Wednesday, October 9, 2019

മുളയിലെ നുള്ളേണ്ട വൈകല്യങ്ങള്‍

അപ്രധാനമെന്ന് കരുതി അവഗണിച്ചേക്കാവുന്ന കുട്ടികളിലെ ആറു പെരുമാറ്റവൈകല്യങ്ങളും അവ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങളും
1. മുതിര്‍ന്നവര്‍ സംസാരിക്കുന്നതിനിടയ്ക്കു കയറി സംസാരിക്കുന്നു
നിങ്ങളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ വലിയ താത്പര്യമായിരിക്കും കുട്ടിക്ക്. എന്നാല്‍ നിങ്ങള്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനെ അവഗണിച്ച് സ്വന്തം കാര്യങ്ങള്‍ പറയാന്‍ കുട്ടിയെ അനുവദിക്കരുത്. ഇതൊരു ശീലമായാല്‍ കുട്ടി ഒരിക്കലും മറ്റുളളവരെ പരിഗണിക്കാന്‍ പഠിക്കുകയില്ല. മാത്രമല്ല, നിങ്ങള്‍ തിരക്കിലായിരിക്കുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടു ചെയ്യാന്‍ കുട്ടി ശീലിക്കുകയുമില്ല. തത്ഫലമായി എപ്പോഴും എല്ലാവരും തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്ന് കുട്ടി തെറ്റിദ്ധരിക്കും. ജീവിതത്തിലെ ചെറിയ വിഷമ സന്ധികളില്‍ പോലും തളര്‍ന്നു പോകുന്ന സ്വഭാവത്തിനുടമയായ്ത്തീരുകയും ചെയ്യും
പരിഹാര മാര്‍ഗ്ഗം
അടുത്ത തവണ നിങ്ങള്‍ ആരോടെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കുമ്പോഴോ സുഹൃത്തിന്റെ വീട്ടില്‍ പോകുമ്പോഴോ കുട്ടിക്ക് ഒരു പെരുമാറ്റശൈലി പറഞ്ഞു കൊടുക്കണം. നിങ്ങള്‍ ചെയ്യാനുളളത് ചെയ്ത് കഴിയുന്നതുവരെ നിങ്ങളെ ശല്യപ്പെടുത്തരുതെന്ന് കുഞ്ഞിനോട് പറയണം. മാത്രമല്ല, അവള്‍ക്ക് എന്തെങ്കിലും വായിക്കാന്‍ കൊടുക്കുകയോ ഇഷ്ടമുളള കളിപ്പാട്ടം കളിക്കാന്‍ കൊടുക്കുകയോ ചെയ്യാം. നിങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കുട്ടി അടുത്തെത്തി നിങ്ങളുടെ കയ്യില്‍ തട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ ആംഗ്യഭാഷയിലൂടെ, ഇരിക്കാന്‍ ഒരു സ്ഥലം കാണിച്ചുകൊടുക്കുക. നിങ്ങള്‍ സംസാരിച്ചു കഴിയുംവരെ അവിടെ മിടുക്കിയായിരിക്കണമെന്ന് സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കുക. നിങ്ങള്‍ക്ക് ചെയ്യാനുളളത് ചെയ്തു തീര്‍ക്കുംവരെ മറ്റൊരു കാര്യവും നിങ്ങള്‍ ശ്രദ്ധിക്കുകയില്ലായെന്നും ശല്യം ചെയ്യുന്നതുകൊണ്ടു പ്രത്യേകിച്ച് ഫലമൊന്നുമില്ലായെന്നും കുട്ടിക്ക് ഇതിലൂടെ മനസ്സിലാകും.
2. കളിയിലെ കാര്യം
കൂട്ടുകാരനെ നിങ്ങളുടെ കുട്ടി ഇടിച്ചുവെന്ന് കരുതുക. നിങ്ങള്‍ തീര്‍ച്ചയായും ഇടപെടും. എന്നാല്‍ മറ്റുളളവരെ ഉന്തുകയോ നുളളികയോ ചെയ്താല്‍ നിങ്ങല്‍ കണ്ണടച്ചേക്കാം. ഇതു സ്വീകാര്യമായ പെരുമാറ്റമല്ല എന്നു കുട്ടിക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ഇടപെടാതിരുന്നാല്‍ അത്തരം പ്രവൃത്തികള്‍ എട്ട് വയസ്സാകുമ്പോഴേക്കും ഗൗരവമായ പെരുമാറ്റവൈകല്യങ്ങളായി മാറിയിട്ടുണ്ടാവും. അതുപോലെ മറ്റുളളവരെ ഉപദ്രവിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, അത് തന്റെ ജന്മാവകാശമാണ് എന്നൊരു ധാരണയും കൂട്ടിക്കുണ്ടാകും-
പരിഹാര മാര്‍ഗ്ഗം
പരുക്കന്‍ പെരുമാറ്റത്തിന് ഉടനടി താക്കീത് നല്‍കണം. കുഞ്ഞിനെ മാറ്റിനിര്‍ത്തി പറയുക, കണ്ടോ നീ നുളളിയപ്പോള്‍ ഉണ്ണിമോള്‍ക്ക് വേദനിച്ചു, അവള്‍ നിന്നോട് ഇങ്ങനെ ചെയ്താലോ? മോള്‍ക്ക് വേദനിക്കില്ലെ? മറ്റുളളവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാന്‍ പാടില്ലന്ന് കുട്ടി ഇതിലൂടെ മനസ്സിലാക്കും. അടുത്ത തവണ കളിക്കാന്‍ പോകുമ്പോള്‍ നന്നായി പെരുമാറണമെന്ന് ഓര്‍മ്മിപ്പിക്കണം. വീണ്ടും പരുക്കന്‍ രീതി ആവര്‍ത്തിച്ചാല്‍ അടുത്ത തവണ കൂട്ടുകാരുമൊത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കാം.
3. നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലായെന്ന് അഭിനയിക്കുന്നു
കാറില്‍ കയറാനോ കളിപ്പാട്ടങ്ങള്‍ ഒതുക്കിവെയ്ക്കാനോ പലതവണ പറഞ്ഞിട്ടും കുട്ടി കേള്‍ക്കുന്നില്ലെങ്കില്‍ അത് അഭിനയമാണെന്ന് മനസ്സിലാക്കണം. ഒരു കാര്യം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് അടുത്ത ഓര്‍മ്മപ്പെടുത്തല്‍ കാത്തു നില്‍ക്കാനാണ് കുട്ടിയെ പ്രേരിപ്പിക്കുക. ആരുടെ ഇഷ്ടം നടക്കണം എന്ന വടംവലി ഇതിലുണ്ട്. നിങ്ങളെ അനുസരിക്കുന്നതിനു പകരം പറ്റിക്കുന്നത് ഒരു തമാശയായെടുക്കുന്ന കുട്ടി പിന്നീട് നിങ്ങളെ അനുസരിക്കാനേ തയാറായില്ലെന്നു തന്നെ വരും. ജീവിതത്തില്‍ പിടിവാശിക്കാരനായി മാറിയെന്നും വരും 
പരിഹാര മാര്‍ഗ്ഗം
കുട്ടിയോട് നിങ്ങളുടെ മുറിയിലിരുന്ന് ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയില്‍ ഓരോന്ന് വിളിച്ചു പറയുന്നത് തീര്‍ത്തും അഭികാമ്യമല്ല. പകരം അവളുടെ അടുത്തു ചെന്ന് അവളുടെ തോളില്‍ തട്ടി പേര് വിളിച്ച് അവള്‍ ചെയ്യേണ്ടതെന്താണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം. സംസാരിക്കുമ്പോള്‍ അവള്‍ നിങ്ങളെ നോക്കുണ്ടെന്നു ഉറപ്പുവരുത്തുക. ശരി അമ്മ, ശരി പപ്പ എന്നു പ്രതികരിച്ചൂവെന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ഓഫാക്കിയിട്ടെ സംസാരിക്കാവൂ. അത് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കും. ഇതൊക്കെ ചെയ്തിട്ടും കുട്ടി അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലായെങ്കില്‍ ഇത്തരം പെരുമാറ്റത്തിന്റെ അനന്തരഫലങ്ങള്‍ വിശദീകരിച്ചുകൊടുക്കുക.
