Saturday, August 29, 2020

HAPPY ONAM - ഓണം, അറിഞ്ഞതും അറിയാത്തതുമായ ഐതിഹ്യങ്ങള്‍


മലയാളികളുടെ ദേശീയോത്സവമാണ് ഓണം‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഈ ഓണം ആഘോഷത്തേക്കാളേറെ പ്രത്യാശയുടേതാണ്
ഓണം, അറിഞ്ഞതും അറിയാത്തതുമായ        ഐതിഹ്യങ്ങള്‍
         ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതന്‍റെയും, പാമരന്‍റെയും കുചേലന്‍റെയും കുബേരന്‍റെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഓണത്തപ്പന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃക്കാക്കര. ആദ്യമായി ഓണാഘോഷം നടത്തിയത് തൃക്കാക്കരയിലാണെന്നാണ് ഐതിഹ്യം. എന്നാല്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളില്‍ വ്യക്തമാക്കുന്നുണ്ട്.   

കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.മഹാബലിയുമായി ബന്ധപ്പെട്ട കഥയ്ക്ക്‌ തന്നെയാണ് ഓണത്തിന്‍റെ ഐതിഹ്യങ്ങളില്‍ പ്രഥമസ്ഥാനം. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഒന്നും തന്നെയില്ലതാനും. മഹാബലി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായിരുന്നു തൃക്കാക്കരയെന്നും ഐതിഹ്യങ്ങളില്‍ പറയപ്പെടുന്നു. മഹാബലിയുടെ ഭരണത്തില്‍ ദേവന്മാര്‍ അസൂയാലുക്കളായെന്നും അവര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതനുസരിച്ച് ദേവദേവന്‍ വാമനനായി രൂപമെടുത്ത്‌ മഹാബലിയെ പാതാളത്തിലെക്ക് ചവിട്ടി താഴ്ത്തിയെന്നുമാണ് ഐതിഹ്യം.

എന്നാല്‍ ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. അതേസമയം, മഹാബലിയുടെ ദുരഭിമാനം തീർക്കാന്‍ വേണ്ടിയാണ് വാമനൻ അവതാരമെടുത്തതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഐതിഹ്യത്തിനു അത്ര പ്രചാരമില്ല.

അതുപോലെതന്നെ പരശുരാമന്‍റെ സന്ദര്‍ശനമാണ് ഓണമെന്നും മലബാറിലെ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം എന്നും മഹാബലിപ്പെരുമാളിന്‍റെ കല്‍പ്പനയെ തുടര്‍ന്നുണ്ടായതാണ് ഓണമെന്നുള്ള  മറ്റു ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതുപോലെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നെന്നാണ് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നത്. അന്നത്തെ കേരളത്തില്‍ ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്നു.ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്നാണ് അവര്‍ സമര്‍ത്ഥിക്കുന്നത്.

തിരുവോണദിവസം വിരുന്നെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനായാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമിടുക. ചിങ്ങത്തിലെ അത്തംനാള്‍ മുതലാ‍ണ് പൂക്കളം ഇടുന്നത്. അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂയെന്നാണ് പറയുന്നത്. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുകയാണ് ചെയ്യുക. ചോതിനാള്‍ മുതലാണ് ചെമ്പരത്തിപ്പൂവ് ഇടുക. ഉത്രാടനാളിലായിരിക്കും പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുക‌. മൂലം നാളില്‍ ചതുരാക്രിതിയിലായിരിക്കണം പൂക്കളം ഒരുക്കേണ്ടത്.

ഓണത്തിന്റെ പ്രധാനാകര്‍ഷണമാണ് ഓണസദ്യ‌. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌. ഇടത്തരം പപ്പടം ആയിരിക്കും ഉണ്ടാകുക. ചേന, പയര്‍‌, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. നാക്കിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്‌. സദ്യയ്ക്ക് പച്ചമോര്‌ നിര്‍ബന്ധമാണ്. ആവശ്യമാണെങ്കില്‍ രസവും ഉണ്ടാക്കാറുണ്ട്.

