Wednesday, October 23, 2019

പോക്കിരി രാജാസ്


കുട്ടികളുടെ വികൃതികളും വഴക്കുകളും കൊണ്ട് മടുത്തിരിക്കുകയാണോ നിങ്ങള്‍? വീട്ടിലെ സമാധാനം നിലനിര്‍ത്താനും അനാവശ്യ വഴക്കുകള്‍ മുളയിലേ നുള്ളിക്കളയാനും നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?
വീട്ടിലെ കുട്ടികള്‍ സഹോദരീസഹോദരന്മാരാണെങ്കിലും ഒരു കൂട്ടുകുടുംബത്തിലെ  ബന്ധുക്കളാണെങ്കിലും അവര്‍ തമ്മില്‍ വഴക്കും തര്‍ക്കവും സ്വാഭാവികമാണ്. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ അത് മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. വളരെ ലളിതമായ ചില വഴികളിലൂടെ കുട്ടികളുടെ വഴക്കുകളെ കൈകാര്യം ചെയ്യാനാവും. 
1. അമിത പ്രതീക്ഷകള്‍ ഒഴിവാക്കുക
സഹോദരങ്ങളുടെ ഇടയില്‍ തര്‍ക്കവും വഴക്കും സ്വാഭാവികമാണ്. അതിനാല്‍ അവര്‍ പരസ്പരം പെരുമാറേണ്ടതിനെക്കുറിച്ച് ന്യായമായ പ്രതീക്ഷകളേ വച്ചുപുലര്‍ത്താവൂ… അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് മൂന്ന് കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ ഓരോ ആറു മിനിട്ടിനുള്ളിലും ഒരു വഴക്ക് ഉറപ്പാണ്. ഇതിന്‍റെ തീവ്രത കുറഞ്ഞും കൂടിയുമിരിക്കും. ലളിതമായ ചില പരിഹാരങ്ങളിലൂടെ നിങ്ങള്‍ക്ക് തുടങ്ങാം. അവര്‍ കളിപ്പാട്ടങ്ങള്‍ പങ്കുവച്ച് ശീലിക്കട്ടെ. ഒരുമിച്ച് കളിച്ച് പഠിക്കട്ടെ.
2. താരതമ്യം ചെയ്യരുത്
കുടുംബസമാധാനത്തിന്‍റെ ഏറ്റവും പ്രധാന ഘടകം കുട്ടിക്ക് താന്‍ സഹോദരങ്ങളേക്കാള്‍ കൂടുതല്‍ നല്ലതോ മോശമോ ആണെന്ന തോന്നലുണ്ടാക്കാതിരിക്കലാണ്. “നിന്‍റെ ചേട്ടന്‍ എത്ര നന്നായി പഠിക്കുന്നു. നീ എന്താ ഇങ്ങനെ?” എന്ന മട്ടില്‍ ഒരു കുട്ടിയോടും ചോദിക്കരുത്. കുട്ടികള്‍ വളരെ സ്വാഭാവികമായാണ് ഓരോ കാര്യവും ചെയ്യുന്നത്. അവരെ അതിന് അനുവദിക്കുക. എപ്പോഴും ആരോടെങ്കിലും മത്സരിച്ചുകൊണ്ടിരിക്കണം എന്നൊരവസ്ഥ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കേണ്ട കാര്യമില്ലല്ലോ.
3. എല്ലാവരും ജയിക്കുന്ന കളികള്‍
കൗമാരപ്രായക്കാര്‍ക്ക് മത്സരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ പറ്റും. എന്നാല്‍ കൊച്ചുകുട്ടികള്‍ക്ക് അതാവില്ല. എല്ലാവര്‍ക്കും ജയിക്കാന്‍ പറ്റുന്ന കളികളാണ് അവര്‍ക്ക് നല്ലത്. അത് അവരില്‍ പരസ്പരസഹകരണ മനോഭാവം വളര്‍ത്തും. അത്തരം കളികളെ എല്ലാവര്‍ക്കും പരസ്പരസഹകരണത്തിന്‍റെ അവസരമാക്കി മാറ്റാന്‍ പറ്റും. കുടുംബത്തില്‍ എല്ലാവരും പരസ്പരം സഹായിക്കണമെന്ന പാഠം കുട്ടികള്‍ ചെറുപ്പത്തിലെ മനസ്സിലാക്കട്ടെ. മൂത്തവര്‍ ഇളയവരെ സഹായിക്കട്ടെ; നേരെ തിരിച്ചും.