ആറ് വയസ്സുകാരന്‍ വിവേക് അവനിഷ്ടമുളള കാര്യങ്ങള്‍ മാത്രമെ ചെയ്യൂവെന്ന അവസ്ഥയിലായിരുന്നു. ഇതിനു പരിഹാരം കാണാന്‍ അവന്റെ മാതാപിതാക്കള്‍ തീരുമാനിച്ചു. കളിനിര്‍ത്താനോ, കുളിക്കാനോ ഭക്ഷണം കഴിക്കാനോ പറയുമ്പോള്‍ അനുസരിച്ചില്ലെങ്കില്‍ അര മണിക്കൂര്‍ മാത്രമെ ടിവി കാണാന്‍ സമ്മതിക്കൂ എന്നവര്‍ വിവേകിനോട് പറഞ്ഞു. സാധാരണയായി ഒരു മണിക്കൂര്‍ ടിവി കാണുന്ന കുട്ടിക്ക് അത് വിഷമമായി. രണ്ടു പ്രാവശ്യം പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കില്‍ കളിക്കാനും വിടില്ലായെന്നവര്‍ അവനോട് പറഞ്ഞു. ഇത് ഞങ്ങള്‍ മനപൂര്‍വ്വം എടുത്ത തീരുമാനമാണ്. അല്ലെങ്കില്‍ അവന്‍ അനങ്ങാപ്പാറ നയം തുടരുകയും തീരെ അനുസരണയില്ലാത്ത കുട്ടിയാകുകയും ചെയ്യുമെന്ന്റിയാമായിരുന്നു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു-
4. കാര്യങ്ങള്‍ തോന്നും വിധം ചെയ്യുന്നു
കുട്ടി സ്വയം ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുളള ടിവി പ്രോഗ്രാം സ്വയം വച്ച് കാണുന്നതുമൊക്കെ മാതാപിതാക്കള്‍ അഭിമാനത്തോടെ നോക്കിനില്‍ക്കാറുണ്ട്. സ്വയം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സ്വയം ചെയ്യുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കുന്നത് അപകടകരമാണ്. അവനു നിയമങ്ങള്‍ മനസ്സിലായെന്നു വരില്ല. നിങ്ങളുടെ രണ്ടു വയസ്സുകാരന്‍ കുഞ്ഞ് വലിഞ്ഞുകയറി അലമാരയില്‍ നിന്ന് മിഠായി എടുക്കുന്നത് രസകരമായ കാഴ്ചയാണ്. എന്നാല്‍ എട്ട് വയസ്സാകുമ്പോഴേയ്ക്ക് അയല്‍പക്കത്തെ വീടുകളില്‍ നിങ്ങളുടെ അനുവാദം കൂടാതെ പോകാന്‍ തുടങ്ങുമ്പോഴായിരിക്കും നിങ്ങള്‍ കണ്ണുതുറക്കുക 
പരിഹാരമാര്‍ഗ്ഗം
വീട്ടില്‍ കൊച്ചു കൊച്ചു നിയമങ്ങള്‍ ഉണ്ടാക്കുക. അവ കുഞ്ഞിനോട് ആവര്‍ത്തിച്ച് പറയുകയും ചെയ്യുക. ഉദാഹരണമായി, ഫ്രിഡ്ജില്‍ നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ അമ്മയോട് പറയണം. നിങ്ങളുടെ അനുവാദമില്ലാതെ കുട്ടി ടിവി തുറക്കുകയാണെങ്കില്‍ ഓഫാക്കാന്‍ പറയുക. ടിവി തുറക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കണം എന്ന് ഉറക്കെ പറയുകയും ചെയ്യുക. ഇങ്ങനെ കൊച്ചുകൊച്ചു നിയമങ്ങല്‍ ചെറുപ്പത്തിലെ അനുസരിക്കന്‍ കുഞ്ഞ് പഠിക്കും.
മൂന്ന് വയസ്സുകാരി അലോന അനുവാദമില്ലാതെ സ്കെച്ച് പേനയെടുത്ത് അവളുടെ കൈ മുഴുവന്‍ ചിത്രം വരച്ച് വെച്ചു. അമ്മ രേഖ അവള്‍ക്ക് കൊടുത്ത ശിക്ഷ ഉച്ചയ്ക്ക് ശേഷം ആന്റിയുടെ വീട്ടില്‍ കൊണ്ടു പോകില്ലായെന്നതായിരുന്നു. കുഞ്ഞ് വല്ലാതെ കരഞ്ഞു. കാരണം ആന്റിയുടെ വീട്ടില്‍ പോകുന്നത് അവളുടെ ഇഷ്ട വിനോദമായിരുന്നു. പിന്നീട് അവള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ഇത്തരം ശീലങ്ങള്‍ മുളയിലെ നുളളിയില്ലെങ്കില്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ടാകും. അലോന ഇത്തരം വികൃതികള്‍ കുറയ്ക്കുകയും ചെയ്തു-
5. വികൃതിത്തരങ്ങള്‍
പലപ്പോഴും കുറെ വലുതായിക്കഴിയുമ്പോഴാണ് കുട്ടികളുടെ വികൃതിത്തരങ്ങളും കൊഞ്ഞനം കാട്ടലും മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. എന്നാല്‍ കുഞ്ഞിലെ തന്നെ അവര്‍ തങ്ങളുടെ ജ്യേഷ്ഠ സഹോദരങ്ങളുടെ വികൃതികള്‍ അനുകരിക്കാന്‍ ശ്രമിക്കും. മാതാപിതാക്കളുടെ പ്രതികരണമെന്തെന്ന് അവര്‍ ഓരോ വികൃതികള്‍ക്ക് ശേഷവും നിരീക്ഷിക്കും. വളര്‍ച്ചയുടെ ഒരു ഘട്ടം മാത്രമെന്ന് കരുതി ചില മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നു. എന്നാല്‍ നിങ്ങളോടും കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ മോശമായി പെരുമാറുന്ന ശീലം പ്രൈമറി സ്ക്കൂളിലെത്തുമ്പോഴേക്കും കുട്ടിക്കുണ്ടാകുമെന്നതാകും ഫലം –
പരിഹാര മാര്‍ഗ്ഗം
സ്വന്തം പെരുമാറ്റത്തെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്തുക. കുട്ടിയ്ക്ക് വിഷമം തോന്നാനല്ല സ്വന്തം പെരുമാറ്റത്തിലെ കുഴപ്പങ്ങള്‍ അവള്‍ തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. അവള്‍ വീണ്ടും മോശമായി പെരുമാറുന്നൂവെങ്കില്‍ ചെറിയൊരു പരിഭവം കാണിക്കാം. മോള്‍ ഇങ്ങനെ ചെയ്താല്‍ അമ്മ കൂടില്ല. നല്ല രീതിയില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമെ അമ്മ ശ്രദ്ധിക്കുകയുളളു. ഈ സൂത്രം ഫലിക്കാതിരിക്കില്ല.
6. വസ്തുതകള്‍ പെരുപ്പിച്ചു കാണിക്കുക
ബെഡ്ഷീറ്റ് അലസമായി വലിച്ചിട്ട ശേഷം ഞാന്‍ കിടക്ക ശരിയാക്കി എന്നു പറയുന്ന കുട്ടികള്‍ ഉണ്ട്. ഒരിക്കലും വിമാനത്തില്‍ കയറാത്ത കുഞ്ഞ് വിമാനത്തില്‍ കയറി ബാംഗ്ലൂര്‍ പോയി എന്നു പറയുന്നുവെന്നിരിക്കട്ടെ. നമുക്കത് ഗൗരവമായി തോന്നണമെന്നില്ല. എന്നാല്‍ കളളം പറയുന്ന ശീലത്തിലേയ്ക്ക് ഈ വീമ്പ് പറച്ചില്‍ എത്താതെ നോക്കണം. സ്വയം മിടുക്കിയാകാനോ, ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കാനോ, ചെയ്ത കുറ്റത്തിന് ശിക്ഷ കിട്ടാതിരിക്കാനോ, നുണ സഹായിക്കുമെന്ന് തോന്നിയാല്‍ കുട്ടി നുണ പറയുന്നത് ശീലമാക്കും
പരിഹാര മാര്‍ഗ്ഗം
കുഞ്ഞിനോട് പറയുക, വിമാനത്തില്‍ കയറാന്‍ നല്ല രസമായിരിക്കും. ഒരു ദിവസം നമുക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റിയേക്കും എന്നാല്‍ വിമാനത്തില്‍ കയറി എന്ന് ആരോടും നുണ പറയരുത്. സത്യം പറഞ്ഞില്ലെങ്കില്‍ ആളുകളുടെ വിശ്വാസം കുറയും എന്ന് കുഞ്ഞ് മനസ്സിലാക്കട്ടെ. പല്ല് തേയ്ക്കാതെ പല്ല് തേച്ചെന്ന് പറയുന്ന കുഞ്ഞിനെ ഇണങ്ങിപ്പറഞ്ഞ് പല്ല് തേപ്പിക്കുക. അഞ്ച് വയസ്സുകാരി അനുമോള്‍ നുണ പറഞ്ഞപ്പോള്‍ അമ്മ അവള്‍ക്ക് “പുലി വരുന്നേ’ എന്നു പറഞ്ഞ് കരഞ്ഞ കുട്ടിയുടെ കഥ പറഞ്ഞു കൊടുത്തു. കഥയിലൂടെ, പറയുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കുഞ്ഞിന് സാധിക്കും-







No comments:

Post a Comment