അത്തച്ചമയം, ഓണത്തെയ്യം, വേലന്‍ തുള്ളല്‍, ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍), ഓണവില്ല് എന്നിവയാണ് പ്രാദേശികമായി നടത്താറുള്ള ഓണാഘോഷങ്ങള്‍. ആട്ടക്കളം കുത്തല്‍, കൈകൊട്ടിക്കളി, പുലിക്കളി, ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)‌, ഓണത്തല്ല്‌, ഓണംകളി, ഓച്ചിറക്കളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വെയ്ക്കല്‍, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ട്കുത്ത് തുടങ്ങിയ കളികളും ഓണവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്.

ഓണം, അറിഞ്ഞതും അറിയാത്തതുമായ ഐതിഹ്യങ്ങള്‍

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മലയാളികൾക്ക് സുപരിചിതമായതും വ്യാപകമായി അംഗീകൃതമാക്കപ്പെട്ടിട്ടുള്ളതുമായ ഐതിഹ്യം മഹാബലിയുടെത് തന്നെ. എന്നാൽ പരശുരാമൻ, ശ്രീബുദ്ധൻ, ചേരമാൻ പെരുമാൾ, സമുദ്രഗുപതൻ-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചുപോകാം.

ഓണവും മഹാബലിയും
അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.

ഓണാഘോഷത്തിന്റെ ആരംഭത്തെക്കുറിച്ച് പ്രചരിക്കുന്ന ഐതിഹ്യം ഇതാണ്. വാമനരൂപം പൂണ്ട മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് മഹാബലി വാഗ്ദാനം ചെയ്തപ്പോൾ വാമനം വിശ്വരൂപം കൊള്ളുകയും രണ്ടുപാദങ്ങൾകൊണ്ട് മൂന്നു ലോകവും അളന്നെടുത്ത വാമനൻ മൂന്നാമത്തെ അടി മണ്ണിനായി കാലെവിടെ വയക്കുമെന്ന് മഹാബലിയോട് ചോദിച്ചു. മറ്റു മാർഗങ്ങളൊന്നും കാണാതെ ധർമ്മിഷ്ടനായ മഹാബലി മൂന്നാമത്തെയടി വയ്ക്കുവാനായി തന്റെ ശിരസ് കുനിച്ചു കൊടുത്തു. പ്രജാ ക്ഷേമതൽപരനായ മഹാബലി വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനായി രാജ്യസന്ദർശനത്തിനുള്ള അനുമതി ചോദിച്ചു. മഹാബലിയുടെ അപേക്ഷ വാമനൻ ഇത് അംഗീകരിക്കുകയായിരുന്നു. മഹാബലിയുടെ വാർഷിക സന്ദർശനദിനമാണ് തിരുവോണമെന്നാണ് ഐതിഹ്യം മാത്രമല്ല ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും പലകോണിൽ നിന്നും ഉയർന്നുവരുന്നുണ്ട്. അങ്ങനെ കരുതുന്നവരും കുറവല്ല. ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തൃക്കാക്കര ക്ഷേത്രവുമായി ബന്ധിച്ചാണ് ഈ വിശ്വാസവും നിലനിൽക്കുന്നത്. മലയാളിയുടെ ഓണ സങ്കൽപ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണാണ് തൃക്കാക്കരയിലേത്. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അർത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാൽക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്. മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു. വൈഷ്ണവർ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളിൽ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം. വാമനൻ അവതിച്ച ദിനമാണ് തിരുവോണമെന്നും അതിനാൽ ഓണം വാമനജയന്തിയാണെന്നുമാണ് ഐതിഹ്യത്തിന്റെ പ്രചാരകർ പറയുന്നത്.

ഓണവും പരശുരാമനും
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. അതേസമയം ഈ വാദത്തെ ആരും അഗീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഐതിഹ്യത്തിലെ ശ്രീബുദ്ധൻ
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്. 'ഓണം, തിരുവോണം' എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു.

ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിരുന്നുവെന്ന വാദങ്ങളും ചരിത്രകാരൻമാർ ഉയർത്തിയിരുന്നു. ഇതിന്റെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും മറ്റുമെന്നും അവർ പറയുന്നു. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.

ഓണത്തിലെ ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ പറയുന്നു. എന്നാൽ ചേരമാൻ പെരുമാളിന്റെ കാലത്ത് ഇസ്ലാം മതം രൂപം കൊണ്ടിട്ടില്ല എന്നത് ഈ അനുമാനത്തെ ഖണ്ഡിക്കുന്നു. എന്നാൽ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.

ഓണത്തിലെ സമുദ്രഗുപ്തൻ
ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ.

2 comments: