഗവിവേചനത്തിനെതിരെ പോരാടാനുമാണ് ബാലികാദിനം ആചരിച്ചു തുടങ്ങിയത്. പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ബാലികാദിനാചരണത്തോടൊപ്പം പെൺകുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ സമൂഹത്തെ അറിയിക്കുന്ന മുദ്രാവാക്യങ്ങളോടെ ആ ദിനങ്ങൾ ആചരിച്ചു തുടങ്ങി
ലോകം ബാലികാദിനം ആചരിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ കൊടിയ ശരീരിക പീഡനങ്ങൾ അനുഭവിക്കുന്ന ആഫ്രിക്കൻ പെൺകുട്ടികളുടെ രോദനങ്ങൾ പലരും കേൾക്കാതെ പോകുന്നു. ആഫ്രിക്കയിലെ ചില ഗോത്രങ്ങളിൽ പെൺകുട്ടികളുടെ ലൈംഗികാവയങ്ങൾ മുറിപ്പെടുത്തുന്നതും മാറിടങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതുമായ കാടൻ ആചാരങ്ങൾ ഇന്നും മുറതെറ്റാതെ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകർക്കോ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ചുവന്നതെരുവുകളിൽ വസിക്കുന്ന സ്ത്രീകൾ പ്രസവിക്കുന്ന പെൺകുഞ്ഞുങ്ങളും ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. അവരുടെ അവകാശം ആരുസംരക്ഷിക്കും. അവർക്കാര് വിദ്യാഭ്യാസം നൽകും. ലൈംഗികത്തൊഴിലാളികളുടെ മക്കളായി ജനിച്ചു പോയ തെറ്റിൻെറ പേരിൽ അവരുടെ ജീവിതവും ചുവന്നതെരുവുകളിൽ ഹോമിക്കപ്പെടേണ്ടി വരുമോ? ഇത്തരം ചോദ്യങ്ങൾക്കൊക്കെ കൃത്യമായ മറുപടിയുണ്ടായെങ്കിൽ മാത്രമേ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാവൂ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ മാലാലയെ പോലെയുള്ള വ്യക്തികളെ ഓർമിക്കാതെ ഒരു ബാലികാദിനവും കടന്നു പോകില്ല. ഓരോ ബാലികാദിനവും ഓർമിപ്പിക്കുന്നതിതാണ്. അസമത്വം എന്നാൽ പരസ്പരം പൊരുതി തോൽപ്പിക്കാനുള്ള ലൈസൻസ് അല്ല ഒന്നിച്ച് തുഴയാനുള്ള ഐക്യപ്പെടൽ ആണ് ഇതു മനസ്സിലാക്കി സ്ത്രീയും പുരുഷനും പോരായ്മകളെ തിരിച്ചറിഞ്ഞു ഒന്നിച്ച് പോകുന്ന ഒരു കാലം , അവിടെ ലോക പെൺകുട്ടികളുടെ ദിനം എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെടും. ആ ദിനത്തിലേക്കാകട്ടെ കാലത്തിന്റെ യാത്ര.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.


No comments:

Post a Comment