4. കൃത്യമായ ദിനചര്യകള്‍
ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കേണ്ട സ്ഥലം, കാറില്‍ മുന്നിലിരിക്കേണ്ടയാള്‍, പിന്നിലിരിക്കേണ്ടയാള്‍ എന്നിങ്ങനെ കുട്ടികള്‍ സ്ഥിരം വഴക്കുണ്ടാക്കുന്ന രംഗങ്ങളുണ്ടാകാം. അപ്പോള്‍ “ഓരോന്നിനും കൃത്യമായ ഒരു ക്രമം ഉണ്ടാക്കുകയാണ് പരിഹാരം. ഈ തന്ത്രം മാതാപിതാക്കള്‍ എല്ലാക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്.അച്ഛനോ അമ്മയോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു പകരം കലണ്ടര്‍ തീരുമാനിക്കട്ടെ. തിങ്കളാഴ്ച കാറിന്‍റെ മുമ്പില്‍ ഇരിക്കുന്നത് ഇളയവനാണെങ്കില്‍ അടുത്തദിവസം രണ്ടാമത്തെയാള്‍, എന്നൊരു ക്രമം. അവര്‍ക്കത് തികച്ചും സ്വീകാര്യമാവും
5. ഓരോരുത്തര്‍ക്കും സ്വന്തമായത് നല്കുക
പുസ്തകം വയ്ക്കാന്‍, കളിപ്പാട്ടങ്ങള്‍ വയ്ക്കാന്‍, എഴുതാന്‍, പഠിക്കാന്‍, ഉറങ്ങാന്‍- – ഇതിനൊക്കെ സ്വന്തമായൊരിടം ഓരോ കുട്ടിയും ആഗ്രഹിക്കും. അതിനായി പരസ്പരം വഴക്കിട്ടെന്നിരിക്കും. കിടപ്പുമുറിയിലും പഠിക്കുന്നിടത്തും ഓരോരുത്തര്‍ക്കുമുള്ള സ്ഥലം ‘സ്വന്തമായി’ നല്കുകയാണ് പ്രതിവിധി. ഇത് വളരെ കൃത്യമായി ചെയ്യുക. മാതാപിതാക്കളോടൊപ്പം ഒറ്റയ്ക്ക് സമയം വേണമെന്നും അവര്‍ ശാഠ്യം പിടിച്ചെന്നിരിക്കും. ഓരോ ദിവസവും കുറച്ചുസമയം ഓരോരുത്തര്‍ക്കും അനുവദിച്ചു നോക്കൂ. ഈ സമയം മറ്റു സഹോദരങ്ങളുടെ ഇടപെടലില്ലാതെ അവര്‍ സംസാരിക്കട്ടെ.
6. മടുത്തതുകൊണ്ട് വഴക്കുണ്ടാക്കാന്‍ അനുവദിക്കരുത്
ആരും ശ്രദ്ധിക്കാത്തപ്പോഴും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോഴും കുട്ടികള്‍ പരസ്പരം വഴക്കുകൂടിയെന്നിരിക്കും. “ഇത് ഗൗരവമുള്ളതായിരിക്കില്ല. അവരുടെ ഒരു കളിതമാശ തന്നെയായിരിക്കും ഈ വഴക്ക്. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ഒരു കുറുക്കുവഴി,” ഡോ. ബീന പറയുന്നു: “ഉദാഹരണത്തിന്, ഒരു കാറ് യാത്രയില്‍ ബോറടിക്കുന്ന അവര്‍ പെട്ടെന്നൊരു വഴക്കുണ്ടാക്കുന്നു. അതിലെ ആവേശത്തില്‍ അവര്‍ സന്തോഷിക്കുന്നു. മാതാപിതാക്കള്‍ തങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്കത് കൂടുതല്‍ സന്തോഷം നല്‍കുന്നു”.
കുട്ടിയുടെ ബോറടി മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കേണ്ടതാണ്. പ്രായത്തിന് അനുയോജ്യമായ ഡിവിഡികളും പുസ്തകങ്ങളും ലഭ്യമാക്കാം. എല്ലാവര്‍ക്കും കൂടെ പങ്കെടുക്കാവുന്ന കളികള്‍ പരിചയപ്പെടുത്താം.
7. നിങ്ങളുടെ കുട്ടിക്കാലം
ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ സ്വന്തം അനുഭവങ്ങള്‍ കുട്ടികളോട് പറയുന്നത് ഏറെ ഗുണം ചെയ്യും. അവരുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ബോധ്യപ്പെടും. ഡോ. ബീന നിര്‍ദ്ദേശിക്കുന്നു, “പുസ്തകങ്ങളില്‍ നിന്നുള്ള കഥകളും വളരെ നല്ലതാണ്. അതുപോലെ സഹകരിച്ചു വളരുന്ന മറ്റുള്ള കുട്ടികളുടെ കഥകളും പരസ്പരം പങ്കുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അവരുടെ രീതികളും പരിചയപ്പെടുത്താം”.
വഴക്കിന്‍റെ കാരണങ്ങള്‍
സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് കുട്ടികളുടെ ഇടയില്‍ സ്വാഭാവികമാണ്. അതുനുള്ള കാരണങ്ങള്‍ ഓരോ വീട്ടിലും വ്യത്യസ്തമായിരിക്കും. എന്നാല്‍ ചില പൊതുവായ കാരണങ്ങള്‍ എവിടെയും കണ്ടെത്താനാവും. കാരണം തിരിച്ചറിഞ്ഞാല്‍ വഴക്ക് മനസിലാക്കാനാവും: പരിഹാരവും എളുപ്പമാവും.
1. മാതാപിതാക്കളുടെ ശ്രദ്ധയും സ്നേഹവും പങ്കുവയ്ക്കാതെ മുഴുവനായി കിട്ടണമെന്നുള്ള ആഗ്രഹം.
2. പുതുതായി വന്ന അനുജന്‍റെ സാന്നിദ്ധ്യവും അവനു കിട്ടുന്ന ശ്രദ്ധയും നഴ്സറിക്കാരിയില്‍ അസൂയ ഉളവാക്കും.
3. രണ്ടുവയസിനെങ്കിലും അന്തരമില്ലാത്ത സഹോദരങ്ങള്‍ തമ്മിലാണ് കൂടുതല്‍ വഴക്കുണ്ടാകുക.
4. ശിക്ഷിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും കുട്ടികളുടെ ആത്മാഭിമാനം മുറിപ്പെടും.
ഇത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിലേക്ക് നയിച്ചേക്കാം.
5. സഹോദരങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ കുറവാണ് പലപ്പോഴും വഴക്കിന് മറ്റൊരു കാരണം. സ്വന്തം ആവശ്യങ്ങള്‍ അറിയിക്കാനാവാതെ വരുന്നത് അടിപിടിയില്‍ കലാശിക്കും.
6. മത്സരം സ്വാഭാവികമാണ് എന്നാല്‍ എന്തിനും ഏതിനും വേണ്ടിയുള്ള മത്സരം പലപ്പോഴും വഴക്കിലെ അവസാനിക്കൂ.
7. ഓരോ കുട്ടികളുടേയും കഴിവുകള്‍ വ്യത്യസ്തമായിരിക്കും.തന്‍മൂലം അവര്‍ക്ക് മാതാപിതാക്കളില്‍ നിന്നു കിട്ടുന്ന അംഗീകാരവും വ്യത്യാസപ്പെട്ടിരിക്കും. ഇത് സഹോദരങ്ങള്‍ തമ്മിലുള്ള അസൂയയ്ക്ക് കാരണമാവാം.
മാതാപിതാ ഗുരു
നിങ്ങളുടെ കുട്ടിയുടെ അദ്ധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെ അവന്‍റെ/അവളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ നിങ്ങള്‍ക്കു സാധിക്കും. മക്കളുടെ ടീച്ചേഴ്സുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള വഴികള്‍.
അറിവു നേടുന്നതോടൊപ്പം സ്വഭാവരൂപീകരണവും നടക്കുന്ന വിദ്യാഭ്യാസ കാലം ഏറ്റവും ഫലപ്രദമാകുന്നത് അദ്ധ്യാപകരും രക്ഷിതാക്കളും സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ്. എന്നാല്‍ നിങ്ങളുടെ തിരക്കുപിടിച്ച ജീവിതശൈലി ഇത്തരമൊരു ബന്ധം പരിപോഷിപ്പിക്കുന്നതിന് തടസ്സമായേക്കാം. പതിനെട്ടു വര്‍ഷക്കാലം പ്രിന്‍സിപ്പലായിരുന്ന ഡാനിയല്‍ ജോണ്‍ പറയുന്നതിങ്ങനെ: “രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ലത് കാംഷിക്കുന്നവരാണ്. അദ്ധ്യാപകരും അങ്ങനെതന്നെ. എന്നാല്‍ ഇത് നേടിയെടുക്കാന്‍ പരസ്പര സഹകരണവും കൂട്ടുത്തരവാദിത്വവുമാണ് ആവശ്യം.”
പങ്കെടുക്കണം; ഏതളവില്‍?
കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ എത്രമാത്രം ഇടപെടണം എന്നതിനെക്കുറിച്ച് പല മാതാപിതാക്കള്‍ക്കും ധാരണയില്ലെന്നതാണ് സത്യം. അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നത്ര പിന്തുണയും പങ്കാളിത്തവും നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അദ്ധ്യാപകരും കുട്ടികളും ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങളില്‍ രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ അമിതാവേശം കാണിക്കുന്നത് നന്നല്ല. അധ്യയന കാര്യങ്ങളില്‍ ഇടപെടുന്നതും, ഫലപ്രദമായി ഇടപെടുന്നതും രണ്ടാണ്. കുട്ടിയുടെ പഠനരീതി, പഠനഭാഗങ്ങള്‍, ക്ലാസ്സിലെ പെരുമാറ്റം, സാമൂഹ്യവത്ക്കരണം, സഹപാഠികളോടുള്ള സഹകരണം, അച്ചടക്കം ഇവയിലെല്ലാം അദ്ധ്യാപ കര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കണം. കുട്ടിയെക്കുറിച്ചുള്ള ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്ക ഉണ്ടെങ്കില്‍ അത് അദ്ധ്യാപകരുമായി പങ്കുവയ്ക്കുവാന്‍ കഴിയണം. കുട്ടിയുടെ ക്ലാസ്സ് ടീച്ചറുമായി ഒരു നല്ല ബന്ധം നിലനിര്‍ത്തുക എന്നത് അഭികാമ്യമാണ്.
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക
നിങ്ങളുടെ കുട്ടിയെക്കുറിച്ചും അവന്‍റെ പഠനത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സംഗമങ്ങള്‍ ഏറെ സഹായിക്കും. അതുകൊണ്ടുതന്നെ ഇത്തരം യോഗങ്ങളില്‍ താത്പര്യത്തോടും ഒരുങ്ങിയും പങ്കെടുക്കുവാന്‍ ശ്രദ്ധിക്കണം. നിങ്ങളാണ് കുട്ടിയെ ഏറ്റവും അടുത്തറിയുന്ന വ്യക്തി. അതുകൊണ്ട് കുട്ടിയെ മനസ്സിലാക്കുവാന്‍ അദ്ധ്യാപകരെ സഹായിക്കത്തക്ക വിധം കാര്യങ്ങള്‍ പങ്കുവയ്ക്കാനും മടിക്കരുത്.
കിരണ്‍ വീട്ടില്‍ വളരെ ‘ജോളി’യായി പെരുമാറുന്ന കുട്ടിയാണ്. പക്ഷെ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അവന്‍ നിശബ്ദനായിരുന്നു. ടീച്ചര്‍ ഉപദേശിച്ചു, താക്കീത് ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. അവര്‍ കിരണിന്‍റെ അമ്മയെ വിളിപ്പിച്ചു. അവര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെ വേദനിപ്പിക്കുന്ന ആ സത്യം പുറത്തുവന്നു. കിരണിന് കേള്‍വിക്കുറവുണ്ട്. നല്ല പൊക്കമുണ്ടായിരുന്നതുകൊണ്ട് അവന്‍ പിന്‍ബഞ്ചിലായിരുന്നു ഇരിപ്പ്. അതുകൊണ്ട് ടീച്ചര്‍ പറയുന്നത് ശരിക്ക് കേള്‍ക്കുവാന്‍ അവന് കഴിഞ്ഞിരുന്നില്ല.
അദ്ധ്യാപകരെ വിശ്വാസത്തിലെടുക്കുക
മിനിമോള്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. കുറച്ചുനാളുകളായി അവള്‍ക്ക് പഠനത്തില്‍ ശ്രദ്ധകുറഞ്ഞുവരുന്നത് ടീച്ചര്‍ നിരീക്ഷിച്ചു. ടീച്ചര്‍ ഈ വിവരം അവളുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് കള്ളി പുറത്തായത്! 8 മണിമുതല്‍ മകളോട് പഠിക്കാന്‍ പറഞ്ഞശേഷം അമ്മ സീരിയല്‍ ലോകത്താണ്. അമ്മയെക്കാള്‍ മിടുക്കിയായ മകള്‍ ‘പഠിച്ചു’കൊണ്ട് സീരിയല്‍ നഷ്ടപ്പെടുത്താതെ നോക്കി. ഏതായാലും മിനിമോളെ ഏറെ സ്നേഹിച്ചിരുന്ന അമ്മ ഒരു മാറ്റത്തിന് തയ്യാറായി. നിങ്ങള്‍ പറയുന്നതല്ല, പ്രത്യുത നിങ്ങള്‍ ചെയ്യുന്നതാണ് കുട്ടികള്‍ ചെയ്യുന്നത്.
നിങ്ങളുടെ കുട്ടിയുടെ ഗ്രേഡ് മോശമാകുമ്പോള്‍ അവളുടെ അദ്ധ്യാപകര്‍ക്കാണ് നിങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ കഴിയുക. അതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കണം. ഒരിക്കലും കുട്ടിയുടെ മുന്നില്‍വച്ച് അദ്ധ്യാപകരെക്കുറിച്ച് മോശമായി സംസാരിക്കരുത്.
തുടര്‍ച്ചയായ ആശയ വിനിമയം
നിങ്ങള്‍ വളരെ തിരക്കുള്ള ഒരു രക്ഷിതാവാണോ? രക്ഷാകര്‍തൃയോഗത്തില്‍ തിരക്കിട്ടുവന്ന് ഒപ്പിട്ടു പോകുവാനേ നിങ്ങള്‍ക്കു സാധിക്കുന്നുള്ളോ? എങ്കില്‍ ഇത് തീര്‍ത്തും അപര്യാപ്തമാണ്. കുട്ടിയുടെ ക്ലാസ്സ് ടീച്ചറുമായി നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. അതിലൂടെ നിങ്ങളുടെ കുട്ടിക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കൊടുക്കുവാന്‍ ടീച്ചര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
ജാസ്മിന്‍റെ അച്ഛന്‍ ഒരു ട്രഷറി ഉദ്യോഗസ്ഥനാണ്. സമയം അദ്ദേഹത്തിന് ഒരു ബോണസാണ്. എന്നിരുന്നാലും ആഴ്ചയിലൊരിക്കലെങ്കിലും സ്കൂളില്‍ ചെല്ലുകയും കണ്ടുമുട്ടുന്ന ടീച്ചേഴ്സിനോട് ഒരു ‘ഹലോ’ പറയുകയും ചെയ്യുക അദ്ദേഹത്തിന്‍റെ ശൈലി ആയിരുന്നു. വലിയ സംസാരമൊന്നുമില്ലെങ്കിലും ആ സാന്നിധ്യം തന്നെ പ്രോത്സാഹന ജനകമായിരുന്നു. ഇതുതന്നെയായിരിക്കണം ജാസ്മിനെ സ്കൂളിലെ ‘Best Student അവാര്‍ഡ്’ നേടുവാന്‍ സഹായിച്ചതും.
സ്കൂള്‍ കാര്യങ്ങളില്‍ പങ്കെടുക്കുക.
നിങ്ങളുടെ കുട്ടി ഒരു അധ്യയന വര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. ചിലപ്പോഴെങ്കിലും ഈ പ്രവര്‍ത്തനങ്ങളില്‍ ടീച്ചേഴ്സിന് താങ്ങാകുവാന്‍ നിങ്ങള്‍ക്കു കഴിയും. ഒരുപക്ഷെ എക്സിബിഷന്‍ ഹാളിലേക്ക് എത്താന്‍ ഒരു ലിഫ്റ്റ് ആകാം, അല്ലെങ്കില്‍ മത്സരാര്‍ത്ഥികള്‍ക്ക് അകമ്പടിപോകലാകാം. ഇതെല്ലാം നിങ്ങളുടെ കുട്ടിക്ക് നിങ്ങളെക്കുറിച്ചുള്ള അഭിമാനം വര്‍ദ്ധിപ്പിക്കും. സ്കൂളും വീടും തങ്ങള്‍ക്കായി സ്നേഹപൂര്‍വ്വം സഹകരിക്കുന്നു എന്നു മനസ്സിലാക്കുന്ന കുട്ടി പഠനത്തില്‍ താത്പര്യം കാണിക്കും. സ്വയം വിലമതിക്കും. നേര്‍വഴിയിലൂടെ നടക്കും.
ഇത്തരമൊരു സഹകരണവും പരസ്പരവിനിമയവും നിങ്ങളും നിങ്ങളുടെ കുട്ടിയുടെ അദ്ധ്യാപകരും തമ്മില്‍ വളര്‍ത്തി എടുക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. അത് ഒരു വലിയ നേട്ടമായിരിക്കും… നിങ്ങള്‍ക്കും, അതിലേറെ നിങ്ങളുടെ കുട്ടിക്കും.

കല്‍പ്പിക്കണ്ട അവര്‍ പ്രജകളല്ല
കൗമാരപ്രായക്കാരായ കുട്ടികളുടെ സഹകരണം ലഭിക്കുന്നില്ലെങ്കില്‍ അതിനു കാരണം രക്ഷകര്‍ത്താക്കള്‍ തന്നെയായിരിക്കും
രണ്ടുവയസ്സായ അഖില്‍ കാറില്‍ കയറാന്‍ വിസമ്മതിക്കുന്നുവെന്ന് കരുതുക. ആദ്യം നിങ്ങള്‍ കുറച്ചൊക്കെ നിര്‍ബന്ധിച്ചുനോക്കും. പരാജയപ്പെട്ടാല്‍ അവസാനം അവന്‍റെ എതിര്‍പ്പിനെ വകവയ്ക്കാതെ അവനെ എടുത്ത് സീറ്റിലിരുത്തും. എന്നാല്‍, നിങ്ങളെക്കാള്‍ വലുപ്പമുള്ള കൗമാരക്കാരനായ നിങ്ങളുടെ മകന്‍റെ കാര്യത്തില്‍ ഇത് നടപ്പിലാകില്ല.
രവികുമാര്‍ എന്ന മനഃശാസ്ത്രജ്ഞന്‍ പറയുന്നു: “നല്ല തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കൗമാരപ്രായക്കാര്‍ക്കുള്ള കഴിവില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചേ പറ്റൂ. കൊച്ചുകുഞ്ഞുങ്ങളെ അനുസരിപ്പിക്കാന്‍ പ്രയോഗിക്കുന്ന നിര്‍ബന്ധബുദ്ധി മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ തിരിച്ചടിയായേക്കും”.
സമീപനത്തിലുള്ള മാറ്റമാണ് കൗമാരക്കാരെ സമീപിക്കുമ്പോള്‍ നമുക്ക് വേണ്ടത്. സംഭാഷണത്തിലൂടെയും ചര്‍ച്ചയിലൂടെയും അവരുടെ സഹകരണം നേടിയെടുക്കുന്ന ബന്ധം വളര്‍ത്തിയെടുക്കുകയാണാവശ്യം. ഇത്തരമൊരു ബന്ധത്തിന്റെ ഹൃദയമെന്നത് അവരെ കേള്‍ക്കാനുള്ള സന്നദ്ധതയാണ്.
13-ഉം 11-ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ലിസ. ഈ രണ്ട് കുട്ടികളെ വളര്‍ത്തിയതുകൊണ്ട് മാത്രം പരസ്പരം ആലോചിക്കാനും ചര്‍ച്ചചെയ്യാനുമുള്ള കഴിവ് എത്രയോ കൂടിയെന്ന് അവര്‍ പറയുന്നു.
“മനുവിനോട് ഞാനൊരു കാര്യം പറഞ്ഞിട്ട്, അവന്‍ എതിരു പറഞ്ഞാല്‍ ഞാന്‍ മറ്റൊരു വഴി ആലോചിക്കും. ‘പാത്രം തുടക്കാന്‍ പറ്റില്ലെങ്കില്‍ നീ ഒരു കാര്യം ചെയ്യ്, കൂജയില്‍ വെള്ളം നിറച്ചുവയ്ക്ക്.’ തീര്‍ത്തും മോശമായ അന്തരീക്ഷമാണെന്നു കണ്ടാല്‍ ഞാന്‍ പറയും, ‘ശരി ഇന്നത്തേക്ക് ഞാനിതു ചെയ്യാംഎന്നാല്‍ നാളെ നീ ഇത് ചെയ്യണം’.
വിലക്കുകള്‍ക്ക് പകരം ചര്‍ച്ച
ഡോ. രവികുമാര്‍ പറയുന്നു, കൗമാരക്കാരോട് ‘അരുത്’, ‘പറ്റില്ല’ എന്ന് പറയുന്നതിനേക്കാള്‍ കൂടുതലായി ‘ശരി’യെന്നും, ‘ഓകെ’ എന്നും പറയാന്‍ ശീലിക്കുന്നതായിരിക്കും നല്ലത്. അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും തുറന്നടിച്ച് പറ്റില്ല’ എന്ന് പറയരുത്. പകരം ഒരു ചര്‍ച്ചയോ സംഭാഷണമോ ആരംഭിക്കാം. ‘നിനക്ക് എന്ത് തോന്നുന്നു?’ ‘എന്‍റ ഉത്കണ്ഠ ഇതാണ്’. ഇങ്ങനെ ചര്‍ച്ച ചെയ്താല്‍ അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകും. പലപ്പോഴും അവര്‍ തന്നെ ‘വേണ്ട’ എന്ന തീരുമാനത്തില്‍ സ്വയം എത്തിയെന്നും വരും.
കുടുംബസമ്മേളനം
വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കുന്ന അവസരങ്ങളുണ്ടാക്കണം. ഇത്തരം അവസരങ്ങള്‍ ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഉപയോഗിക്കുക.
“ഞങ്ങളുടെ വീട്ടിലൊരു വൈറ്റ് ബോര്‍ഡുണ്ട്. ഒരുമിച്ചു ചര്‍ച്ചചെയ്യാനുള്ള വിഷയം ആര്‍ക്കും അതില്‍ എഴുതിയിടാം. ഒരുമിച്ചിരിക്കുമ്പോള്‍ ഞങ്ങളത് ചര്‍ച്ച ചെയ്തെടുക്കും”. ഇത് വളരെ ഉപകാരപ്രദമാണെന്ന് മൂന്ന് മക്കളുടെ അമ്മയായ ആനി പറയുന്നു. “കാരണം ചര്‍ച്ചകള്‍ നടക്കുന്നത് വൈകാരികമായി ചൂടായിരിക്കുമ്പോഴല്ല, കാര്യങ്ങള്‍ തണുത്ത ശേഷമാണ്”.
നിയമങ്ങള്‍ പുനഃപരിശോധിക്കുക
വീട്ടിലെ പല നിയമങ്ങളും കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടാക്കിയതോ നിങ്ങള്‍
നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് ശീലിച്ചതോ ആകാം. സൈക്യാട്രിസ്റ്റ് തോമസ് സാമുവല്‍ പറയുന്നു: “കുട്ടികളുടെ പക്വതയും പ്രായവും പരിഗണിച്ച് അവരെകൂടി പങ്കെടുപ്പിച്ച് നിയമങ്ങളുണ്ടാക്കുക. ശരിയല്ലെന്ന് മക്കള്‍ കരുതുന്ന കാര്യങ്ങള്‍ക്ക് അവരെ നിര്‍ബന്ധിച്ചാല്‍ അവര്‍ കൂടുതല്‍ പിടിവാശി പിടിക്കാനേ സഹായിക്കൂ. ചര്‍ച്ചയും വിട്ടുവീഴ്ചയുമാണ് ഈ പ്രായത്തില്‍ കൂടുതല്‍ ഫലപ്രദം”.
കല്പനയല്ല അഭ്യര്‍ത്ഥന
“കൗമാരക്കാരോട് കല്പിക്കുന്നതിനേക്കാള്‍ നല്ലത് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതാണ്. ‘പറ്റില്ല’ എന്ന് പറയാന്‍ സാധ്യതയുള്ളിടത്തുപോലും സഹായാഭ്യര്‍ത്ഥന വിജയിച്ചെന്നിരിക്കും; അതും മക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്ന അഭ്യര്‍ത്ഥനയാണെങ്കില്‍,” അനുഭവത്തില്‍ നിന്നും ലിസ പറയുന്നു. “ആറു മണിക്ക് ചെടി നനച്ചു തീര്‍ക്കണം എന്ന് കല്പിക്കുന്നതിനേക്കാള്‍ നല്ലത്, എപ്പോള്‍ നനച്ചു തീര്‍ക്കും എന്നു ചോദിക്കുന്നതാണ്”.
ആവശ്യമുള്ളപ്പോള്‍ മാത്രം
“സാധാരണയായി അയവുള്ള സമീപനമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, ചില കാര്യങ്ങളില്‍ കര്‍ശനസ്വഭാവം കാണിച്ചാലും അവര്‍ സഹകരിക്കും,” ഡോക്ടര്‍ രവികുമാര്‍ പറഞ്ഞു. ഉത്തരവാദിത്വവും അവകാശങ്ങളും ഒരുമിച്ചു പോകുന്നതാണെന്ന് കൗമാരക്കാരെ ബോധ്യപ്പെടുത്തണമെന്ന് തോമസ് സാമുവല്‍ അഭിപ്രായപ്പെടുന്നു.
പരസ്പരബന്ധം പരിപോഷിപ്പിക്കുക
“തര്‍ക്കവും എതിര്‍പ്പും അനുസരണക്കേടും നിറഞ്ഞ ദിവസമായിരുന്നെങ്കില്‍ അന്ന് മക്കളുമായി ഒരു ഔട്ടിങ് നല്ലതാണ്,” രവികുമാര്‍ പറയുന്നു. “അതുമല്ലെങ്കില്‍ പുറത്ത് ഭക്ഷണം കഴിക്കാനോ, സിനിമയ്ക്കോ പോകാം. അതിലൂടെ അവരുമായുള്ള ബന്ധം വളര്‍ത്താനും അവരുടെ സഹകരണം നേടിയെടുക്കാനും സാധിക്കും. ബന്ധം നല്ലതായിരിക്കുമ്പോള്‍ സഹകരണം എളുപ്പമാകും.”
കൗമാരപ്രായക്കാരുടെ തലച്ചോറ്
ഡോക്ടര്‍ രവികുമാര്‍ പറയുന്നു: “കൗമാരപ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ച ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവര്‍ പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം മുതിര്‍ന്നവരെപ്പോലെയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ കുട്ടികളാണെന്നതാണ്. ഇത് ഒരു വളര്‍ച്ചാഘട്ടമായതിനാല്‍ മുതിര്‍ന്നവരുടെ യുക്തിയും പക്വതയും അവര്‍ക്കുണ്ടാവില്ല.” ഇക്കാരണത്താല്‍ തന്നെ ഈ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അത്യാവശ്യമാണ്. (ഒപ്പം അളവില്ലാത്ത ക്ഷമയും). എന്തൊക്കെ പറഞ്ഞാലും എത്ര ബുദ്ധിപൂര്‍വ്വം പെരുമാറിയാലും അവര്‍ കുട്ടികളാണ്.


കുട്ടിയുടെ കണ്ണാടി
കുട്ടികളുടെ എല്ലാ ശീലങ്ങളും അവര്‍ കണ്ട് പഠിക്കുന്നതാണ്.അവരുടെ ബന്ധങ്ങളാണിതിനു പിന്നില്‍.
കുട്ടികള്‍ക്ക് നല്ലബന്ധങ്ങളുണ്ടാകാന്‍ രക്ഷകര്‍ത്താക്കള്‍ ശീലിക്കേണ്ട പഞ്ചശീലങ്ങളിതാ
നമ്മള്‍ ഉദ്ദേശിക്കുന്നതിലേറെ, കുട്ടികള്‍ നമ്മില്‍ നിന്നും പഠിക്കുന്നുണ്ട്. കാരണം പിരീക്ഷണത്തിലൂടെയാണ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പഠിക്കുന്നതും സ്വാംശീകരിക്കുന്നതും. നിങ്ങളും പങ്കാളിയും പരസ്പരം ഇടപെടുന്നതും നിങ്ങള്‍ മറ്റുള്ളവരോട് ഇടപെടുന്നതും കുട്ടികള്‍ കൃത്യമായി നിരീക്ഷിക്കുകയും ഇതെല്ലാം അവരുടെ ഭാവി ബന്ധങ്ങളെ സ്വാധീനിക്കുകയും ചെയ്യും. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോ. വീണ നായര്‍ പറയുന്നു: “ചുറ്റുമുള്ള ബന്ധങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ കുട്ടികള്‍ സ്വയം മനസ്സിലാക്കാന്‍ പഠിക്കുന്നു; ഒപ്പം മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും. അതിനാല്‍ കുഞ്ഞുങ്ങളിലുണ്ടാകുന്ന മോശം സ്വാധീനങ്ങള്‍ പിന്നീടൊരിക്കലും മാറ്റുക സാധ്യമല്ല”. കുട്ടികള്‍ക്ക് നല്ല മാതൃകയാവാന്‍ ഇതാ ചില കുറുക്കു വഴികള്‍
1. പരസ്പരം കുറ്റപ്പെടുത്താതിരിക്കുക
കുട്ടികളുടെ മുന്നില്‍ വച്ച് പരസ്പരം വഴക്കിടാതിരിക്കുകയും കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക. നല്ല വ്യക്തിബന്ധത്തിന് മാതൃകയാവാനുള്ള ആദ്യപടി ഇതാണ്. “അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഇരുവരും മാത്രമായിരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യുക. വീട്ടിലെ പൊതുകാര്യങ്ങളെക്കുറിച്ച് അച്ഛനും അമ്മയും തമ്മില്‍ ധാരണയുണ്ടായിരിക്കണം. ഒരാളുടെ തീരുമാനത്തെ മറ്റേയാള്‍ എതിര്‍ക്കരുത്” – ഡോ. വീണ പറയുന്നു. “മുറിപ്പെടുത്താതെ എങ്ങനെ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാമെന്നും മാതാപിതാക്കളില്‍ നിന്ന് മക്കള്‍ പഠിക്കണം”. നിങ്ങള്‍ക്കും പങ്കാളിക്കും എല്ലാക്കാര്യത്തിലും 100% പരസ്പരം യോജിക്കാനാവില്ല. ഇത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ നിങ്ങള്‍ അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കുട്ടികളെ വലിയൊരളവില്‍ സ്വാധീനിക്കുമെന്ന് മറക്കാതിരിക്കുക.
2. ഒറ്റക്കെട്ടാണെന്ന് ഉറപ്പു വരുത്തുക
കുട്ടികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ത്, ചെയ്യേണ്ടാത്തതെന്ത് എന്ന് വ്യക്തമായ ധാരണ വേണം. കുട്ടികള്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് ഈ കാര്യത്തില്‍ ഭേദഗതിയാകാം. എന്നാലും ചില കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ വച്ച് പറയാനേ പാടില്ല. കുട്ടികള്‍ കേട്ടാല്‍ കുഴപ്പമില്ലാത്ത കാര്യങ്ങളെന്തെന്ന് ദമ്പതികള്‍ക്ക് കൃത്യമായി ധാരണയുണ്ടായിരിക്കണം. അതില്‍ സ്ഥിരതയോടെ ഉറച്ചുനില്ക്കുകയും വേണം. “കുടുംബം എല്ലാവര്‍ക്കും പ്രാധാന്യവും ഭാഗഭാഗിത്വവും കൊടുക്കുന്ന ഒരു വ്യവസ്ഥയാണെങ്കിലും ഇതൊരു ജനാധിപത്യ സംവിധാനമല്ല. തങ്ങള്‍ മാതാപിതാക്കളാണെന്നും കുട്ടികളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ദമ്പതികള്‍ മറക്കരുത്”, ഡോ. വീണ പറയുന്നു.
3. നല്ല ബന്ധം നിലനിര്‍ത്തുക
മാതാപിതാക്കള്‍ പരസ്പരം ഇടപെടുന്നതെങ്ങനെയെന്ന് മാത്രമല്ല കുട്ടികള്‍ നിരീക്ഷിക്കുക; മറ്റു ബന്ധുമിത്രാദികളോടും നിങ്ങളുടെ മാതാപിതാക്കളോടും നിങ്ങള്‍ പെരുമാറുന്നതെങ്ങനെയെന്നു കൂടി അവര്‍ ശ്രദ്ധിക്കും. കൂടുതല്‍ ആളുകള്‍ സ്നേഹിക്കാനും പിന്തുണയ്ക്കാനും ഉള്ളപ്പോള്‍ കുട്ടികള്‍ കൂടുതല്‍ നന്നായിവളരും”, ഡോ. വീണ പറയുന്നു.
അടുത്ത കുടുംബാംഗങ്ങള്‍ തന്നെ പലപ്പോഴും അകലങ്ങളിലായിരിക്കും കഴിയുന്നത്. ഇന്റര്‍നെറ്റ്, സ്കൈപ്പ് മുതലായ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് അകലെ ഉള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുന്നത് കുട്ടികള്‍ മാതൃകയാക്കും. കുടുംബാംഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പരിശ്രമിക്കുക; അത് പരിപോഷിപ്പിക്കാനും.
4. കുട്ടികള്‍ക്കുവേണ്ടി വിട്ടു വീഴ്ച ചെയ്യുക
ദമ്പതികള്‍ ഒരേ ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവരാകണമെന്നില്ല. എന്നാല്‍ കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യണം. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹമോചനത്തിലേയ്ക്ക് വളരാന്‍ അനുവദിക്കരുത്. ഇനി അഥവാ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍പോലും പങ്കാളിയെ കുറ്റപ്പെടുത്തി മക്കളോട് സംസാരിക്കരുത്. മക്കളില്‍ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ, അല്ലാതെ വിട്ടുപോയ പങ്കാളിയിലാകരുത്.
5. നല്ല മാതൃകകള്‍
മറ്റുള്ളവരോട് ഇടപെടുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്കുന്ന മാതൃക നല്ലതായിരിക്കണം. കുട്ടികള്‍ നിങ്ങളെ നിരീക്ഷിക്കുന്നുവെന്ന് ഓര്‍ക്കണം. നിങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ താത്ര്യം കാണിക്കുകയും കുട്ടികളോട് അവ ചര്‍ച്ച ചെയ്യുകയും വേണം. കുട്ടികളുടെ പഠന, പഠനേതര പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും താത്പര്യമുണ്ടായിരിക്കണം. വീട്ടിലേതല്ലാത്ത ചില ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ കുട്ടികളെ സഹായിക്കണം. കുട്ടികള്‍, അവരെ മോശമായി സ്വാധീനിക്കുന്നതിലൊന്നിലും ചെന്നുപെടാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് മാതാപിതാക്കളാണ്. ടി. വി. യും വീഡിയോയും, സിനിമയുമൊക്കെ വഴി പുറം ലോകം കുട്ടികളിലേക്ക് അതിക്രമിച്ചു കയറും. എന്നാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. കുട്ടികള്‍ സമയം ചില വഴിക്കുന്നതെങ്ങനെയെന്ന് കൃത്യമായി നിരീക്ഷിക്കുക.
“ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ: വിട്ടുവീഴ്ചകള്‍ ചെയ്യാനും പരസ്പരം ബഹുമാനിക്കാനും എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് മാന്യമായി പെരുമാറാനും പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും കുഞ്ഞുങ്ങള്‍ നിങ്ങളില്‍ നിന്ന് പഠിക്കും” ഡോ. വീണ നിസംശയം പറയുന്നു. “ആരും പരിപൂര്‍ണ്ണരല്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം എപ്പോഴും പൂര്‍ണ്ണമായി പാലിക്കാന്‍ പറ്റിയെന്നും വരില്ല. എന്നാല്‍ എത്രയധികം പരിശ്രമിക്കുന്നുവോ, അത്രയധികം എളുപ്പമായി ഇത് മാറും; അങ്ങനെ നിങ്ങളുടെ കുട്ടികളുടെ ജീവിതവും മെച്ചപ്പെടും”.

No comments:

Post a Comment